റയലിൽ എംബാപെയുടെ റോൾ;വിനീഷ്യസിനും റോഡ്രിഗോക്കുമൊപ്പം ഫ്രഞ്ച് താരവും ഒന്നിക്കുമ്പോൾ
2018 മുതൽ പി.എസ്.ജിയിൽ തുടരുന്ന ഫ്രഞ്ച് താരം കഴിഞ്ഞ മെയിയിലാണ് താൻ ക്ലബ് വിടുന്നതായി ഔദ്യോഗികമായി അറിയിച്ചത്.
- Updated:
2024-06-05 13:19:43.0
റയൽ മാഡ്രിഡ് പ്രവേശനത്തിന് പിന്നാലെ കിലിയൻ എംബാപെ സമൂഹ മാധ്യമങ്ങളിൽ കുറിച്ചത് ഇങ്ങനെയായിരുന്നു. ' ഒരു സ്വപ്‌നം യാഥാർത്ഥ്യമായി.. മാഡ്രിഡിസ്റ്റേ...നിങ്ങലെ കാണാൻ ഇനിയും കാത്തിരിക്കാനാവില്ല. അവിശ്വസനീയ പിന്തുണക്ക് നന്ദി. ഹല മാഡ്രിഡ്'. റയൽ മാഡ്രിഡ് കുപ്പായത്തിൽ കുട്ടിക്കാലത്ത് ക്രിസ്റ്റ്യാനോക്കൊപ്പം നിൽക്കുന്ന ചിത്രം പോസറ്റ് ചെയ്തതിലൂടെ ലോസ് ബ്ലാങ്കോസിലേക്കെത്തുന്നത് താൻ എത്രമാത്രം കൊതിച്ചതാണെന്ന് വ്യക്തമാക്കുക കൂടിയാണ് താരം ചെയ്തത്. 15ാം ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കി മണിക്കൂറുകൾക്കകം ഫ്രഞ്ച് താരത്തെ കൂടി കൂടാരത്തിലെത്തിക്കുക വഴി സ്പാനിഷ് ക്ലബ് എതിരാകളികൾക്ക് നൽകുന്നത് വരും കാലത്തേക്കുള്ള ശക്തമായ മുന്നെറിയിപ്പ് കൂടിയാണ്. അഞ്ചു വർഷത്തേക്ക് ഞങ്ങളുടെ ആക്രമണം നയിക്കാൻ എംബാപെ സാന്റിയാഗോ ബെർണബ്യൂവിലുണ്ടാകും.
കഴിഞ്ഞ സീസണിൽ സ്പാനിഷ് ലീഗ് കിരീടവും യുവേഫ ചാമ്പ്യൻസ് ലീഗും ഷെൽഫിലെത്തിച്ച റയലിന് ഇനി എംബാപെയുടെകൂടി ആവശ്യമുണ്ടോ.. സംശയം ഫുട്‌ബോൾ സർക്കിളുകളിൽ പ്രചരിക്കുമ്പോഴും വൻതുക മുടക്കി താരത്തെയെത്തിക്കുമ്പോൾ റയൽ പ്രസിഡന്റ് ഫ്‌ളോറന്റീനോ പെരസ് എന്ന തന്ത്രഞ്ജന് മുന്നിലൊരു ലക്ഷ്യമുണ്ട്. അവിടേക്കാണ് ചുവപ്പ് പരവതാനി വിരിച്ച് 25കാരനെ എത്തിക്കുന്നത്. എംബാപെ ഇനി അറിയപ്പെടാൻ പോകുന്നത് റയലിന് മുൻപും ശേഷവും എന്ന നിലയിലായിരിക്കും.
