പ്രതിരോധിച്ച് ജയിച്ച ആഞ്ചലോട്ടിയും ആക്രമിച്ച് പരാജയപ്പെട്ട ഗ്വാർഡിയോളയും
മാഡ്രിഡിസ്റ്റകൾക്ക് ഫുട്ബോളെന്നത് ഒരു ഫിലോസഫിക്കൽ പ്രസ്ഥാനമോ കവിതയോ ഒന്നുമല്ല. ജയിക്കാനുള്ള കളി മാത്രമാണ്. അവരതിൽ വിജയിക്കുകയും ചെയ്തിരിക്കുന്നു.
‘‘ഞങ്ങൾ തീർന്നെന്ന് കരുതിയവരാണ് എല്ലാവരും. പക്ഷേ റയൽ മഡ്രിഡ് ഒരിക്കലും ഒരു കാലത്തും മരിക്കാൻ പോകുന്നില്ല..’’
മത്സര ശേഷം മഡ്രിഡ് കോച്ച് കാർലോ ആഞ്ചലോട്ടിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു. തീർച്ചയായും ആഞ്ചലോട്ടിക്ക് അങ്ങനെ പറയാനുള്ള എല്ലാ അവകാശവുമുണ്ട്. കാരണം അവർ ഇത്തിഹാദിന്റെ കളിത്തളികയിലിട്ട് ചാമ്പ്യൻസ് ലീഗ് ഫേവറിറ്റുകളായ മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തിയിരിക്കുന്നു. നീലത്തിരമാല കണക്കേ ആർത്തിരമ്പി സിറ്റി റയൽ ഗോൾമുഖത്തേക്ക് പാഞ്ഞടുത്തപ്പോഴും ബബിൾഗം ചവച്ചുനിന്ന ആൻസലോട്ടിയുടെ മുഖം അക്ഷോഭ്യമായിരുന്നു. കാരണം പ്രതിരോധം തന്നെയാണ് ഏറ്റവും നല്ല ആക്രമണം എന്ന താൻ പരീക്ഷിച്ച് വിജയിച്ച സ്ട്രാറ്റജിയായിരുന്നു മത്സരത്തിലുടനീളം റയൽ പുറത്തടുത്തത്. മത്സരത്തിന്റെ ആദ്യത്തിൽ തന്നെ ഗോൾ നേടാനായത് ആ ആത്മവിശ്വാസത്തെ ഒന്നൂകൂടി വർധിപ്പിച്ചു. കിട്ടുന്ന അവസരത്തിൽ കൗണ്ടർ അറ്റാക്കിലൂടെ അവസരങ്ങൾ നേടിയെടുക്കുക എന്നതായിരുന്നു ലക്ഷ്യമെങ്കിലും ഇടവേളകളില്ലാതെ ഇരച്ചുകയറിയ സിറ്റിയെ തടുത്തുനിർത്തുന്നതിനടിയിൽ അതിന് സാധിക്കാതെ പോയി.
പക്ഷേ അതിലൊന്നും മഡ്രിഡുകാർക്കും ആരാധകർക്കും നിരാശയൊന്നുമില്ല. കാരണം ഇത്തിഹാദിൽ നിന്നും മടങ്ങുന്നത് വിജയികളായാണ്. മാഡ്രിഡിസ്റ്റകൾക്ക് ഫുട്ബോളെന്നത് ഒരു ഫിലോസഫിക്കൽ പ്രസ്ഥാനമോ കവിതയോ ഒന്നുമല്ല. ജയിക്കാനുള്ള കളി മാത്രമാണ്. അവരതിൽ വിജയിക്കുകയും ചെയ്തിരിക്കുന്നു.
