Quantcast

പെപ്ര-ദിമി മാജിക്; കൊച്ചിയിൽ കൊമ്പന്മാരുടെ മധുരപ്രതികാരം

എണ്ണം പറഞ്ഞ രണ്ട് ഗോളുകൾക്ക് മുംബൈ സിറ്റി എഫ്.സിയെ തോൽപിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്

MediaOne Logo

Web Desk

  • Published:

    24 Dec 2023 4:29 PM GMT

kerala blasters vs Mumbai City Fc, ISL
X

ഗോള്‍ നേടിയ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ ആഹ്ലാദം

കൊച്ചി: എണ്ണം പറഞ്ഞ രണ്ട് ഗോളുകൾക്ക് മുംബൈ സിറ്റി എഫ്.സിയെ തോൽപിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്. ഇതോടെ മുംബൈയില്‍ തോറ്റതിന്റെ ക്ഷീണം തീർക്കാൻ ബ്ലാസ്റ്റേഴ്‌സിനായി. ആദ്യ പകുതിയിലാണ് രണ്ട് ഗോളുകളും വന്നത്. കളി തുടങ്ങി പതിനൊന്നാം മിനുറ്റിൽ തന്നെ ബ്ലാസ്റ്റേഴ്‌സ് ആദ്യ പ്രഹരം നൽകി.

ദിമിത്രിയോസ് ഡയമന്റകോസ് ആണ് മുംബൈ വലയിൽ പന്ത് എത്തിച്ചത്. ക്വാമി പെപ്ര ഇടതുവിങ്ങിലൂടെ നടത്തിയ മുന്നേറ്റമാണ് ഗോളിലെത്തിയത്. പെപ്ര ഗോൾ മുഖത്തേക്ക് തിരിയുന്നതിന് അനുസരിച്ച് ഡയമന്റകോസും മുന്നേറിയതോടെ ആദ്യഗോൾ വന്നു. പെപ്ര നൽകിയ പാസിന് മുംബൈ ഗോൾകീപ്പർ ചാടിയെങ്കിലും ഫസ്റ്റ് ടച്ചിൽ തന്നെ ഡയമന്റകോസ് വലക്കുള്ളിലെത്തിച്ചു.

പ്രധാന താരങ്ങളില്ലാതെ ഇറങ്ങിയ ബ്ലാസ്റ്റേഴ്‌സ് ആദ്യം തന്നെ മുംബൈയെ ഞെട്ടിക്കുകയായിരുന്നു. ശേഷം ഒന്ന് രണ്ട് അവസരങ്ങൾ വന്നെങ്കിലും ഇരു ടീമുകൾക്കും വലചലിപ്പിക്കാനായില്ല. ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിലായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഗോൾ.

ഇത്തവണ ഡയമന്റകോസിന്റെ പാസിൽ നിന്ന് പെപ്രയുടെ ഫിനിഷ്. ബ്ലാസ്‌റ്റേഴ്‌സ് 2-0ത്തിന് മുന്നിൽ. ജയത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടാം സ്ഥാനത്ത് തുടരുകയാണ്. പതിനൊന്ന് മത്സരങ്ങളിൽ നിന്ന് ഏഴ് ജയവും രണ്ട് തോൽവിയും രണ്ട് സമനിലയും ഉൾപ്പെടെ 23 പോയിന്റാണ് ബ്ലാസ്റ്റേഴ്‌സിന്റെ അക്കൗണ്ടിലുള്ളത്.

ഒമ്പത് മത്സരങ്ങളിൽ നിന്ന് 23 പോയിന്റുമായി എഫ്.സി ഗോവയാണ് ഒന്നാം സ്ഥാനത്ത്. പത്ത് കളിയില്‍ 19 പോയന്റുള്ള മുംബൈ നാലാം സ്ഥാനത്താണ്.

TAGS :

Next Story