വരുന്നു, ഇന്ത്യാ-ബ്ലാസ്റ്റേഴ്‌സ് പോരാട്ടം; സൗഹൃദ മത്സരം സെപ്റ്റംബറിൽ കേരളത്തില്‍
ബ്ലാസ്‌റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമാനോവിച്ചാണ് വാർത്ത പുറത്തുവിട്ടത്
ന്യൂഡൽഹി: കേരളത്തിലെ ഫുട്‌ബോൾ ആരാധകർക്ക് ഒരു സന്തോഷ വാർത്ത. കേരളത്തിന്റെ സ്വന്തം ടീമായ കേരള ബ്ലാസ്‌റ്റേഴ്‌സ് ദേശീയ ടീമുമായി കൊമ്പുകോർക്കുന്നു. സെപ്റ്റംബറിലാണ് ദേശീയ ടീമുമായി ബ്ലാസ്റ്റേഴ്‌സിന്റെ സൗഹൃദ മത്സരം.
ദേശീയ ടീമിന്റെ മുഖ്യ പരിശീലകൻ ഇഗോ സ്റ്റിമാച്ചിന്റെ ട്വീറ്റ് പങ്കുവച്ച് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമാനോവിച്ചാണ് വാർത്ത പുറത്തുവിട്ടത്. ദേശീയ ടീമുമായി കേരള ബ്ലാസ്റ്റേഴ്‌സ് സൗഹൃദ മത്സരം കളിക്കുമെന്ന് വുകോമാനോവിച്ച് ട്വീറ്റിൽ അറിയിച്ചു. ഇക്കാര്യം കേരള ബ്ലാസ്‌റ്റേഴ്‌സ് ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
സെപ്റ്റംബറിൽ കേരളത്തിൽ ദേശീയ ടീമിന്റെ ക്യാംപും ഏതാനും മത്സരങ്ങളും നടക്കുമെന്ന് കഴിഞ്ഞ ദിവസം ഇഗോർ സ്റ്റിമാച്ച് ട്വിറ്ററിൽ അറിയിച്ചിരുന്നു. ''ദക്ഷിണേന്ത്യയിൽനിന്നും ഫുട്‌ബോൾ പ്രസരിപ്പിക്കാനും അവിടത്തെ ആരാധകരുടെ സ്‌നേഹവും അഭിനിവേശവും അനുഭവിക്കാനുമുള്ള അവസരമാണ് വരുന്നത്. കൊൽക്കത്ത എനിക്ക് പ്രിയപ്പെട്ടതു തന്നെയാണ്. ഉടൻ തന്നെ നമ്മൾ കാണും.'' ഇഗോർ ട്വീറ്റ് ചെയ്തു. കേരളത്തിലെ ഫുട്‌ബോൾ ആരാധകരോട് ഒന്നിച്ച് അണിനിരക്കാൻ അദ്ദേഹം ക്ഷണിക്കുകയും ചെയ്യുന്നുണ്ട് ട്വീറ്റില്‍.
ഈ ട്വീറ്റ് പങ്കുവച്ചായിരുന്നു വുകോമാനോവിച്ചിന്റെ സ്ഥിരീകരണം. 45-ാം ജന്മദിനത്തിൽ ആശംസകൾ നേർന്ന ലോകത്തെങ്ങുമുള്ള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നന്ദി അറിയിച്ച് വുകോമാനോവിച്ച് നേരത്തെ സമൂഹമാധ്യമങ്ങളിൽ വിശദമായ കുറിപ്പിട്ടിരുന്നു. ഈ ഉദാരമായ സ്‌നേഹത്തിനും ആതിഥ്യത്തിനും നന്ദിയെന്ന് അദ്ദേഹം കുറിച്ചു. ആശംസാസന്ദേശങ്ങൾ കണ്ട് മനസ് നിറഞ്ഞിരിക്കുകയാണ്. നല്ല വാക്കിനും പിന്തുണയ്ക്കും എന്നും കടപ്പെട്ടിരിക്കും. ഈ കരുതലിന് നന്ദി എന്ന വാക്ക് മതിയാകില്ലെന്നും വുകോമാനോവിച്ച് കൂട്ടിച്ചേര്‍ത്തു.
Summary: ''Kerala Blasters will have a friendly match against the National team in September. The match will be fought in Kerala'', Blasters coach Ivan Vukomanovic confirms
Adjust Story Font
16