Quantcast

കണങ്കാലിൽ ചോരയൊലിച്ചു, വേദന കൊണ്ടു പുളഞ്ഞു; എന്നിട്ടും തിരിച്ചു കയറാതെ, സമർപ്പണത്തിന്റെ ആൾരൂപമായി മെസ്സി

കൊളംബിയയുടെ ഇടതു ബാക്ക് ഫ്രാങ്ക് ഫാബ്രയുടെ കടുത്ത ടാക്കിളിലാണ് മെസ്സിക്ക് പരിക്കേറ്റത്. രണ്ടാം പകുതിയിലായിരുന്നു സംഭവം

MediaOne Logo

Sports Desk

  • Published:

    7 July 2021 8:30 AM GMT

കണങ്കാലിൽ ചോരയൊലിച്ചു, വേദന കൊണ്ടു പുളഞ്ഞു; എന്നിട്ടും തിരിച്ചു കയറാതെ, സമർപ്പണത്തിന്റെ ആൾരൂപമായി മെസ്സി
X

കോപ്പ അമേരിക്ക സെമി ഫൈനലിൽ കൊളംബിയയ്‌ക്കെതിരെ സമർപ്പണത്തിന്റെ ആൾരൂപമായി അർജന്റൈൻ ഇതിഹാസം ലയണൽ മെസ്സി. കണങ്കാലിന് പരിക്കേറ്റ് സോക്‌സിൽ നിറയെ ചോര പറ്റിയിട്ടും മൈതാനത്തു നിന്ന് തിരിച്ചു കയറാൻ കൂട്ടാക്കാത്ത മെസ്സിയുടെ മനോവീര്യം ആരാധകർ നെഞ്ചിൽ ചേർത്തുവയ്ക്കുകയാണ് ഇപ്പോള്‍.

കൊളംബിയയുടെ ഇടതു ബാക്ക് ഫ്രാങ്ക് ഫാബ്രയുടെ കടുത്ത ടാക്കിളിലാണ് മെസ്സിക്ക് പരിക്കേറ്റത്. രണ്ടാം പകുതിയിലായിരുന്നു സംഭവം. എന്നാൽ മുറിവ് സാരമാക്കാതെ താരം കളി തുടരുകയായിരുന്നു. മത്സരത്തിലുടനീളം കടുത്ത ഫൗളിനാണ് താരം വിധേയനായത്. കൊളംബിയൻ താരങ്ങൾക്കെതിരെ റഫറി ആറു മഞ്ഞക്കാർഡാണ് ഉയർത്തിയത്. ഇത് ആറും മെസ്സിക്കെതിരെയുള്ള ഫൗളിനായിരുന്നു. രണ്ടാം പകുതിയുടെ മിക്കസമയവും മുറിവേറ്റ കാലുമായാണ് മെസ്സി കളിച്ചത്. പരിക്ക് സാരമില്ലെന്നാണ് റിപ്പോർട്ട്.

അതിനിടെ, കളത്തിൽ പതിവു പോലെ മികച്ച കളിയാണ് മെസ്സി പുറത്തെടുത്തത്. കളിയുടെ ഏഴാം മിനിറ്റിൽ മെസ്സിയുടെ അസിസ്റ്റിൽ നിന്നാണ് ലൗതാര മാർട്ടിനെസ് കൊളംബിയൻ വല കുലുക്കിയത്. ലോസെൽസോ ബോക്‌സിലേക്ക് നൽകിയ ത്രൂബോൾ മെസ്സി ഡിഫൻഡർമാരെ വെട്ടിച്ച് മാർട്ടിനസിന് നീട്ടി നൽകുകയായിരുന്നു. എന്നാൽ 61-ാം മിനിറ്റിൽ ലൂയിസ് ഡിയാസ് സീറോ ആംഗിളിൽ നിന്ന് ഗോൾ തിരിച്ചടിച്ചു. പിന്നീട് ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളിനായിരുന്നു അർജന്റീനയുടെ ജയം. ഷൂട്ടൗട്ടിൽ ഗോളി എമിലിയാനോ മാർട്ടിനസിന്റെ തകർപ്പൻ സേവുകളാണ് അർജീന്റീനയ്ക്ക് ഫൈനലിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചത്.


