Quantcast

ഇന്റർമിയാമിയെ ക്ലബ് ലോകകപ്പിൽ കളിപ്പിക്കുന്നത് അനധികൃതമോ?; വിവാദം

MediaOne Logo

Sports Desk

  • Published:

    22 Oct 2024 10:31 AM GMT

messi inter miami
X

ഫിഫയുടെ ഏറെക്കാലമായുള്ള ഒരു ആഗ്രഹത്തിന്റെ പേരാണ് ക്ലബ് ലോകകപ്പ്. ക്ലബ് ഫുട്ബോളിലെ അവസാന വാക്കായി സ്വയം മാറാനും പണം വാരാനുമുള്ള ഉത്തമ മാർഗമായി ഫിഫ അതിനെ കാണുന്നു. 2000മുതൽ തന്നെ ക്ലബ് ലോകകപ്പുകൾ നടന്നുവരുന്നുണ്ട്. പക്ഷേ ഏതാനും ടീമുകൾ മാത്രം പങ്കെടുക്കുന്ന, കാര്യമായ ആരവമൊന്നുമില്ലാത്ത ചെറിയ ടൂർണമെന്റ് മാത്രമായിരുന്നു അത്.

അതിനെ വിപുലീകരിക്കണമെന്നത് ഫിഫയുടെ ദീർഘകാല ആവശ്യമാണ്. 2019ലും 2021ലും കൂടുതൽ ടീമുകളുമായി ടൂർണമെന്റ് ഒരുക്കാൻ ഫിഫക്ക് പദ്ധതിയുണ്ടായിരുന്നു. എന്നാൽ ടീമുകളുടെ നിസഹകരണവും കോവിഡും കാരണം അത് നീണ്ട് പോയി.

2022 ഡിസംബർ 16നാണ് 32 ടീമുകളുമായി 2025 ജൂൺ മുതൽ ക്ലബ് ലോകകപ്പ് ആരംഭിക്കുമെന്ന് ഫിഫ പ്രഖ്യാപിച്ചത്. ഫുട്ബോൾ ലോകകപ്പ് പോലെ നാലു ടീമുകൾ എട്ടുഗ്രൂപ്പുകളായി തിരിഞ്ഞാണ് ഫിഫ ഫോർമാറ്റ് പ്രഖ്യാപിച്ചത്. ഓൾറെഡി ഒരു പ്രഷർകുക്കറിനകത്ത് പെട്ടത് പോലെയായ താരങ്ങൾക്ക് ക്ലബ് ലോകകപ്പ് കൂടി താങ്ങാനാകില്ല എന്ന വാദവുമുയർന്നു. എന്നാൽ യൂറോപ്പിന് പുറത്തുള്ള ക്ലബുകൾക്ക് അവരെ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാനുള്ള ഒരു മികച്ച അവസരമായാണ് പലരും ടൂർണമെന്റിനെ കണ്ടത്.

ക്ലബ് ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകളെ വൻകരാടിസ്ഥാനത്തിൽ ഫിഫ പ്രഖ്യാപിച്ചിട്ടുണ്ട്. വൻകരകളിലെ ചാമ്പ്യൻമാരെയും FIFA's coefficient rankingൽ മുന്നിലുള്ളവരെയുമാണ് യോഗ്യതക്കായി പരിഗണിക്കുക. യുവേഫയിൽ നിന്നും തന്നെയാണ് കൂടുതൽ ടീമുകളുള്ളത്. യൂറോപ്പിലെ വിവിധ ലീഗുകളിൽ നിന്നായി 12 ടീമുകൾ കളത്തിലിറങ്ങും.

ആറ് ടീമുകളുള്ള കോൻമെബോലാണ് രണ്ടാമത്. എഫ്.എഫ്.സി, സി.എ.എഫ്, കോൺകകാഫ് എന്നീ മേഖലകളിൽ നിന്നും നാല് ടീമുകൾ വീതവും പങ്കെടുക്കും. ഓഷ്യാനിയയിൽ നിന്നുള്ള ഒഎഫ്സിയിൽ നിന്നും 1 ടീമും പങ്കെടുക്കും. ഒരു സ്ളോട്ട് കൂടി ബാക്കിയുണ്ട്. അത് ക്ലബ് ലോകകപ്പിന് ആതിഥ്യമരുളുന്ന അമേരിക്കക്കായി നീക്കിവെച്ചതാണ്. ആ സ്ളോട്ടാണ് സപ്പോർട്ടേഴ്സ് ഷീൽഡ് വിജയത്തിന് പിന്നാലെ ഇന്റർമിയാമിക്ക് കൊടുത്തത്. അഥവാ സാക്ഷാൽ ലയണൽ മെസ്സിയും ക്ലബ് ലോകകപ്പിനുണ്ടാകും.

ഈ സ്ളോട്ട് ഇന്റർമിയാമിക്ക് കൊടുത്ത കാര്യത്തിൽ രണ്ട് അഭിപ്രായങ്ങളുണ്ട്. ഇന്റർമിയാമിയെയും ലയണൽ മെസ്സിയെയും പിന്തുണക്കുന്നവർ പറയുന്ന വാദം ഇങ്ങനെ- 34 മത്സരങ്ങൾ പൂർത്തിയായപ്പോൾ 74 പോയന്റെന്ന റെക്കോർഡ് നേട്ടത്തോടെയാണ് ഇന്റർമിയാമി ഷീൽഡ് കപ്പ് വിജയം നേടിയത്. അതുകൊണ്ടുതന്നെ ഈ സ്ഥാനം തീർത്തും അർഹമാണ്.

