Quantcast

പ്ലാൻ എയില്ലാത്ത ബ്ലാസ്റ്റേഴ്‌സ്; രണ്ടാം ഘട്ടത്തിൽ ഇന്ന് ഒഡിഷയ്‌ക്കെതിരെ

ലൂനയുടെ നഷ്ടം നികത്താൻ പുതുതായി ടീമിലെത്തിയ ഫെദോര്‍ സെർനിച്ചിനാകുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

MediaOne Logo

Web Desk

  • Published:

    2 Feb 2024 1:01 PM GMT

kerala blasters
X

ഭുവനേശ്വർ: 'പരിക്ക്, സസ്‌പെൻഷനുകൾ, പ്രധാന താരങ്ങളുടെ നഷ്ടം എന്നിവയൊക്കെ കേരള ബ്ലാസ്റ്റേഴ്‌സിനുണ്ടായി. ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും പ്രധാനകാര്യം അവരുടെ സംഘം തന്നെയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. വ്യക്തമായ പദ്ധതിയോടെയാണ് അവർ കളിക്കുന്നത്'- കേരള ബ്ലാസ്‌റ്റേഴ്‌സുമായുള്ള പോരാട്ടത്തിന് മുമ്പ് ഒഡിഷ എഫ്‌സി കോച്ച് സെർജിയോ ലൊബേറ കേരള ടീമിനെ കുറിച്ച് പറഞ്ഞ വാക്കുകളാണിത്. ലീഗിന്റെ ആദ്യ പാദം അവസാനിക്കുമ്പോൾ ബ്ലാസ്‌റ്റേഴ്‌സ് എന്തു കൊണ്ട് ടേബിൾ ടോപ്പേഴ്‌സായി എന്നതിന്റെ ഉത്തരം ലൊബേറയുടെ വാക്കുകളിലുണ്ട്. രണ്ടാം പാദത്തിലെ ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോൾ കാണികൾ പ്രതീക്ഷിക്കുന്നതും ഇതേ കാര്യം തന്നെ- വ്യക്തമായൊരു പദ്ധതി വേണം.

കലിംഗ സൂപ്പർ കപ്പിലെ നിരാശാജനകമായ പ്രകടനത്തിന് ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് ലീഗിലേക്ക് തിരിച്ചെത്തുന്നത്. മാധ്യമങ്ങളുമായി സംസാരിക്കവെ കോച്ച് ഇവാൻ വുകുമനോവിച്ചിന്റെ പ്രതികരണത്തിൽ അതുണ്ടായിരുന്നു. 'ഞങ്ങൾ താളത്തിലേക്ക് തിരികെയെത്തണം. കരുത്തരാകണം. പോയിന്റ് ടേബിളിൽ മുകളിൽ തന്നെ നിൽക്കണം' - എന്നായിരുന്നു ഇവാന്റെ പ്രതികരണം.

ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ രാത്രി എട്ടു മണിക്കാണ് ബ്ലാസ്‌റ്റേഴ്‌സ്-ഒഡിഷ എഫ്‌സി പോര്. ഇന്ന് ജയിച്ചാൽ 29 പോയിന്റുമായി ഗോവയെ മറികടന്ന് ബ്ലാസ്‌റ്റേഴ്‌സിന് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്താം. 24 പോയിന്‍റുമായി പട്ടികയിൽ മൂന്നാമതാണ് ഒഡിഷ.

ലീഗ് രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ ടീമിന്റെ കുന്തമുനയും സൂപ്പർ താരവുമായ അഡ്രിയൻ ലൂണ ടീമിനൊപ്പമില്ല. പതിയെ താളം കണ്ടെത്തി ഗോളടി തുടങ്ങിവച്ച ക്വാമി പെപ്രയും ടീമിനൊപ്പമില്ല. ലൂനയ്ക്ക് പകരം ലിത്വാനിയ ദേശീയ ടീം നായകൻ ഫെദോര്‍ സെർനിച്ച്, പെപ്രയ്ക്ക് പകരം നൈജീരിയൻ താരം ഇമ്മാനുവൽ ജസ്റ്റിൻ എന്നിവരാണ് ടീമിനൊപ്പം ചേർന്നത്. അതേസമയം, ആദ്യ ഘട്ടത്തിൽ തോളിലെ പരിക്കു മൂലം പുറത്തായിരുന്ന മധ്യനിരയിലെ എഞ്ചിൻ ജീക്‌സൺ സിങ് പരിക്കു മാറി തിരിച്ചെത്തിയിട്ടുണ്ട്.

