Quantcast

ജയിച്ചും തോറ്റും കേരളം; മണിപ്പൂരിനെ തകർത്ത് സന്തോഷ് ട്രോഫി ഫൈനലിൽ, ബ്ലാസ്റ്റേഴ്‌സിന് തോൽവി

കേരളത്തിനായി പകരക്കാരനായി ഇറങ്ങിയ മുഹമ്മദ് റോഷൽ ഹാട്രിക് കുറിച്ചു. 73,88,90+4 മിനിറ്റിുകളിലാണ് യുവ താരം വലകുലുക്കിയത്.

MediaOne Logo

Sports Desk

  • Published:

    29 Dec 2024 4:47 PM GMT

Kerala wins and loses; Defeat Blasters in Santhosh Trophy final after crushing Manipur
X

ഹൈദരാബാദ്: സന്തോഷ് ട്രോഫിയിൽ കേരളം ഫൈനലിൽ. വടക്കുകിഴക്കൻ കരുത്തുമായെത്തിയ മണിപ്പൂരിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് തകർത്തത്. കേരളത്തിനായി പകരക്കാരനായി ഇറങ്ങിയ മുഹമ്മദ് റോഷൽ ഹാട്രിക് കുറിച്ചു. 73,88,90+4 മിനിറ്റിുകളിലാണ് യുവ താരം വലകുലുക്കിയത്. നസീബ് റഹ്‌മാൻ(22), മുഹമ്മദ് അജ്‌സൽ(45+1) എന്നിവരും ലക്ഷ്യംകണ്ടു. പെനാൽറ്റിയിലൂടെ ഷുൻജന്തൻ റഗൂയ്(30) നോർത്ത് ഈസ്റ്റ് ടീമിനായി ആശ്വാസ ഗോൾനേടി. ചൊവ്വാഴ്ച നടക്കുന്ന ഫൈനലിൽ ബംഗാളാണ് കേരളത്തിന്റെ എതിരാളികൾ. നിലവിലെ ചാമ്പ്യൻമാരായ സർവ്വീസസിനെ വീഴ്ത്തിയാണ് ബംഗാൾ ഫൈനലിൽ കടന്നത്.

അതേസമയം, നിർണായക എവേ മാച്ചിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും കാലിടറി. എതിരില്ലാത്ത ഒരു ഗോളിന് ജംഷഡ്പൂർ എഫ്.സിയാണ് കൊമ്പൻമാരെ തകർത്തത്. ജെആർഡി ടാറ്റ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 61ാം മിനിറ്റിൽ പ്രതീക് ചൗധരിയാണ് ആതിഥേയർക്ക് ജയമുറപ്പിച്ച ഗോൾ നേടിയത്. പ്രതിരോധത്തിലെ പിഴവ് മുതലെടുത്താണ് പ്രതീക് വലകുലുക്കിയത്. മറുഭാഗത്ത് നിർണായക അവസരങ്ങൾ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ പാഴാക്കി.

ജംഷഡ്പൂർ ഗോൾകീപ്പർ ആൽബിനോ ഗോമസിന്റെ മികച്ച സേവുകളും ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയായി. സീസണിൽ നാലാം ജയം നേടിയ ജംഷഡ്പൂർ ടേബിളിൽ നാലാംസ്ഥാനത്തേക്കുയർന്നു. എട്ടാം തോൽവി വഴങ്ങിയതോടെ കേരള ക്ലബിന്റെ പ്ലേഓഫ് സാധ്യതകളും തുലാസിലായി. പ്രാഥമിക റൗണ്ട് മുതൽ പുലർത്തുന്ന മികവ് സെമിയിലും തുടർന്നാണ് ആധികാരിക ജയവുമായി കേരളം കലാശ കളിക്ക് ടിക്കറ്റെടുത്തത്.

TAGS :

Next Story