ബ്രസീൽ-അർജന്റീന ഫൈനൽ

ഒരു പതിറ്റാണ്ടിനിപ്പുറമാണ് അർജൻറീന ബ്രസീൽ ഫൈനലിന് ഫുട്‌ബോൾ ലോകം സാക്ഷിയാകുന്നത്.. 2007ഇൽ അർജൻറീനയുടെ കണ്ണീർ വീണ കോപ്പ അമേരിക്ക ഫൈനലിനിപ്പുറം ബ്രസീൽ-അർജൻറീന കലാശ പോരാട്ടങ്ങളുണ്ടായിട്ടില്ല. പിന്നീട് ഇരുവരും നേർക്ക് നേർ വന്ന നോക്കൌട്ട് പോരാട്ടം 2019 കോപ്പ സെമി ഫൈനലായിരുന്നു. അന്നും വിജയം കാനറിപ്പടക്കൊപ്പമായിരുന്നു. ആദ്യ കാലങ്ങളിൽ നേർക്കുനേർ വന്ന ഫൈനലുകളിലെല്ലാം മൃഗീയാധിപത്യം പുലർത്തിയ അർജൻറീനക്ക് 91ന് ശേഷം ബ്രസീലിനെ വീഴ്ത്താനായിട്ടില്ല എന്നത് മുറിപ്പാടായി അവശേഷിക്കുമെന്ന് തീർച്ചയാണ്. 91ന് ശേഷം ഇരുവരും ഏറ്റുമുട്ടിയത് 2004ലെ കോപ്പ അമേരിക്ക ഫൈനലിലാണ്. അന്ന് ഷൂട്ടൌട്ടിലാണ് മഞ്ഞപ്പട അർജൻറീനയെ വീഴ്ത്തിയത്.


നേർക്കുനേർ വന്ന കോപ്പ ഫൈനലുകളിലെ കണക്കുകൾ പരിശോധിക്കുമ്പോൾ വ്യക്തമായ ആധിപത്യം അർജൻറീനക്ക് തന്നെയാണ്. പത്ത് ഫൈനലുകളിൽ ഇരുടീമുകളും മുഖാമുഖം വന്നപ്പോൾ എട്ടിലും വിജയം അർജൻറീനക്കൊപ്പമായിരുന്നു. 91ന് ശേഷം നടന്ന രണ്ട് ഫൈനലുകളിൽ മാത്രമാണ് ബ്രസീലിന് വിജയിക്കാനായത്. പിന്നെ ഒരു സെമിഫൈനലിലും... ആകെയുള്ള കോപ്പ വിജയങ്ങളുടെ പട്ടികയിലും അർജൻറീനയാണ് മുന്നിൽ. 14 തവണ അർജൻറീന കിരീടം നേടിയപ്പോൾ ബ്രസീലിന് കപ്പടിക്കാൻ കഴിഞ്ഞത് ഒൻപത് തവണയാണ്. പക്ഷേ 90കൾക്ക് ശേഷമുള്ള ബ്രസീലിൻറെ കരുത്ത് പരിശോധിക്കുമ്പോൾ അർജൻറീന പിന്നിലാണെന്ന് തന്നെ പറയേണ്ടിവരും.


91ലും 93ലും കിരീടം നേടിയ ശേഷം അർജൻറീനക്ക് കോപ്പ അമേരിക്ക കിട്ടാക്കനിയാണ്. 89 തൊട്ട് 2019 വരെയുള്ള കണക്കെടുക്കുമ്പോൾ ബ്രസീൽ കിരീടമുയർത്തിയത് ആറ് തവണയും...മാത്രമല്ല, നിലവിലെ കോപ്പ ചാമ്പ്യന്മാർ കൂടിയാണ് ബ്രസീൽ എന്ന വസ്തുതയും ചേർത്ത് വായിക്കേണ്ടി വരും. മറുവശത്ത് 90ന് ശേഷം കിരീടനേട്ടമുണ്ടാക്കാൻ അർജൻറീനക്ക് സാധിച്ചില്ലെങ്കിലും നാല് തവണ ഫൈനലിലാണ് ടീം വീണുപോയത്.

TAGS :

Next Story