എന്നാൽ സിറ്റി കോച്ച് ഗാർഡിയോളക്ക് ഫുട്ബോളെന്നത് ഒരു ഫിലോസഫിക്കൽ സംസ്കാരത്തിന്റെ തുടർച്ചയാണ്. കാരണം അയാൾ വരുന്നത് മാഡ്രിഡിന്റെ വിപരീത ദിശയിലുള്ള കാറ്റലോണിയയിൽ നിന്നാണ്. യൊഹാൻ ക്രൈഫും ബാഴ്സലോണയും വളർത്തിയെടുത്ത കാൽപന്ത് സംസ്കാരമാണ് അയാളുടെ സിരകളിലോടുന്നത് . പൊസിഷൻ ഫുട്ബോളാണ് അയാളുടെ മതം. മത്സരത്തിൽ എത്ര സമയം പന്ത് കൈവശം വെക്കുന്നുവോ അത്രത്തോളം വിജയിക്കാനുള്ള സാധ്യതയും വർധിക്കുന്നു എന്നയാൾ വിശ്വസിക്കുന്നു. റയലുമായുള്ള മത്സരം തന്നെ നോക്കൂ.. മത്സരത്തിന്റെ 68 ശതമാനവും പന്ത് കാലുകളിലുണ്ട്. 33 ഷോട്ടുകൾ തൊടുക്കുകയും 18 കോർണറുകൾ നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്. കണക്കുകളിൽ റയൽ അടുത്തെങ്ങുമില്ല. പക്ഷേ അവസാനം ചിരിച്ചത് റയലായിരുന്നു.
മത്സര ശേഷം വാർത്ത സമ്മേളനത്തിന് വന്നിരുന്ന ഗ്വാർഡിയോളയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. എനിക്കൊരു കുറ്റബോധവുമില്ല... ആക്രമണത്തിലും പ്രതിരോധത്തിലും ആവുന്നതെല്ലാം ഞങ്ങൾ ചെയ്തിട്ടുണ്ട്. ഫുട്ബോൾ എന്നത് ഗോൾ സ്കോർ ചെയ്യുന്നതിനെ അനുസരിച്ചിരിക്കുന്ന കളിയാണ്. പെനൽറ്റി സ്പോട്ടിൽ അവർ ഞങ്ങളേക്കാൾ അൽപ്പം ഭേദപ്പെട്ട രീതിയിൽ കളിച്ചു. എന്റെ എല്ലാ കളിക്കാർക്കും നന്ദി. ഞാനിത് എന്റെ ഹൃദയത്തിൽ നിന്നാണ് പറയുന്നത്.
അദ്ദേഹം പറഞ്ഞുനിർത്തി.
പക്ഷേ ഗാർഡിയോളയെ കണ്ടവർക്കറിയാം ആ മുഖത്ത് പരാജയത്തിന്റെ ഭാരം വല്ലാതെയുണ്ടായിരുന്നു. വാടിയ കണ്ണുകളും ചുവന്നുതുടുത്ത മുഖവും മനസ്സിലെ ഭാരം എടുത്തുകാണിക്കുണ്ടായിരുന്നു. കാരണം സ്വന്തം തട്ടകമായ ഇത്തിഹാദിൽ മഡ്രിഡിനെ തരിപ്പണമാക്കാനുള്ള ആയുധങ്ങളെല്ലാമുണ്ടായിട്ടും അതിന് സാധിക്കാതെപോയതിന്റെ സങ്കടം തീർച്ചയായുമുണ്ടാകും. കാരണം പെപ് ഗാർഡിയോളയെന്ന മനുഷ്യന്റെ കളിജീവിതവും പരിശീലന ജീവിതവുമെല്ലാം നിർണയിക്കപ്പെട്ടിരുന്നത് മാഡ്രിഡിനെതിരെയുള്ള യുദ്ധങ്ങളിലൂടെയാണ്. അതുകൊണ്ടുതന്നെ സ്പോർട്മാൻ സ്പിരിറ്റിന്റെ വാക്കുകൾ എത്ര പറഞ്ഞാലും റയലിനെതിരെയുള്ള തോൽവി വല്ലാതെ വേദനിപ്പിക്കുമെന്നുറപ്പ്.
ഇതുകൊണ്ടൊന്നും അയാൾ തളരാൻ പോകുന്നില്ല. മഡ്രിഡ് പോരാളികൾക്ക് മുന്നിൽ അയാൾ വീണുപോകുന്നത് ആദ്യമായൊന്നുമല്ല. എന്നാൽ ബാഴ്സക്കൊപ്പവും സിറ്റിക്കൊപ്പവുമെല്ലാം ചേർന്ന് അതിലേറെ മനോഹരമായി മഡ്രിഡിനെ തകർത്തുകളഞ്ഞിട്ടുമുണ്ട്. യൂറോപ്പിന്റെ മൈതാനങ്ങളിൽ രാവ് പൂക്കുമ്പോൾ പുതിയ തന്ത്രങ്ങളുമായി മഡ്രിഡിനെ വീഴ്ത്താൻ വീണ്ടുമയാൾ വരിക തന്നെ ചെയ്യും.
Adjust Story Font
16