റയൽ മാഡ്രിഡിൽ എംബാപെയുടെ സ്ഥാനം എവിടെയായിരിക്കും. ആരാധകരെല്ലാം കൗതുകത്തോടെ കാണാൻ ആഗ്രഹിക്കുന്നതും അടുത്ത സീസണിലെ ടീം കോമ്പിനേഷനാണ്. എന്നാൽ കാർലോ അൻസലോട്ടിയെന്ന പരിചയസമ്പന്നനായ ഡോൺ കാർലോക്ക് ഇക്കാര്യത്തിൽ സംശയമൊന്നുമുണ്ടാകാനിടയില്ല. ജൂഡ് ബെല്ലിങ്ഹാമിനെ മുൻനിർത്തി 4-4-2 എന്ന ഫോർമേഷനായിരിക്കും ടീം പരീക്ഷിക്കുകയെന്നാണ് വിലയിരുത്തൽ. എന്നാൽ ടീം ആവശ്യപ്പെടുന്നതനുസരിച്ച് സ്വിച്ച് ചെയ്ത് കളിക്കാൻ ഈ ഇംഗ്ലീഷ് താരത്തിന് കഴിയും. വിനീഷ്യസിനൊപ്പം എംബാപെയും കൂടിചേരുന്നതോടെ ലോകത്തിലെ അപകടകാരിയായ മുന്നേറ്റനിരയായാണ് സ്പാനിഷ് ക്ലബ് മാറുക. ഇടതുവിങ് അടക്കിവാണ ബ്രസീലിയൻ വിനീഷ്യസിനെ മാറ്റിപരീക്ഷിക്കാൻ ഇറ്റാലിയൻ കോച്ച് തയാറായേക്കില്ല. പ്ലേമേക്കറുടെ റോളിലും വലതുവിങിലുമെല്ലാം കളിക്കാൻ കെൽപുള്ള താരമാണ് റോഡ്രിഗോ. 4-3-3 ഫോർമേഷനിലും നിരവധി ഓപ്ഷനുകളാണ് ആൻസലോട്ടിക്ക് മുന്നിലുള്ളത്. ഇരു വിങുകളിലും റോഡ്രിഗോയും വിനീഷ്യനും മധ്യത്തിൽ എംബാപെയുമായിരിക്കും ഇറങ്ങുക. സ്‌ട്രൈക്കർ റോളിൽ ബെല്ലിങ്ഹം കൂടിയിറങ്ങുന്നതോടെ വർത്തമാനകാല ഫുട്‌ബോളിലെ ഏറ്റവും മികച്ച സഖ്യമായിമാറുമിത്.
2018 മുതൽ പി.എസ്.ജിയിൽ തുടരുന്ന ഫ്രഞ്ച് താരം കഴിഞ്ഞ മെയിയിലാണ് താൻ ക്ലബ് വിടുന്നതായി ഔദ്യോഗികമായി അറിയിച്ചത്. ലീഗ് കിരീടങ്ങൾ നേടിയെങ്കിലും യൂറോപ്പിലെ പ്രസ്റ്റീജ്യസായ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് കടന്നുവരാൻ ഫ്രാൻസിലെ ഈ മുൻനിരക്ലബിനായിരുന്നില്ല. ലയണൽമെസി-നെയ്മർ-എംബാപെ ഒരുമിച്ചു കളിച്ചിട്ടും കിരീടം അകന്നുനിന്നു. ഗ്രൗണ്ടിൽ നിരാശയോടെ മുഖംതിരിക്കുന്ന എംബാപയെ ക്യാമറകണ്ണുകൾ പലകുറി കാണിച്ചിരുന്നു. ഇത്തവണ ചാമ്പ്യൻസ് ലീഗിൽ കിരീട പ്രതീക്ഷയോടെയെത്തിയ പി.എസ്.ജി സെമിയിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനോട് തോറ്റ് പുറത്താകുകയായിരുന്നു.
ലോകകപ്പ് കിരീടവും നാഷണൽസ് ലീഗുമെല്ലാം ഫ്രാൻസിനൊപ്പം നേടിയ എംബാപെയ്ക്ക് കരിയറിൽ ഇനി ആവശ്യം ക്ലബ് ഫുട്‌ബോളിലെ ട്രോഫികളാണ്. ഇവിടെ സക്‌സസിലേക്ക് നയിക്കാൻ റയലിനോളം മികച്ചൊരു ക്ലബ് വേറെയില്ല. ഫ്രഞ്ച് ക്ലബുമായി കരാർ അവസാനിച്ചതോടെ ഫ്രീ ഏജന്റായാണ് എംബാപെയുടെ വരവ്. വർഷംതോറും ഒന്നര കോടി യൂറോ(ഏകദേശം 136 കോടി രൂപ)യാണ് താരത്തിന്റെ പ്രതിഫലമെന്നാണ് റിപ്പോർട്ടുകൾ. സൈനിങ് ബോണസായി 8.5 കോടി പൗണ്ടും(ഏകദേശം 900 കോടി)യും താരത്തിന് നൽകേണ്ടിവരും. യൂറോ കിരീടം തിരിച്ചുപിടിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് എംബാപെ ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു. യൂറോക്ക് മുൻപായി സാന്റിയാഗോ ബെർണാബ്യൂവിൽ സൂപ്പർ താരത്തിന് ഗ്രാന്റ് വരവേൽപ്പൊരുക്കാനും റയൽ ലക്ഷ്യമിടുന്നു. പി.എസ്.ജിക്കായി ഏഴ് സീസൺ കളിച്ച യുവതാരം ആറു ഫ്രഞ്ച് ലീഗ് കിരീടവും നാല് ഫ്രഞ്ച് കപ്പുമാണ് നേടിയത്.
Adjust Story Font
16