ബ്ലാസ്റ്റേഴ്സ് പ്രതിരോധനിരക്ക് ഇനി പുതിയ മുഖം; ഫ്രഞ്ച് താരവുമായി കരാർ ഒപ്പിട്ടു
കൊച്ചി: ഫ്രഞ്ച് പ്രതിരോധ നിരതാരം അലക്സാണ്ടർ കോഫുമായി കേരള ബ്ലാസ്റ്റേഴ്സ് കരാർ ഒപ്പിട്ടു. ഒരു വർഷത്തെ കരാറാണ് താരം ക്ലബുമായി ഒപ്പുവെച്ചിരിക്കുന്നത്. ഫ്രഞ്ച് ലിഗ് 2 ക്ലബായ എസ്.എം കെയ്‌നിൽ നിന്നാണ് താരത്തിന്റെ വരവ്.
പതിനാറാം വയസ്സിൽ ആർ.സി ലെൻസിലൂടെയാണ് കോഫ് പ്രൊഫഷനൽ ഫുട്ബോളിലെത്തുന്നത്. ലെൻസിനൊപ്പം താരം ലിഗ് വണിൽ 53 മത്സരങ്ങളിൽ കളത്തിലിറങ്ങി. 2014ൽ ലാ ലിഗ ക്ലബായ ഗ്രനഡ എഫ്.സിയിൽ ലോണിലും പന്തുതട്ടി. തുടർന്നുള്ള വർഷങ്ങളിൽ ആർ.സി.ഡി മല്ലോർക്ക (സ്പെയിൻ), മൗസ്‌ക്രോൺ (ബെൽജിയം), അജാസിയോ (ഫ്രാൻസ്), സ്റ്റേഡ് ബ്രെസ്റ്റോയിസ് (ഫ്രാൻസ്) തുടങ്ങിയ ക്ലബുകൾക്കായും കളത്തിലിറങ്ങി.
2007 മുതൽ 2013 വരെയുള്ള വർഷങ്ങളിലായി ഫ്രാൻസ് അണ്ടർ 16,17, 18, 19, 20, 21 ടീമുകൾക്കായും ജഴ്സിയണിഞ്ഞു. സെന്റർ ബാക്കിലാണ് പ്രധാനമായും കളിക്കാറുള്ളതെങ്കിലും ഡിഫൻസിവ് മിഡ്‌ഫീൽഡറായും റൈറ്റ് ബേക്കായും കഴിവ് തെളിയിച്ചിട്ടുണ്ട്.
‘‘അലക്സാണ്ടർ ടീമിന് ഗുണനിലവാരം നൽകുകയും ടീം പൊസിഷനുകൾ ശക്തിപ്പെടുത്തുകയും ചെയ്യും. അദ്ദേഹത്തിൽനിന്നും നേതൃത്വഗുണങ്ങളും പ്രതീക്ഷിക്കുന്നു’’ -കേരളാ ബ്ലാസ്റ്റേഴ്സ് സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസ് പ്രതികരിച്ചു.
Adjust Story Font
16