Quantcast

ക്വാമി പെപ്രക്ക് ചുവപ്പ് കാർഡ്; നാലടിയിൽ ബ്ലാസ്‌റ്റേഴ്‌സ് വീണു 4-2

തുടരെ രണ്ടാം തോൽവി നേരിട്ടതോടെ പോയന്റ് ടേബിളിൽ ബ്ലാസ്‌റ്റേഴ്‌സ് പത്താംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു

MediaOne Logo

Sports Desk

  • Updated:

    2024-11-03 17:02:31.0

Published:

3 Nov 2024 5:00 PM GMT

ക്വാമി പെപ്രക്ക് ചുവപ്പ് കാർഡ്; നാലടിയിൽ ബ്ലാസ്‌റ്റേഴ്‌സ് വീണു 4-2
X

മുംബൈ: മുംബൈ സിറ്റിക്കെതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് തോൽവി. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് നിലവിലെ ചാമ്പ്യൻമാർ മഞ്ഞപ്പടയെ കീഴടക്കിയത്. അടിയും തിരിച്ചടിയുമായി മുന്നേറിയ മത്സരത്തിൽ ബെംഗളൂരു എഫ്.സിക്കെതിരെയുണ്ടായതിന് സമാനമായ പിഴവുകളാണ് തോൽവിയിലേക്ക് തള്ളിവിട്ടത്. സീസണിൽ സ്വന്തം തട്ടകത്തിൽ മുംബൈയുടെ ആദ്യ ജയമാണിത്. നിക്കോസ് കരെളിസ്(9,55) ആതിഥേയർക്കായി ഇരട്ടഗോൾ നേടി. നഥാൻ റോ്ഡ്രിഗസ്(75), ലാലിയൻസുവാല ചാങ്‌തെ (90) എന്നിവരാണ് മറ്റു സ്‌കോറർമാർ. ബ്ലാസ്‌റ്റേഴ്‌സിനായി ജീസസ് ജെമിനസ്(57), ക്വാമി പെപ്ര(71) ലക്ഷ്യംകണ്ടു. ഗോൾനേടിയ ശേഷം ജഴ്‌സിയൂരി ആഘോഷിച്ച പെപ്ര ചുവപ്പ് കാർഡ് വഴങ്ങിയതോടെ അവസാന 20 മിനിറ്റിലധികം കൊമ്പൻമാർ പത്തുപേരുമായാണ് പൊരുതിയത്.

ഒൻപതാം മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധപിഴവിൽ നിന്നാണ് മുംബൈ ആദ്യ ഗോൾ നേടിയത്. ലാലിയൻസുവാല ചാങ്‌തെ നൽകിയ ക്രോസ് കൃത്യമായി നിക്കോളാസ് കരേലിസ് ലീഡ് പിടിച്ചു. രണ്ടാം പകുതിയിൽ പെനാൽറ്റിയിലൂടെ മുംബൈ രണ്ടാം ഗോൾനേടി. കോർണർ കിക്കിൽ നിന്ന് തട്ടിതിരിഞ്ഞ പന്ത് കരേലിസ് ഷോട്ടുതിർക്കവെ പെപ്രയുടെ കൈയിൽ തട്ടിയതിനാണ് ബ്ലാസ്റ്റേഴ്‌സിനെതിരായ പെനാൽറ്റി വിധിച്ചത്. കിക്കെടുത്ത കരേലിസ് അനായാസം വലയിലാക്കി(2-0). എന്നാൽ രണ്ട് മിനിറ്റിനകം സന്ദർശകർക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചു. പന്തുമായി കുതിച്ച പെപ്ര വാൽപുയയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ജീസസ് ജിമിനസ് ഗോളാക്കി.(2-1)

71ാം മിനിറ്റിൽ കളിയിൽ ആദ്യമായി ബ്ലാസ്‌റ്റേഴ്‌സ് മുംബൈക്ക് ഒപ്പംപിടിച്ചു. അഡ്രിയാൻ ലൂണ ബോക്‌സിലേക്ക് നൽകിയ ക്രോസ് മികച്ചൊരു ഹെ്ഡ്ഡറിലൂടെ ഘാന താരം പെപ്ര ലക്ഷ്യത്തിലെത്തിച്ചു.(2-2) എന്നാൽ ആഘോഷം അതിരുവിട്ടു. ജഴ്‌സിയൂരിയതിന് റഫറിയുടെ രണ്ടാം മഞ്ഞകാർഡും തുടർന്ന് ചുവപ്പ് കാർഡും. ഇതോടെ ബ്ലാസ്‌റ്റേഴ്‌സ് പത്തുപേരായി ചുരുങ്ങി. ഈ അവസരം മുതലെടുത്ത് മുംബൈ സിറ്റി കളിയിൽ ലീഡെടുത്തു. കോർണർകിക്കിൽ നിന്നെത്തിയ പന്തിൽ ബോക്‌സിൽ മാർക്ക് ചെയ്യാതെ നിന്നിരുന്ന റോഡ്രിഗസിന്റെ വോളി ബ്ലാസ്‌റ്റേഴ്‌സ് ഗോൾകീപ്പറെ മറികടന്ന് വലയിൽ(3-2) ഒടുവിൽ 90ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ വീണ്ടും വലകുലുക്കി മുംബൈ നിർണായക മൂന്ന് പോയന്റ് സ്വന്തമാക്കി.

TAGS :

Next Story