ഐ.എസ്.എല്‍ ഒമ്പതാം സീസണിന് ഇന്ന് കിക്കോഫ്: കേരള ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും നേര്‍ക്കുനേര്‍
അഞ്ച് മാസക്കാലം നീണ്ടു നിൽക്കുന്ന ടൂർണമെന്‍റില്‍ 11 ടീമുകളാണ് മാറ്റുരയ്ക്കുന്നത്
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ഒമ്പതാം സീസണിന് ഇന്ന് കിക്കോഫ്. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ കേരള ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും തമ്മിലാണ് ആദ്യ മത്സരം. കോവിഡിന് ശേഷം ആരാധകർ ഗാലറികളിലേക്ക് മടങ്ങിയെത്തുമ്പോള്‍ വിജയം മാത്രം ലക്ഷ്യമിട്ടാണ് ഇരു ടീമുകളും എത്തുന്നത്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഗാലറികള്‍ സജീവമാകും എന്നതാണ് ഒമ്പതാം സീസണിന്‍റെ പ്രത്യേകത. അഞ്ച് മാസക്കാലം നീണ്ടു നിൽക്കുന്ന ടൂർണമെന്‍റില്‍ 11 ടീമുകളാണ് മാറ്റുരയ്ക്കുന്നത്.
ഹോം-എവേ ഫോർമാറ്റിൽ 11 വേദികളിലായിട്ടാണ് മത്സരങ്ങൾ. അടുത്ത വർഷം മാർച്ചിലാണ് ടൂർണമെന്‍റിന്‍റെ നോക്ക് ഔട്ട് പോരാട്ടങ്ങൾ.കൊച്ചിയിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് എസ്.സി ഈസ്റ്റ് ബംഗാളാണ് എതിരാളികൾ. വിജയത്തോടെ ടൂർണമെന്‍റ് ആരംഭിക്കുകയാണ് ഇരു ടീമുകളുടെയും ലക്ഷ്യം. കഴിഞ്ഞ വർഷം കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടമായ കിരീടം ഈ വർഷം സ്വന്തമാക്കാൻ ഉറച്ചാണ് ബ്ലാസ്റ്റേഴ്സ് എത്തുന്നത്. പുതിയ പരിശീലകനു കീഴിൽ അടിമുടി മാറ്റങ്ങളുമായിട്ടാണ് ഇസ്റ്റ് ബംഗാളിന്റെ വരവ്. കന്നി കിരീടം ലക്ഷ്യം വയ്ക്കുന്ന ടീം പൂർണ ആത്മവിശ്വാസത്തിലാണ്.
ഒരു ഇടവേളയ്ക്ക് ശേഷം ഐ.എസ്.എൽ കൊച്ചിയിലേക്ക് എത്തുമ്പോൾ ആരാധകരും ആവേശത്തിലാണ്. കൊച്ചിയിലെ ഗാലറികൾ ഇന്ന് മഞ്ഞ കടലാകും. വർണശബളമായ ഉദ്ഘാടന ചടങ്ങുകളാണ് ഒരുക്കിയിരിക്കുന്നത്. 6 മണിക്ക് ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കും. 7.20ന് ആയിരിക്കും കിക്കോഫ്.
Adjust Story Font
16