വമ്പൻ തിരിച്ചുവരവ്, ഇങ്ങനെയാവണം ബ്ലാസ്റ്റേഴ്‌സ്: കണ്ണുതള്ളി ആരാധകർ
ജയത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ് പോയിന്റ് ടേബിളിന്റെ ആദ്യ നാലിലേക്ക് കടന്നു. ഏഴ് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയവും മൂന്ന് സമനിലയും ഒരു തോൽവിയുമായി 12 പോയിന്റോടെ മൂന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്
ഐഎസ്എൽ എട്ടാം സീസണിലേക്ക് കടക്കുമ്പോൾ വൻ ആരാധക പിന്തുണയുള്ള കേരളബ്ലാസ്റ്റേഴ്‌സിൽ ആർക്കും പ്രതീക്ഷയില്ലായിരുന്നു. കഴിഞ്ഞ സീസണിലേത് പോലെ ചില ജയങ്ങളുമായി ആർക്കും വിലയൊന്നുമില്ലാതെ ഈ സീസണും അവസാനിക്കുമെന്നായിരുന്നു ഏവരും കരുതിയിരുന്നത്. കരുതിയവരെ കുറ്റപ്പെടുത്താനുമാവില്ല, സീസണിലെ അഞ്ച് മത്സരങ്ങൾ പൂർത്തിയായപ്പോൾ അത്തരത്തിലുള്ള പ്രകടനമായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗത്തും നിന്നും ഉണ്ടായത്.
ആദ്യ മത്സരത്തിൽ തന്നെ തോറ്റു. പിന്നീട് പതിവ് പോലെയുള്ള സമനിലകള്‍. ഒരു ജയം ഒഴികെ കാര്യമായ മുന്നേറ്റങ്ങളൊന്നും പിന്നീടുള്ള നാല് മത്സരങ്ങളിൽ ഉണ്ടായില്ല. എന്നാൽ മുംബൈ സിറ്റി എഫ്.സിക്കെതിരായ ആറാം മത്സരത്തോടെ കളി മാറി. പോയിന്റ് ടേബിളിൽ എത്രയോ മുന്നിലുള്ള മുംബൈ സിറ്റി എഫ്.സിയെ ഞെട്ടിച്ചുകൊണ്ട് വിജയം. അതും മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക്. തൊട്ടടുത്ത മത്സരത്തിൽ ചെന്നൈയിനേയും വീഴ്ത്തി ബ്ലാസ്റ്റേഴ്‌സ് ആരാധകരെയൊന്നടങ്കം ഞെട്ടിച്ചു. മൂന്ന് ഗോളുകൾക്ക്, അതും എതിരില്ലാതെ.
ഇതേ മികവ് തുടർന്നാൽ ഈ ബ്ലാസ്റ്റേഴ്‌സ് പടയെ ആർക്കും തോൽപിക്കാനാവില്ല. എന്നാൽ പല വമ്പന്മാരെയും തോൽപിക്കാനുമാവും. മുംബൈ സിറ്റി എഫ്‌സിക്കെതിരായ അതെ ഇലവനെ തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ വുക്കോമിനോവിച്ച് ചെന്നൈയിനെതിരെയും ഇറക്കിയത്. ലക്ഷ്യം ഒന്ന് മാത്രം ജയം. അൽവാരോ വാസ്കെസും പെരേരയും ചേർന്നുള്ള സ്ട്രൈക്കിങ് ക്ലിക്കായി. ഗോൾ വഴങ്ങുന്നതിൽ പിശുക്കു കാട്ടുന്ന ടീം ആണെങ്കിലും വാസ്കെസെന്ന ഷാർപ് ഷൂട്ടറെയും പെരേരയെന്ന മിന്നല്‍പ്പിണറിനെയും പിടിച്ചുകെട്ടാന്‍ ചെന്നൈയിന്‍ പ്രതിരോധ നിരക്കായില്ല.
ഡയസ് പെരേര, സഹല്‍ അബ്ദുള്‍ സമദ്, അഡ്രിയാന്‍ ലൂണ എന്നിവരാണ് ചെന്നൈയിനെതിരെ ലക്ഷ്യം കണ്ടത്. മുന്നേറ്റത്തിലും പ്രതിരോധത്തിലും ഒരുപോലെ മികച്ചുനില്‍ക്കുന്ന പ്രകടനമായിരുന്നു ബ്ലാസ്റ്റേഴ്സിന്റേത്. ആദ്യ മത്സരത്തില്‍ തോല്‍വി വഴങ്ങിയ ശേഷം തുടര്‍ച്ചയായി ആറുമത്സരങ്ങള്‍ തോല്‍വി അറിയാതെ പൂര്‍ത്തിയാക്കി എന്നത് നേട്ടം തന്നെയാണ്.
ജയത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ് പോയിന്റ് ടേബിളിന്റെ ആദ്യ നാലിലേക്ക് കടന്നു. ഏഴ് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയവും മൂന്ന് സമനിലയും ഒരു തോൽവിയുമായി 12 പോയിന്റോടെ മൂന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. രണ്ടാം സ്ഥാനത്തുള്ള ജാംഷഡ്പൂർ എഫ്.സിക്കും പന്ത്രണ്ട് പോയിന്റാണ് ഉള്ളത്. ഒന്നാമതുള്ള മുംബൈ സിറ്റി എഫ്‌സിക്ക് പതിനഞ്ച് പോയിന്റാണ്.
Adjust Story Font
16