ലൂനയും പെപ്രയും ഇല്ലാതായതോടെ കളത്തിൽ പ്ലാൻ എ നടപ്പാക്കാൻ കോച്ച് ഇവാനാകില്ല. ലൂനയില്ലാത്ത അവസാന മത്സരങ്ങളിൽ മധ്യനിരയിലെ ഇന്ത്യന്‍ താരങ്ങളെ വച്ച് സംഘടിതമായ പ്രസ്സിങ് ഗെയിമായിരുന്നു കോച്ചിന്റെ തന്ത്രം. കരുത്തരായ മോഹൻബഗാനെതിരെ അവരുടെ തട്ടകത്തിൽ അതു വിജയിക്കുകയും ചെയ്തു.

സാധ്യതാ ലൈൻ അപ്പ്

സ്‌ട്രൈക്കങ്ങിൽ മികച്ച ഫോമിലുള്ള ദിമിത്രിയോസ് ഡയമന്റകോസിനെ മുമ്പിൽ വച്ചാകും ബ്ലാസ്റ്റേഴ്‌സിന്റെ ആക്രമണ തന്ത്രങ്ങൾ. പെപ്രെയുടെ സ്ഥാനത്ത് ഇന്ത്യൻ സ്‌ട്രൈക്കർ ഇഷാൻ പണ്ഡിതയ്ക്കാണ് മുൻതൂക്കം. മലയാളി താരം നിഹാൽ സുധീഷിനും സാധ്യതയുണ്ട്.

മിഡ്ഫീൽഡിൽ ജാപ്പനീസ് താരം ദെയ്‌സുകി സകായ് കളി മെനയും. ഡാനിഷ് ഫാറൂഖ്, മുഹമ്മദ് അയ്മൻ, മുഹമ്മദ് അസ്ഹർ എന്നിവരാകും മധ്യനിരയിലെ സഹായികള്‍. നാലു മഞ്ഞക്കാർഡ് കണ്ട രാഹുൽ കെപി ഇന്ന് കളിക്കില്ല. പ്രതിരോധത്തിൽ വിദേശതാരങ്ങളായ മാർകോ ലസ്‌കോവിച്ചും മിലോസ് ഡ്രിൻസിച്ചും ഒരുമിച്ച് കളത്തിലിറങ്ങും. നവോച്ച സിങ്, പ്രീതം കോട്ടാൽ എന്നിവരാകും വിങ് ബാക്കുകൾ. ഗോൾവലയ്ക്ക് താഴെ സച്ചിൻ സുരേഷും.

മികച്ച സ്‌ട്രൈക്കിങ് പ്രഹരശേഷിയുള്ള സംഘമാണ് ഒഡിഷയുടേത്. ഫിജി താരം റോയ് കൃഷ്ണയെയും ബ്രസീൽ സ്‌ട്രൈക്കർ ഡീഗോ മൗറീഷ്യോയെയും തടയാൻ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം പണിയെടുക്കേണ്ടി വരും. മധ്യനിരയിൽ അഹ്‌മദ് ജാഹുവിന്റെ സാന്നിധ്യവും ആതിഥേയർക്ക് കരുത്തു നൽകും. തുടര്‍ച്ചയായി മഞ്ഞക്കാര്‍ഡ് കണ്ടതു മൂലം പ്രതിരോധത്തിലെ കരുത്തനായ മുര്‍താദ ഫൌള്‍ ഇന്ന് കളത്തിലുണ്ടാകില്ല. സൂപ്പർ കപ്പ് ഫൈനലിൽ ഈസ്റ്റ് ബംഗാളിൽ നിന്നേറ്റ തോൽവിക്ക് ശേഷമാണ് ഒഡിഷ സ്വന്തം കാണികൾക്ക് മുമ്പിൽ വീണ്ടുമിറങ്ങുന്നത്.

പകരക്കാരുടെ ബഞ്ചിൽ സെർനിച്ച്

ലൂനയുടെ നഷ്ടം നികത്താൻ സെർനിച്ചിനാകുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. എന്നാൽ ഇന്ന് ആദ്യ ഇലവനിൽ ലിത്വാനിയൻ താരം ഉണ്ടാകാനുള്ള സാധ്യത കുറവാണ്. അവസാന മിനിറ്റുകളിൽ താരത്തെ ഇവാൻ പരീക്ഷിച്ചേക്കും. യുവേഫ നേഷൻസ് ലീഗ് അടക്കമുള്ള വമ്പൻ വേദികളിൽ കളിച്ച് പരിചയമുള്ള താരമാണ് സെർനിച്ച്. ഉയരക്കൂടുതലും ഇരുകാലുകൾ കൊണ്ടും ഒരേപോലെ ഷോട്ടെടുക്കാനുള്ള ശേഷിയും താരത്തെ കരുത്തനാക്കുന്നു.

TAGS :

Next Story