Quantcast

'കൂമാനും ലാപോര്‍ട്ടയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ താരങ്ങളെ ബാധിക്കുന്നു': സുവാരസ്

ലാലിഗയില്‍ നാളെ സുവാരസിന്റെ ടീമായ അത്‌ലറ്റിക്കോ മാഡ്രിഡ് ബാഴ്‌സലോണയെ നേരിടാന്‍ ഒരുങ്ങുകയാണ്

MediaOne Logo

Web Desk

  • Published:

    1 Oct 2021 10:29 AM GMT

കൂമാനും ലാപോര്‍ട്ടയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ താരങ്ങളെ ബാധിക്കുന്നു: സുവാരസ്
X

ബാഴ്‌സലോണയുടെ തുടര്‍ച്ചയായ തോല്‍വിയില്‍ പ്രതികരണവുമായി മുന്‍ ബാഴ്‌സ സ്‌ട്രൈക്കര്‍ സുവാരസ്. ഇപ്പോഴത്തെ അവസ്ഥയില്‍ സങ്കടമുണ്ട് ,ബാഴ്‌സലോണ പ്രസിഡന്റ് ലപോര്‍ട്ടയും പരിശീലകന്‍ കൂമാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ടീമിനെയും താരങ്ങളെയും ഏറെ ബാധിക്കുന്നുണ്ട് സുവാരസ് പറഞ്ഞു. ലാലിഗയില്‍ നാളെ സുവാരസിന്റെ ടീമായ അത്‌ലറ്റിക്കോ മാഡ്രിഡ് ബാഴ്‌സലോണയെ നേരിടാന്‍ ഒരുങ്ങുകയാണ്. അതിനു മുമ്പായിരുന്നു സുവാരസിന്റെ പ്രസ്താവന. താന്‍ ബാഴ്‌സലോണ വിടാന്‍ കാരണം കൂമാന്‍ ആയിരുന്നു. അദ്ദേഹം തന്നെ ഒരു 15കാരനെ പോലെയാണ് പരിഗണിച്ചതെന്നും സുവാരസ് പറഞ്ഞു.

അന്നത്തെ പ്രസിഡന്റ് ബാര്‍തമെയു തന്നെ കുറിച്ച് തെറ്റായ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി എന്ന് സുവാരസ് പറഞ്ഞു. ബാഴ്‌സലോണയോട് തനിക്ക് സ്‌നേഹം ഉള്ളത് കൊണ്ട് തന്നെ നാളെ ഗോളടിച്ചാലും ആഹ്ലാദിക്കില്ലെന്നും സുവാരസ് പറഞ്ഞു. ലാലിഗയിലും ചാമ്പ്യന്‍സ് ലീഗിലും ബാഴ്‌സ മോശം പ്രകടനമാണ് കാഴ്ചവെക്കുന്നത്. ചാമ്പ്യന്‍സ് ലീഗിലെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരത്തിലും ദയനീയ തോല്‍വിയാണ് ബാഴ്‌സ ഏറ്റുവാങ്ങിയത്. ചാമ്പ്യന്‍സ് ലീഗിലെ അവസാന മത്സരത്തില്‍ ബെന്‍ഫികയാണ് ബാഴ്‌സയെ പരാജയപ്പെടുത്തിയത്. മൂന്നു ഗോളുകള്‍ക്കായിരുന്നു ബെന്‍ഫികയുടെ ജയം. തുടക്കം തന്നെ പിഴച്ച ബാഴ്സ്സയെ പ്രതിരോധത്തിലാക്കി മൂന്നാം മിനുട്ടില്‍ തന്നെ ബെന്‍ഫിക ലീഡെടുത്തു. ബാഴ്‌സലോണയുടെ പ്രതിരോധ നിര ഡിഫന്‍സിന്റെ ബാലപാഠം മറന്നപ്പോള്‍ ഡാര്‍വിന്‍ നുനസാണ് ആദ്യം സ്‌കോര്‍ ചെയ്തത്.

ആദ്യ പകുതി 1-0ന് അവസാനിപ്പിച്ച ബെന്‍ഫിക രണ്ടാം പകുതിയിലും ബാഴ്‌സലോണയെ വട്ടം കറക്കി. 69ആം മിനുട്ടില്‍ റാഫാ സില്‍വ ബാഴ്‌സയുടെ നെഞ്ചില്‍ രണ്ടാമത്തെ വെടിയും പൊട്ടിച്ചു. ജവൊ മറിയയുടെ പാസില്‍ നിന്നായിരുന്നു ഈ ഗോള്‍. രണ്ടാം ഗോള്‍ വീണതോടെ ബാഴ്‌സലോണ ഏറെക്കുറെ പരാജയം സമ്മതിച്ചിരുന്നു. എങ്കിലും ബെന്‍ഫികക്ക് കളി അവിടെ നിര്‍ത്താന്‍ ഉദ്ദേശ്യമുണ്ടായിരുന്നില്ല. 79ആം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെ ബെന്‍ഫികയുടെ മൂന്നാം ഗോളും വന്നു. ആദ്യ ഗോള്‍ സ്‌കോര്‍ ചെയ്ത ഡാര്‍വിന്‍ നുനസ് തന്നെയാണ് പെനാല്‍റ്റി എടുത്തത്. പിഴയ്ക്കാതെ കിക്കെടുത്ത നുനസ് പന്ത് വലയിലെത്തിച്ചു. നേരത്തെ ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ബയേണോടും ബാഴ്‌സലോണ പരാജയപ്പെട്ടിരുന്നു. രണ്ട് മത്സരങ്ങളില്‍ നിന്ന് ആറു ഗോള്‍ വഴങ്ങിയ ബാഴ്‌സലോണക്ക് തിരികെ ഒരു ഗോള്‍ പോലും നേടാന്‍ സാധിച്ചിരുന്നില്ല. നിലവില്‍ ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരാണ് ബാഴ്‌സ.

TAGS :

Next Story