ലയണൽ മെസ്സി ഇന്റർ മയാമി വിടും; വിരമിക്കൽ മറ്റൊരു ക്ലബിൽ
ഇന്റർ മയാമിയിൽ രണ്ടു വർഷത്തെ കരാറാണ് മെസ്സിക്കുള്ളത്.
ന്യൂയോർക്ക്: ഇതിഹാസതാരം ലയണൽ മെസ്സി 2025ൽ ഇന്റർ മയാമി വിടുമെന്ന് റിപ്പോർട്ട്. സ്‌പെയിൻ കായികമാധ്യമമായ എൽ നാഷണലാണ് വാർത്ത റിപ്പോർട്ടു ചെയ്തത്. താരം കുട്ടിക്കാലത്ത് കളിച്ചു വളർന്ന അർജന്റീനൻ ക്ലബ് ന്യൂവെൽസ് ഓൾഡ് ബോയ്‌സിലേക്ക് പോകുമെന്നാണ് എൽ നാഷണൽ പറയുന്നത്. കഴിഞ്ഞ സീസണിൽ ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയിൽ നിന്നാണ് മെസ്സി മേജർ സോക്കർ ലീഗിലെത്തിയത്.
ഇന്റർ മയാമിയിൽ രണ്ടു വർഷത്തെ കരാറാണ് മെസ്സിക്കുള്ളത്. 2025 ഡിസംബറിൽ കരാർ അവസാനിക്കും. പ്രതിവർഷം 50 - 60 ദശലക്ഷം ഡോളറാണ് പ്രതിഫലം. ഇതുകൂടാതെ ആപ്പിൽ, അഡിഡാസ് കമ്പനികളുമായി പ്രത്യേക സാമ്പത്തിക കരാറുമുണ്ട്.
റൊസാരിയോ ആസ്ഥാനമായ ഓൾഡ് ന്യൂവെൽസിൽ വച്ച് വിരമിക്കണമെന്ന ആഗ്രഹം മെസ്സി നേരത്തെ പ്രകടിപ്പിച്ചതാണ്. പതിനൊന്നാം വയസ്സിൽ ഈ ക്ലബ്ബിൽ നിന്നാണ് മെസ്സി സ്പാനിഷ് ക്ലബ്ബായ ബാഴ്‌സയിലേക്ക് പോയിരുന്നത്. രണ്ട് ദശാബ്ദം നീണ്ട സ്വപ്‌നതുല്യമായ കരിയറായിരുന്നു ബാഴ്‌സയിൽ മെസ്സിയുടേത്.
അതിനിടെ, മെസ്സിയുടെ മയാമിയും ക്രിസ്റ്റ്യാനോ റൊണോൾഡോയുടെ അൽ നസ്‌റും തമ്മിൽ ചൈനയിൽ സൗഹൃദ മത്സരം കളിക്കുമെന്ന് റിപ്പോർട്ടുണ്ട്. ജനുവരിയിൽ മെസ്സി ഉൾപ്പെട്ട പിഎസ്ജിയും ക്രിസ്റ്റ്യാനോയുടെ നേതൃത്വത്തിലുള്ള സൗദി പ്രോ ലീഗ് ആൾ സ്റ്റാർസും തമ്മിൽ ഏറ്റുമുട്ടിയിരുന്നു.
Adjust Story Font
16