ഡ്യുറാൻഡ് കപ്പിൽ ഇന്ന് 'കേരള ഡെർബി': ബ്ലാസ്റ്റേഴ്‌സും ഗോകുലം കേരള എഫ്.സിയും നേർക്കുനേർ
ഡ്യുറാൻഡ് കപ്പ് തേടി ബ്ലാസ്റ്റേഴ്‌സ് ആരാധകരെ സന്തോഷിപ്പിക്കാനാകും സെർബിയക്കാരനായ വുകമിനോവിച്ച് ലക്ഷ്യമിടുക
കൊൽക്കത്ത: 2023-24ലെ ക്യാമ്പയിനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. ഡ്യുറാൻഡ് കപ്പിൽ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോൾ എതിരാളികളായി കേരളത്തിൽ നിന്ന് തന്നെയുള്ള മറ്റൊരു ടീമായ ഗോകുലം കേരള എഫ്.സി. കൊൽക്കത്തയിലെ മോഹൻ ബഗാൻ ഗ്രൗണ്ടിലാണ് മത്സരം. ജയത്തോടെ പുതിയ സീസൺ തുടങ്ങാനാണ് ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നത്.
കഴിഞ്ഞ ഐ.എസ്.എല്ലിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഫുൾടീം(വിദേശ താരങ്ങൾ അടക്കം) കളിക്കാനായി ഇറങ്ങിയിരുന്നത്. ക്വിക് ഫ്രീകിക്കിന് പിന്നാലെയുള്ള ഗോളും അച്ചടക്ക നടപടികളുമെല്ലാം ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിന്റെ ഉറക്കം കെടുത്തിയിരുന്നു. വിലക്കിലും പിഴയിലുമാണ് അത് കലാശിച്ചത്. ഇപ്പോഴും അത് തുടരുന്നു. ഇവാൻ വുകമിനോവിച്ചിന്റെ കീഴിൽ തുടർച്ചയായി ഐ.എസ്.എല്ലിലെ രണ്ട് നോക്കൗട്ട് ഘട്ടങ്ങൾ കളിക്കാൻ ബ്ലാസ്റ്റേഴ്‌സിനായെങ്കിലും ഒരു കിരീടം എന്നത് ഇപ്പോഴും ബാക്കിയായി തുടരുകയാണ്.
ഡ്യുരാന്റ് കപ്പ് തേടി ബ്ലാസ്റ്റേഴ്‌സ് ആരാധകരെ സന്തോഷിപ്പിക്കാനാകും സെർബിയക്കാരനായ വുകമിനോവിച്ച് ലക്ഷ്യമിടുക. എന്നാൽ മറുപുറത്ത് ഗോകുലം എഫ്.സിയുടെ രണ്ടാമത്തെ മത്സരമാണിത്. ആദ്യ കളിയിൽ ഇന്ത്യൻ എയർഫോഴ്സ് ഫുട്‌ബോൾ ടീമിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് 2019ലെ ചാമ്പ്യന്മാരുടെ വരവ്. അതേസമയം രണ്ട് ടീമുകളും (സീനിയർ താരങ്ങൾ ഉൾപ്പെടെ) ദേശീയ തലത്തിൽ പരസ്പരം ഏറ്റുമുട്ടിയിട്ടില്ല. അതിനാൽ തമ്മിൽ കൊമ്പനാര് എന്നറിയാനുള്ള അവസരം കൂടിയാണിത്.
ചാമ്പ്യന്മാരായ ബംഗളൂരു എഫ്.സിയാണ് ഗ്രൂപ്പ് സിയിലെ മറ്റൊരു പ്രമുഖ ടീം. രണ്ട് ടീമുകള്‍ക്കും ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ബംഗളൂരുവിനെ നേരിടണം. ഉച്ച തിരിഞ്ഞ് 2.30നാണ് മത്സരം. സോണി ടെൻ–2 ചാനലിലും സോണി ലിവ് ആപ്പിലും മത്സരം തത്സമയം കാണാം. സാധ്യതാ ഇലവന്‍ ഇങ്ങനെ; കേരള ബ്ലാസ്റ്റേഴ്‌സ് : സച്ചിൻ സുരേഷ്, പ്രബീർ ദാസ്, പ്രീതം കോട്ടാൽ, മാർക്കോ ലെസ്‌കോവിച്ച്, നൗച്ച സിംഗ്, ജീക്‌സൺ സിംഗ്, വിബിൻ മോഹനൻ, അഡ്രിയാൻ ലൂണ (നായകന്‍), രാഹുൽ കെ.പി, ഡിമിട്രിയോസ് ഡയമന്റകോസ്, ജസ്റ്റിൻ ഇമ്മാനുവൽ
Adjust Story Font
16