Quantcast

ബ്ലാസ്‌റ്റേഴ്‌സിന് നോർത്ത് ഈസ്റ്റ് ബ്ലോക്ക്; പകരക്കാരനായി ലൂണ കളത്തിൽ

ഗോൾകീപ്പർ സച്ചിൻ സുരേഷിന്റെ പിഴവിലാണ് ബ്ലാസ്റ്റേഴ്‌സ് ഗോൾ വഴങ്ങിയത്.

MediaOne Logo

Sports Desk

  • Published:

    29 Sep 2024 4:39 PM GMT

Northeast Block for Blasters; Luna on the field as a substitute
X

ഗുവഹാത്തി: ഐ.എസ്.എൽ പുതിയ സീസണിലെ ആദ്യ എവേ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് സമനിലപൂട്ട്. നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് മലയാളി ക്ലബിനെ സമനിലയിൽ കുരുക്കിയത്. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി. 58ാം മിനിറ്റിൽ ഫ്രീകിക്കിൽ നിന്ന് മൊറോക്കൻ താരം അലാഡിൻ അയാറെ നോർത്ത് ഈസ്റ്റിനായി ആദ്യ ഗോൾനേടി. ബ്ലാസ്‌റ്റേഴ്‌സ് ഗോൾകീപ്പർ സച്ചിൻ സുരേഷിന്റെ കൈയിൽ നിന്ന് വഴുതി ഗോൾവരകടക്കുകയായിരുന്നു. 67ാം മിനിറ്റിൽ നോഹ് സദൗയിലൂടെ ബ്ലാസ്‌റ്റേഴ്‌സ് സമനിലപിടിച്ചു.

നോർത്ത് ഈസ്റ്റിനെതിരെ 4-3-3 ഫോർമേഷനിലാണ് ബ്ലാസ്‌റ്റേഴ്‌സ് കളത്തിലിറങ്ങിയത്. പന്തടക്കത്തിലും ലക്ഷ്യത്തിലേക്ക് ഷോട്ടടിക്കുന്നതിലും മഞ്ഞപ്പട മുന്നിട്ട് നിന്നെങ്കിലും ഫിനിഷിങിലെ പ്രശ്‌നങ്ങൾ തിരിച്ചടിയായി. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം ഇരുടീമുകളും ആക്രമണം ശക്തമാക്കിയതോടെ മത്സരം ആവേശമായി. 58ാം മിനിറ്റിൽ ബ്ലാസ്‌റ്റേഴ്‌സിനെ ഞെട്ടിച്ച് ആതിഥേയർ ലീഡെഡുത്തു. ഫ്രീകിക്കിൽ നിന്ന് അലാഡിൻ അയാറെ ഉതിർത്ത ദുർബല ഷോട്ട് കൈപിടിയിലൊതുക്കാൻ ബ്ലാസ്‌റ്റേഴ്‌സ് ഗോൾകീപ്പർ സച്ചിൻ സുരേഷിനായില്ല. കൈവഴുതി ഗോൾവലകടന്നു.

67ാം മിനിറ്റിൽ നോഹ സദൗയിയുടെ ഒറ്റയാൻ നീക്കത്തിലൂടെ ബ്ലാസ്‌റ്റേഴ്‌സ് സമനിലപിടിച്ചു. ബോക്‌സിന് പുറത്തുനിന്ന് മൊറോക്കൻ താരം അടിച്ച ഷോട്ട് ഗോൾകീപ്പറെ കബളിപ്പിച്ച് വലയിൽ കയറി. 82ാം മിനിറ്റിൽ നോർത്ത് ഈസ്റ്റ് താരം അഷീർ അക്തറിന് ചുവപ്പ് കാർഡ് ലഭിച്ചതോടെ അവസാന മിനിറ്റുകളിൽ പത്തുപേരുമായാണ് നോർത്ത് ഈസ്റ്റ് കളിച്ചത്. ബ്ലാസ്‌റ്റേഴ്‌സ് സൂപ്പർതാരം അഡ്രിയാൻ ലൂണ ആദ്യമായി പുതിയ സീസണിൽ കളത്തിലിറങ്ങി. ജീസസ് ജിമിനസിന്റെ പകരക്കാരനായി 80ാം മിനിറ്റിലാണ് ഉറുഗ്വെൻ താരം ഇറങ്ങിയത്. പോയന്റ് ടേബിളിൽ ബ്ലാസ്‌റ്റേഴ്‌സ് അഞ്ചാംസ്ഥാനത്തും നോർത്ത് ഈസ്റ്റ് ആറാമതുമാണ്.

TAGS :

Next Story