'മാപ്പും പിഴയും അവിടെ നിക്കട്ടെ': അപ്പീലിനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്
അപ്പീലില്‍ എന്ത് തീരുമാനം വരുമെന്നാണ് ആദ്യം നോക്കുന്നത്. അതിനനുസരിച്ചായിരിക്കും കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത നീക്കം.
ഐ.എസ്.എല്ലില്‍ ബംഗളൂരു എഫ്.സി- കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തില്‍ നിന്നും
ന്യൂഡല്‍ഹി: നാല് കോടി രൂപ പിഴ ചുമത്താനുള്ള എ.ഐ.എഫ്.എഫ് അച്ചടക്ക സമിതിയുടെ തീരുമാനത്തിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് അപ്പീല്‍ നല്‍കിയേക്കും. ക്ലബ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും അപ്പീൽ നൽകുമെന്നാണ് ടീമിലെ ബന്ധപ്പെട്ടവരെ ഉദ്ധരിച്ച് സ്പോര്‍ട്സ് സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അപ്പീലില്‍ എന്ത് തീരുമാനം വരുമെന്നാണ് ആദ്യം നോക്കുന്നത്. അതിനനുസരിച്ചായിരിക്കും കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത നീക്കം.
മത്സരം ഉപേക്ഷിച്ചതിന് ബ്ലാസ്റ്റേഴ്സിന് ആരാധകരിൽ നിന്ന് വലിയ പിന്തുണയുണ്ട്. ഐഎസ്‌എല്ലിലെ ഏറ്റവും വലിയ ആരാധകരുള്ള ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. പരസ്യമായി ക്ഷമാപണം നടത്താനും എ.ഐ.എഫ്.എഎഫ് ആവശ്യപ്പെട്ടിരുന്നു. അല്ലാത്ത പക്ഷം പിഴത്തുക നാല് കോടിയില്‍ നിന്ന് ആറ് കോടിയിലെത്തും. അതേസമയം ക്ഷമാപണം നടത്തുന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
അച്ചടക്ക നടപടി സംബന്ധിച്ച ഉത്തരവ് ഒരാഴ്ചക്കകം പാലിക്കണമെന്നാണ് ബ്ലാസ്റ്റേഴ്സിനോടും വുകൊമാനോവിച്ചിനോടും അച്ചടക്ക സമിതി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നിരുന്നാലും, ഉത്തരവിനെതിരെ അപ്പീൽ ഫയൽ ചെയ്യാൻ ക്ലബിനും ഹെഡ് കോച്ചിനും അവകാശമുണ്ടെന്നും വ്യക്തമാക്കിയിരുന്നു. ഫ്രീകിക്കിൽ നിന്ന് ബംഗളൂരു താരം സുനിൽ ഛേത്രി നേടിയ ഗോളിന് പിന്നാലെയാണ് ബ്ലാസ്റ്റേഴ്സിന്റെ കളംവിട്ടത്. ബ്ലാസ്റ്റേഴ്സ് താരങ്ങളും ഗോള്‍കീപ്പറും തയ്യാറാകാത്ത സമയം നോക്കി ഛേത്രി കിക്ക് എടുക്കുകയായിരുന്നു. ഇത് ഗോളാകുകയും ചെയ്തു.
ഛേത്രിയെ ഫ്രീകിക്ക് എടുക്കാൻ അനുവദിച്ച റഫറി ക്രിസ്റ്റൽ ജോണിനെതിരെ ക്ലബ് നേരത്തെ എഐഎഫ്എഫിന് പരാതി നൽകിയിരുന്നു. എന്നാൽ അത് നിരസിക്കപ്പെട്ടു. മത്സരം ഉപേക്ഷിക്കാൻ ടീമിനെ പ്രേരിപ്പിച്ച ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യ പരിശീലകൻ ഇവാൻ വുകോമാനോവിച്ചിനെതിരെയും ശിക്ഷാനടപടിയുണ്ട്. വരുന്ന പത്ത് മത്സരങ്ങളില്‍ ടീമിന്റെ ഡ്രസ്സിംഗ് റൂമിന്റെയോ ടീം ബെഞ്ചിന്റെയോ ഭാഗമാകാൻ വുകോമാനോവിച്ചിനെ അനുവദിക്കില്ല. പിഴയും ഒടുക്കണം. മാപ്പും പറയണം, അല്ലാത്ത പക്ഷം പിഴത്തുക വര്‍ധിക്കും.
അതേസമയം ഐഎസ്എൽ, ഐ-ലീഗ് ടീമുകൾ പരസ്പരം പോരടിക്കുന്ന സൂപ്പര്‍കപ്പിനായി ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ഏപ്രിൽ എട്ടിന് കോഴിക്കോട്ടും മഞ്ചേരിയിലുമായാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്.
Summary-Kerala Blasters likely to appeal against AIFF
Adjust Story Font
16