നായകൻ ലൂണ ബ്ലാസ്‌റ്റേഴ്‌സിനൊപ്പം തുടരും; മൂന്ന് വർഷത്തേക്ക് കരാർ പുതുക്കി
2021 മുതൽ ടീമിനൊപ്പമുള്ള ഉറുഗ്വൻ മധ്യനിര താരം ടീമിന്റെ വിജയങ്ങളിൽ നിർണായക പങ്കാണ് വഹിച്ചത്.
കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ മൂന്ന് വർഷത്തേക്ക് കൂടി കരാർ പുതുക്കി. 2027 വരെയാണ് ക്ലബ്ബുമായുള്ള കരാർ നീട്ടിയത്. ക്ലബ് ഔദ്യോഗിക വാർത്താകുറിപ്പിലൂടെയാണ് അറിയിച്ചത്. ക്ലബിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച വിദേശ താരമാണ്. 2021 മുതൽ ടീമിനൊപ്പമുള്ള ഉറുഗ്വൻ മധ്യനിര താരം ടീമിന്റെ വിജയങ്ങളിൽ നിർണായക പങ്കാണ് വഹിച്ചത്. കഴിഞ്ഞ സീസൺ അവസാനം താരത്തിന് പരിക്കേറ്റത് മഞ്ഞപ്പടയുടെ പ്രകടനത്തെ ബാധിച്ചിരുന്നു. പരിക്ക്മാറി മടങ്ങിയെത്തിയെങ്കിലും പ്ലേഓഫിൽ ഒഡീഷക്ക് മുന്നിൽ മഞ്ഞപ്പടക്ക് കാലിടറി. വരും സീസണിൽ 32 കാരൻ ടീമിനൊപ്പമുണ്ടാകുമോയെന്ന ആശങ്ക നിലനിന്നിരുന്നു. ഇതെല്ലാം ഒഴിവാക്കിയാണ് ദീർഘകരാറിന് ബ്ലാസ്‌റ്റേഴ്‌സ് തയാറായത്.
പരിക്ക് മൂലം 2023-24 സീസൺ ഇന്ത്യൻ സൂപ്പർ ലീഗിൽ 12 കളികൾ മാത്രമാണ് ലൂണോ കളിച്ചത്. നാല് ഗോളുകളും അഞ്ച് അസിസ്റ്റുകളും നേടിയിരുന്നു. കഴിഞ്ഞ മൂന്ന് സീസണുകളിലുമായി മൊത്തം 57 മത്സരങ്ങളാണ് ലൂണ് കേരള ബ്ലാസ്റ്റേഴ്‌സിനായി കളിച്ചത്. ഇതിൽ 15 ഗോളുകളും 18 അസിസ്റ്റുകളും നേടാൻ അദ്ദേഹത്തിനായി.
ലൂണയുടെ കരാർ നീട്ടിയതിലൂടെ വരും സീസണിൽ വലിയ പ്രതീക്ഷയിലാണ് ആരാധകരും. മികച്ച ടീം കെട്ടിപ്പടുത്ത് കിരീടസ്വപ്‌നം യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷയും സമൂഹമാധ്യമങ്ങളിൽ ആരാധകർ പങ്കുവെക്കുന്നു.
Adjust Story Font
16