Quantcast

വീണ്ടും ഹാട്രിക്ക്; ലാ ലിഗ ചരിത്രത്തിലെ നാലാം ഉയർന്ന ഗോൾവേട്ടക്കാരനായി ബെൻസേമ

അൽമേരിയക്കെതിരെയുള്ള വിജയത്തോടെ റയൽ മാഡ്രിഡിനായി ഏറ്റവും കൂടുതൽ വിജയം കണ്ട താരമായും ബെൻസേമ മാറി

MediaOne Logo

Sports Desk

  • Published:

    30 April 2023 8:19 AM GMT

Karim Benzema became the fourth highest goalscorer in La Liga history
X

Karim Benzema 

അൽമേരിയക്കെതിരെ നടന്ന കഴിഞ്ഞ കളിയിലും ഹാട്രിക്ക് നേടിയതോടെ ലാ ലിഗ ചരിത്രത്തിലെ നാലാം ഉയർന്ന ഗോൾവേട്ടക്കാരനായി റയൽ മാഡ്രിഡ് താരം കരീം ബെൻസേമ. സ്പാനിഷ് ലീഗിൽ 234 ഗോളുകൾ നേടിയ ഹ്യൂഗോ സാഞ്ചസിന്റെ റെക്കോർഡാണ് താരം മറികടന്നത്. അൽമേരിയക്കെതിരെ ബെൻസേമ അഞ്ച്, 17, 42 (പെനാൽറ്റി) എന്നീ മിനിട്ടുകളിലാണ് ഗോൾവല കുലുക്കിയത്. ഇതോടെ 236 ഗോളുകളാണ് താരം സ്വന്തം പേരിലാക്കിയത്. ലയണൽ മെസി (474), ക്രിസ്റ്റ്യാനോ റൊണാൾഡോ (312), സർറ (251) എന്നീ താരങ്ങളാണ് ബെൻസേമയുടെ മുമ്പിലുള്ളത്.

14 സീസണുകളിലായി ക്ലബിന് വേണ്ടി 352 ഗോളുകളാണ് ബെൻസേമ അടിച്ചുകൂട്ടിയിട്ടുള്ളത്. റയൽ മാഡ്രിഡ് താരമായി 642 മത്സരങ്ങളാണ് നിലവിലെ നായകൻ കളിച്ചിട്ടുള്ളത്. റയൽ മാഡ്രിഡിനായി റൊണാൾഡോ നേടിയ 451 ഗോളുകളാണ് താരത്തിന് മുമ്പിലുള്ളത്.

ലാ ലിഗയിൽ ബെൻസേമ 236 ഗോളുകൾ നേടിയപ്പോൾ ചാമ്പ്യൻസ് ലീഗിൽ 78 ഗോളുകളാണ് അടിച്ചത്. കോപ്പ ഡെൽ റേയിൽ 25, സ്പാനിഷ് സൂപ്പർ കപ്പിൽ ഏഴ്, യൂറോപ്യൻ സൂപ്പർ കപ്പിൽ രണ്ട് എന്നിങ്ങനെയും ഫ്രഞ്ച് താരം ഗോളുകൾ നേടി. 2021-22 സീസണിൽ മികച്ച പ്രകടനം നടത്തിയ ബെൻസേമ ലാ ലിഗയിലും ചാമ്പ്യൻസ് ലീഗിലും ഏറ്റവും വലിയ ഗോൾവേട്ടക്കാരനായിരുന്നു. 2022 ബാലൻ ദ്യോർ പുരസ്‌കാരവും താരത്തിനായിരുന്നു.

അൽമേരിയക്കെതിരെയുള്ള വിജയത്തോടെ റയൽ മാഡ്രിഡിനായി ഏറ്റവും കൂടുതൽ വിജയം കണ്ട താരമായും ബെൻസേമ മാറി. 438 മത്സരങ്ങളിലാണ് അദ്ദേഹം ടീമിന്റെ വിജയത്തിന്റെ ഭാഗമായത്. 437 മത്സര വിജയങ്ങളിൽ പങ്കാളിയായ റാമോസിനെയാണ് ബെൻസേമ മറികടന്നത്.

നിലവിലെ ലാ ലിഗയിൽ ഗോൾവേട്ടക്കാരനുള്ള ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടത്തിലും ബെൻസേമയുണ്ട്. 17 ഗോളുകളാണ് 35കാരനായ താരത്തിന്റെ പേരിലുള്ളത്. 19 ഗോൾ നേടിയ ബാഴ്‌സലോണയുടെ റോബർട്ട് ലെവൻഡോവ്‌സ്‌കിയാണ് പട്ടികയിൽ ഒന്നാമത്.

Karim Benzema became the fourth highest goalscorer in La Liga history

TAGS :

Next Story