'കുടുംബത്തിന് ചെലവിന് കൊടുക്കാൻ സാധിക്കുന്നില്ല'; പെൻഷൻ മുടങ്ങിയതിൽ വികാരാധീനനായി സന്തോഷ് ട്രോഫി പരിശീലകൻ
സന്തോഷ് ട്രോഫി കേരളത്തിൽ കൊണ്ടുവരാൻ അരുണാചലിലെ തണുപ്പിലും മഴയത്തും മല്ലടിക്കുമ്പോൾ നാട്ടിൽ കുടുംബത്തിന് ചെലവിന് കൊടുക്കാൻ സാധിക്കുന്നില്ല.
ഇറ്റാനഗർ: സന്തോഷ് ട്രോഫി ഫുട്‌ബോൾ ക്വാർട്ടറിൽ നാളെ മിസോറാമിനെ നേരിടാനൊരുങ്ങവെ വ്യക്തിപരമായ പ്രയാസങ്ങളിൽ വികാരാധീനനായി കേരള പരിശീലകൻ സതീവൻ ബാലൻ രംഗത്ത്. പെൻഷൻ തുക മുടങ്ങിയതോടെ സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിനെതിരെയാണ് കോച്ച് രംഗത്തെത്തിയത്. കഴിഞ്ഞ 25 വർഷത്തിലധികമായി കേരളത്തിനും ഇന്ത്യയ്ക്കും വേണ്ടി ജോലി ചെയ്യുന്നു. ഒട്ടേറെ നേട്ടങ്ങളും നേടികൊടുത്തു.
എന്നാൽ ഇന്ന് പെൻഷൻ ലഭിക്കാത്ത സ്ഥിതിയാണ്. കഴിഞ്ഞ മാസത്തെ പെൻഷൻ ഇതുവരെ കിട്ടിയിട്ടില്ല. സർവ്വീസിൽ നിന്നു പിരിഞ്ഞാൽ ആനുകൂല്യങ്ങൾ നൽകാത്ത ഏക സ്ഥാപനമാണ് സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ. കേരളത്തിൽ മികച്ച നേട്ടങ്ങൾ ഉണ്ടാക്കിയെടുത്ത കായിക താരങ്ങളെ വാർത്തെടുക്കുന്ന പരിശീലകർക്ക് ആനുകൂല്യങ്ങളും ശമ്പളവും പെൻഷനും നൽകാൻമാത്രം കാശില്ല.
സന്തോഷ് ട്രോഫി കേരളത്തിൽ കൊണ്ടുവരാൻ അരുണാചലിലെ തണുപ്പിലും മഴയത്തും മല്ലടിക്കുമ്പോൾ നാട്ടിൽ കുടുംബത്തിന് ചെലവിന് കൊടുക്കാൻ സാധിക്കുന്നില്ല.കുട്ടികളെ പരിശീലിപ്പിക്കുന്ന പണിയായതിനാൽ കോടികൾ സമ്പാദിക്കാനും സാധിച്ചില്ല. മെസിയും അർജന്റീനയും വന്നാൽ ഇതിന് പരിഹാരമാകുകോ. അവരെ കൊണ്ടുവരാൻ കോടികൾ മുടക്കി പുതിയ സ്റ്റേഡിയം പണിയാൻ കാശുണ്ടാക്കുന്ന തിരക്കിലാണ് അധികാരികൾ. അർജന്റീനയുടെ സൗഹൃദ മത്സരം സംഘടിപ്പിച്ച ഒരു രാജ്യത്തും മെസി ഇതുവരെ കളിച്ചിട്ടില്ല. ഉള്ള സ്റ്റേഡിയങ്ങൾ ഇവിടുത്തെ കുട്ടികൾക്ക് നല്ല രീതിയിൽ ടെക്‌നിക് പഠിക്കാൻ കഴിയുന്ന രീതിയിൽ ഒരുക്കാൻ സാധിക്കുന്നില്ല. -സതീവൻ ബാലൻ ഫേസ്ബുക്കിൽ കുറിച്ചു.
1999ലാണ് സ്‌പോർട്‌സ് കൗൺസിലിൽ പരിശീലകനായി ചേർന്നത്. 2021 ഏപ്രിലിൽ ടെക്‌നിക്കൽ ഓഫീസർ തസ്തികയിലാണ് വിരമിച്ചത്. 13 വർഷത്തെ കിരീട ദാരിദ്ര്യത്തിന് അറുതി വരുത്തി 2018ൽ കേരളം സന്തോഷ് ട്രോഫി കിരീടം നേടുന്നത് സതീവൻ ബാലന് കീഴിലായിരുന്നു
Adjust Story Font
16