Quantcast

ഫലം നിർണായകം; പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി- ലിവർപൂൾ തട്ടുതകർപ്പൻ പോര് ഇന്ന്

ഗണ്ണേഴ്‌സിനേക്കാൾ ഒരു മത്സരം കുറവ് കളിച്ചിട്ടുള്ള സിറ്റിയ്ക്ക് ഇന്ന് വിജയിക്കാനായാൽ അവരുമായുള്ള പോയിൻറ് വിടവ് കുറയ്ക്കാനാകും

MediaOne Logo

Sports Desk

  • Published:

    1 April 2023 10:07 AM GMT

Manchester City-Liverpool match today in the Premier League
X

mohamed Salah, Erling Haaland

പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും തമ്മിലുള്ള തട്ടുതകർപ്പൻ പോരാട്ടമിന്ന് നടക്കും. സിറ്റിയുടെ ഹോം ഗ്രൗണ്ടായ ഇത്തിഹാദ് സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഇന്ത്യൻ സമയം വൈകീട്ട് അഞ്ച് മണിക്കാണ് മത്സരം. ലീഗിലെ നിലവിലുള്ള ജേതാക്കളായ സിറ്റി പോയിൻറ് പട്ടികയിൽ ഒന്നാമതുള്ള ആഴ്‌സണിനേക്കാൾ എട്ട് പോയിൻറ് പിറകിലാണ്. ആഴ്‌സണലിന് 28 മത്സരങ്ങളിൽനിന്ന് 69 പോയിൻറുണ്ടായിരിക്കെ രണ്ടാം സ്ഥാനത്തുള്ള സിറ്റിയ്ക്ക് 27 മത്സരങ്ങളിൽനിന്ന് 61 പോയിൻറാണുള്ളത്. ഗണ്ണേഴ്‌സിനേക്കാൾ ഒരു മത്സരം കുറവ് കളിച്ചിട്ടുള്ള ടീമിന് ഇന്ന് വിജയിക്കാനായാൽ അവരുമായുള്ള പോയിൻറ് വിടവ് കുറയ്ക്കാനാകും. കിരീടം നിലനിർത്താനുള്ള വഴിയിൽ ഇക്കാര്യം നിർണായകവുമാകും. അഥവാ ഇന്നത്തെ മത്സരത്തിൽ പരാജയമേറ്റു വാങ്ങേണ്ടിവന്നാൽ ടീമിന് മുന്നേറ്റം ശ്രമകരമാകും.

അതേസമയം, 26 മത്സരങ്ങളിൽനിന്ന് 42 പോയിൻറാണ് പോയിൻറ് പട്ടികയിൽ ആറാമതുള്ള ലിവർപൂളിനുള്ളത്. 2022 ഒക്‌ടോബർ 16ന് നടന്ന ആൻഫീൽഡിൽ മത്സരത്തിൽ സിറ്റപ്പടയെ 76ാം മിനുട്ടിൽ മുഹമ്മദ് സലാഹ് നേടിയ ഗോളിൽ ചെമ്പട വീഴ്ത്തിയിരുന്നു. ആ വിജയം ആവർത്തിക്കാനാകും അവരുടെ ശ്രമം. വിജയിച്ചാൽ 47 പോയിൻറുമായി അഞ്ചാമതുള്ള ന്യൂകാസിലുമായുള്ള പോയിൻറ് വ്യത്യാസവും നാളെ അവർ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് തോറ്റാൽ ചാമ്പ്യൻസ് ലീഗ് ബെർത്തിലേക്കുള്ള അകലവും കുറയ്ക്കാനും ലിവർപൂളിന് കഴിയും.

പെപ് ഗ്വാർഡിയോളയുടെ സിറ്റി സംഘം ഏറ്റവും ഒടുവിൽ കറാബാവോ കപ്പിലാണ് ചെമ്പടയുമായി ഏറ്റുമുട്ടിയത്. ആവേശകരമായ ഈ പോരിൽ എർലിംഗ് ഹാളണ്ട്, റിയാദ് മെഹ്‌റിസ്, നാഥാൻ ആകെ എന്നിവരുടെ ഗോളിൽ 3-2ന് ടീം വിജയിച്ചു.

ഹോം ഗ്രൗണ്ടിൽ മാഞ്ചസ്റ്റർ സിറ്റി അവസാനം കളിച്ച 13 മത്സരങ്ങളിൽ ഒന്ന് മാത്രമാണ് അവർ തോറ്റിട്ടുള്ളത്. ഏഴ് വിജയവും അഞ്ച് സമനിലയുമായിരുന്നു ബാക്കി മത്സരങ്ങളിലെ ഫലം. 2015 നവംബറിൽ 4-1നാണ് അവർ തോറ്റത്.

ടീമുകളുടെ ശക്തിയും ദൗർബല്യവും

മാഞ്ചസ്റ്റർ സിറ്റി ഇലവൻ

എഡേർസൺ, കെയ്ൽ വാൾകർ, റൂബെൻ ഡിയസ്, അയ്മറിക് ലംപോർട്ട, റോഡ്രി, റികോ ലെവിസ്, റിയാദ് മെഹ്‌റെസ്, കെവിൻ ഡിബ്രൂയ്ൻ, ഇൽകായി ഗുൻഡോഗൻ, ജാക് ഗ്രീലിഷ്, എർലിംഗ് ഹാളണ്ട്.

