ഗോളടിച്ച് മെസിയും സുവാരസും; ഇന്റർ മയാമി കോൺകകാഫ് ക്വാർട്ടറിൽ
എട്ടാം മിനിറ്റിൽ മെസിയുടെ അസിസ്റ്റിൽ സുവാരസാണ് ആദ്യം വലകുലുക്കിയത്.
മയാമി: നാഷ്‌വില്ലയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് കീഴടക്കി കോൺകകാഫ് ചാമ്പ്യൻസ് കപ്പ് ക്വാർട്ടറിൽ പ്രവേശിച്ച് ഇന്റർ മയാമി. സൂപ്പർ താരം ലയണൽ മെസിയും ലൂയിസ് സുവാരസും ഗോളുമായി തിളങ്ങി. പ്രീ ക്വാർട്ടറിലൽ രണ്ട് പാദങ്ങളിലുമായി 5-3നായിരുന്നു മയാമിയുടെ ജയം. മെസിയും സുവാരസും ഓരോ ഗോളും അസിസ്റ്റും സ്വന്തമാക്കി. റോബർട്ട് ടെയ്ലറാണ് മറ്റൊരു ഗോൾ സ്വന്തമാക്കിയത്. നാഷ്വില്ലെക്കായി സാം സുറിഡ്ജ് ആശ്വാസ ഗോൾ കണ്ടെത്തി.
എട്ടാം മിനിറ്റിൽ മെസിയുടെ അസിസ്റ്റിൽ സുവാരസാണ് ആദ്യം വലകുലുക്കിയത്. ബോക്സിന് പുറത്ത്നിന്നും മെസി നൽകിയ ത്രൂ ബോൾ അനായാസം വലയിലാക്കുകയായിരുന്നു. 23-ാം മിനിറ്റിൽ മെസിയുടെ വകയായിരുന്നു രണ്ടാംഗോൾ. ഡിയേഗോ ഗോമസാണ് ഗോളിന് വഴിയൊരുക്കിയത്. നാഷ്വില്ലെ ബോക്സിൽ നിന്ന് പരാഗ്വെൻ താരം നൽകിയ പാസ് സ്വീകരിച്ച അർജന്റൈൻ താരം ഗോൾകീപ്പറെ കാഴ്ചക്കാരനാക്കി ഉജ്ജ്വലഷോട്ടിലൂടെ പന്ത് വലയിലാക്കി.
63-ാം മിനിറ്റിലാണ് മത്സരത്തിലെ മൂന്നാം ഗോൾ പിറന്നത്. ഇത്തവണ സുവാരസിന്റെ അസിസ്റ്റിൽ ടെയ്ലർ വല കുലുക്കി. ബോക്സിന് പുറത്ത് നിന്ന് സുവാരസ് നൽകിയ ക്രോസിൽ ടെയ്ലർ തല വെക്കുകയായിരുന്നു. മെസിക്കും സുവാരസിനും പുറമെ നേരത്തെ ബാഴ്‌സയിലുണ്ടായിരുന്ന സെർജിയോ ബുസ്‌കെറ്റ്‌സും ജോഡി ആൽബയും ടീമിലുണ്ടായിരുന്നു. ബാഴ്‌സയിലെ പ്രകടനം ഓർമിപ്പിക്കുന്നതായി നാഷ്‌വില്ലക്കെതിരായ മത്സരം.
Adjust Story Font
16