Quantcast

വീണ്ടും ജയം; ചെന്നെയിനെയും കീഴടക്കി ബ്ലാസ്‌റ്റേഴ്‌സ്

ആദ്യ സൗഹൃദ മത്സരത്തിൽ ഒഡിഷ എഫ്‌സിയെ ബ്ലാസ്റ്റേഴ്‌സ് തോൽപ്പിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    5 Nov 2021 12:59 PM GMT

വീണ്ടും ജയം; ചെന്നെയിനെയും കീഴടക്കി ബ്ലാസ്‌റ്റേഴ്‌സ്
X

പനാജി: ഇന്ത്യൻ സൂപ്പർ ലീഗിന് മുമ്പോടിയായുള്ള രണ്ടാമത്തെ സൗഹൃദമത്സരത്തിലും വിജയിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്. ചെന്നെയിൻ എഫ്‌സിയെ ഒന്നിനെതിരെ രണ്ടു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് കീഴടക്കിയത്. കേരളത്തിനായി പ്യൂട്ടിയയും വിദേശതാരം അഡ്രിയൻ ലൂനയും ലക്ഷ്യം കണ്ടു. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു കൊമ്പന്മാരുടെ തിരിച്ചുവരവ്.

മുപ്പതാം മിനിറ്റിൽ ചെന്നൈയാണ് ആദ്യം ലക്ഷ്യം കണ്ടത്. കോമാന്റെ കോർണർ കിക്കിൽ തല വച്ച് സലാമാണ് ഗോൾ കണ്ടെത്തിയത്. എന്നാൽ മൂന്നു മിനിറ്റിനുള്ളിൽ ബ്ലാസ്‌റ്റേഴ്‌സ് തിരിച്ചടിച്ചു. ലോങ് റേഞ്ചറിൽ നിന്ന മധ്യനിര താരം പ്യൂട്ടിയ കേരളത്തിനായി ലക്ഷ്യം കണ്ടു. ആദ്യ പകുതി അവസാനിക്കുമ്പോൾ 1-1 എന്ന നിലയിലായിരുന്നു സ്‌കോർ. ചെന്നൈയുടെ ഗ്രൌണ്ടിലായിരുന്നു മത്സരം.

രണ്ടാം പകുതിയിൽ പകരക്കാരനായി കളത്തിലിറങ്ങിയ സഹൽ തുടക്കത്തിൽ തന്നെ കളിയിൽ സ്വാധീനമുണ്ടാക്കി. സഹലിന്റെ പാസിൽ നിന്നാണ് ലൂന ലക്ഷ്യം കണ്ടത്. മധ്യനിരയില്‍ ആദ്യമായാണ് ഇരുവരും ഒന്നിച്ച് കളത്തിലിറങ്ങിയത്.

ആൽബിനോ ഗോമസ്, ജസ്സൽ, അബ്ദുൽ ഹക്കു, ലെസ്‌കോവിച്ച്, ഖബ്ര, പ്യൂട്ടിയ, ഗിവ്‌സൺ, ചെഞ്ചോ, പ്രശാന്ത്, ലൂന, ഡയസ് എന്നിവരാണ് സ്റ്റാർട്ടിങ് ലൈനപ്പിൽ ഉണ്ടായിരുന്നത്. ഏറെക്കാലത്തിന് ശേഷം പ്രതിരോധ താരം നിഷുകുമാർ ടീമിന് വേണ്ടി രണ്ടാം പകുതിയിൽ കളത്തിലിറങ്ങി. പന്ത്രണ്ടു മാറ്റങ്ങളാണ് കോച്ച് വുകോമനോവിച്ച് നടത്തിയത്.

ആദ്യ സൗഹൃദ മത്സരത്തിൽ ഒഡിഷ എഫ്‌സിയെയാണ് ബ്ലാസ്റ്റേഴ്‌സ് തോൽപ്പിച്ചിരുന്നത്. സ്‌കോർ 2-1. മലയാളി താരം പ്രശാന്ത്, ആൽവലോ വാസ്‌ക്വസ് എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി ഗോളുകൾ നേടിയത്. ഹാവി ഹെർണാണ്ടസാണ് ഒഡീഷയുടെ സ്കോറര്‍. മൂന്ന് ഗോളുകളും പിറന്നത് ആദ്യ പകുതിയിലായിരുന്നു.

TAGS :

Next Story