എന്നാൽ ഇതിന് മറുവാദങ്ങളുമുണ്ട്. അവർ ഉന്നയിക്കുന്ന പ്രധാന വാദം ലയണൽ മെസ്സിയെന്ന ബ്രാൻഡിന് വേണ്ടി ഫിഫ തിരക്കിട്ട നീക്കം നടത്തി എന്നതാണ്. ഈ വാദത്തിലും കാര്യമുണ്ട്.

ഈസ്റ്റേൺ കാൺഫറൻസ്, വെസ്റ്റേൺ കോൺഫറൻസ് എന്നീ രണ്ട് ഗ്രൂപ്പുകളായാണ് മേജർ സോക്കർ ലീഗ് നടത്തുന്നത്. ഈ ലീഗ് മത്സരങ്ങൾക്ക് ശേഷം കൂടുതൽ പോയന്റുള് ടീമിനാണ് സപ്പോർട്ടേഴ്സ് ഷീൽഡ് നൽകുന്നത്. ഇതിന് ശേഷം േപ്ല ഓഫ് മത്സരങ്ങൾ കൂടി സംഘടിപ്പിക്കും. ഇതിലെ വിജയിയെയാണ് മേജർ സോക്കർ ലീഗ് ജേതാക്കളായി പ്രഖ്യാപിക്കുക. അതുകൊണ്ടുതന്നെ ഈ വിജയിയെ പരിഗണിക്കുന്നതിന് പകരം ഇന്റർമിയാമിയെ ഫിഫ തിരക്കിട്ട് തെരഞ്ഞെടുത്തു എന്നാണ് ആരോപണം. ലളിതമായി പറഞ്ഞാൽ നമ്മുടെ ഐ.എസ്.എലിലെ പോയ വർഷത്തെ ജേതാക്കൾ Mumbai City FCയാണ്. അതേ സമയം ലീഗിലെ ടേബിളിൽ മോഹൻ ബഗാനായിരുന്നു ഒന്നാമത്. േപ്ല ഓഫ് മത്സരങ്ങൾ മുന്നോടിയായി മോഹൻ ബഗാനെ തെരഞ്ഞെടുക്കുന്നീ എന്ന് പ്രഖ്യാപിച്ചാൽ എങ്ങനെയുണ്ടാകും..ഏറെക്കുറെ സമാനമാണ് ഈ കാര്യങ്ങൾ.

കൂടാതെ ഇൻർമിയാമിയെ തെരഞ്ഞെടുത്തത് ഫിഫ പ്രസിഡന്റ് തന്നെ നേരിട്ട് പ്രഖ്യാപിച്ചതും അദ്ദേഹത്തിന്റെ ചില പ്രസ്താവനകളും വിവാദമുണ്ടാക്കിയിട്ടുണ്ട്. മിയാമിയെ അമേരിക്കയിലെ മികച്ച ക്ലബെന്ന് വിളിച്ചതിലും ലോകത്തെ മികച്ച ക്ലബുകളിൽ ഒന്നാണെന്ന് പറഞ്ഞതുമെല്ലാം വിവാദങ്ങൾ കടുപ്പിച്ചു.

മെസ്സിയെപ്പോലൊരു ബ്രാൻഡുണ്ടെങ്കിൽ ടൂർണമെന്റ് തീർച്ചയായും വലിയ പ്രേക്ഷകരെ നേടുമെന്നും വലിയ സ്പോൺസർഷിപ്പ് ലഭിക്കുമെന്നും ഫിഫക്കറിയാം. ഒരുപാട് കാലം പോരടിച്ച റയൽ മാഡ്രിഡുമായും തന്റെ മുൻ തട്ടകമായ ബാഴ്സലോണയുമായും മെസ്സി പോരടിക്കുമ്പോൾ തീർച്ചയായും അത് ഫുട്ബോൾ പ്രേമികളെ സ്വാധീനിക്കും.

അപ്പോൾ ഫുട്ബോളിലെ മറ്റൊരു ബ്രാൻഡായ ക്രിസ്റ്റ്യനോ റൊണാൾഡോ ക്ലബ് ലോകകപ്പിൽ ഉണ്ടാകുമോ?. ആ ചാദ്യത്തിനും പ്രസക്തിയുണ്ട്. ക്ലബ് ലോകകപ്പിന്റെ പരിഷ്കരിച്ച പതിപ്പിലെ 32 ടീമുകളിൽ ഒരു ടീമിനുള്ള സ്ഥാനം കൂടി ബാക്കിയുണ്ട്. അത് പക്ഷേ CONMEBOL Libertadores ചാമ്പ്യന്മാർക്കുള്ള സ്ഥാനമാണ്. ക്ലബ് ലോകകപ്പിൽ അൽ നസ്‍ർ ക്വാളിഫൈ ചെയ്തിട്ടില്ലാത്തതിനാൽ തന്നെ റൊണാൾഡോ കളിക്കില്ല. പക്ഷേ ഒരു സാധ്യതയുണ്ട്. അൽ നസ്റിലെ റൊണാൾഡോയുടെ കോൺട്രാക്ട് ഈ സീസണവസാനം കഴിയും. ക്ലബ് ലോകകപ്പിൽ കളിക്കുന്ന ടീമുകളിലൊന്നുമായി കരാറൊപ്പിടുകയാണെങ്കിൽ റൊണാൾഡോക്കും കളിക്കാം. ഇനി അൽ നസ്‍ർ കരാർ പുതുക്കുകയാണെങ്കിൽ പോലും ഫിഫയുടെ അനുമതിയോടെ പങ്കെടുക്കുന്ന ക്ലബുകളുമായി ഷോർട്ട് ടേം കരാറിന് റൊണാൾഡോക്ക് കഴിയും. പക്ഷേ നിലവിൽ അത്തരം വാർത്തകൾ ഒന്നും അന്തരീക്ഷത്തിലില്ല.

TAGS :

Next Story