സമീപ കാല പ്രകടനം

ഈയടുത്ത് നടന്ന എഫ്.എ കപ്പ് ക്വാർട്ടർ ഫൈനലിൽ ബേൺലിയെ എതിരില്ലാത്ത ആറു ഗോളുകൾക്ക് നിലംപരിശാക്കിയാണ് സിറ്റി കളത്തിലിറങ്ങുന്നത്. മാർച്ചിൽ നടന്ന മത്സരത്തിൽ ഹാളണ്ട് ഹാട്രിക് നേടിയപ്പോൾ ജൂലിയൻ അൽവാരസ് ഇരട്ടഗോളുകൾ കണ്ടെത്തി. കോളോ പാൽമെർ ഒരു ഗോളും നേടി. മാർച്ചിൽ തന്നെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ആർ.ബി ലെയ്പ്‌സിഗിനെതിരെ എതിരില്ലാത്ത ഏഴു ഗോളുകളാണ് മാഞ്ചസ്റ്റർ സിറ്റി അടിച്ചുകൂട്ടിയത്. പെനാൽറ്റിയടക്കം അഞ്ച് ഗോളുമായി ഹാളണ്ട് മത്സരത്തിൽ നിറഞ്ഞാടി. ഡിബ്രൂയ്‌നും ഗുൻഡോഗാനും ഓരോ ഗോളുമായി കൂടെയാടി.

പ്രധാന താരം

എർലിംഗ് ഹാളണ്ടിലേക്ക് കളിപ്രേമികളുടെ കണ്ണുകളെല്ലാം. 22 കാരനായ താരം 26 പ്രീമിയർ ലീഗ് മത്സരങ്ങളിൽനിന്ന് 28 ഗോളുകളാണ് അടിച്ചിരിക്കുന്നത്. ഒരു പ്രീമിയർ ലീഗ് സീസണിൽ കൂടുതൽ ഗോളുകളുടെ (34) റെക്കോർഡ് മറികടക്കാനുള്ള ഒരുക്കത്തിലാണ് താരം. ആൻഡി കോളെയും അലൻ ഷിയറെറുമാണ് ഈ നേട്ടം കൈവശം വെച്ചിരിക്കുന്നത്.

പരിക്കേറ്റ് ലണ്ടനിൽ സർജറിക്ക് വിധേയനായ ഫിൽ ഫോഡൻ ഇന്നത്തെ മത്സരം കളിക്കാനുണ്ടാകില്ല. ചില ആരോഗ്യ പ്രശ്‌നങ്ങൾ മൂലം നോർവേ ദേശീയ ടീമിനൊപ്പം ചേരാതിരുന്ന ഹാളണ്ട് ഇന്ന് കളിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ലിവർപൂൾ ഇലവൻ

ആലിസൺ ബെക്കർ, ട്രെൻറ് അലക്‌സാണ്ടർ അർണോൾഡ്, ഇബ്രാഹിമ കൊനാട്ടെ, വിർജിൽ വാൻജിക്, ആൻഡ്രൂ റോബർട്ടസൺ, കോഡി ഗാക്‌പോ, ഫാബിഞ്ഞോ, മുഹമ്മദ് സലാഹ്, ഡീഗോ ജോട്ടാ, ഡാർവിൻ ന്യൂനസ്.

സമീപ കാല പ്രകടനം

ആൻഫീൽഡിൽ വെച്ച് മാഞ്ചസ്റ്റർ യുണൈറ്റഡിനെ 7-0ത്തിന് തോൽപ്പിച്ച ശേഷം പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലുമായി ബേൺമൗത്തിനോടും റിയൽ മാഡ്രിഡിനോടും ലിവർപൂൾ തോറ്റിരുന്നു. സീസണിൽ ടീം കാണിക്കുന്ന അസ്ഥിര പ്രകടനങ്ങളുടെ നേർസാക്ഷ്യമാണിത്.

പ്രധാന താരം

സലാഹാണ് ലിവർപൂളിന്റെ കുന്തമുന. പ്രീമിയർ ലീഗിലെ 26 മത്സരങ്ങളിൽനിന്ന് 18 ഗോളുകളാണ് ഈജിപ്ഷ്യൻ താരം നേടിയിട്ടുള്ളത്.

പരിക്ക്

കാൽവിൻ റാംസി, തിയാഗോ അൽകാന്റാര, സ്റ്റെഫാൻ ബജ്സെറ്റിക്, കോൺസ്റ്റാന്റിനോസ് സിമിക്കാസ് എന്നിവർക്കൊക്കെ പരിക്കുണ്ട്. അതേസമയം, ന്യൂനസ്, ഗോമസ്, ലൂയിസ് ഡയസ് എന്നിവർ കളിക്കുമെന്നാണ് വിവരം.

Manchester City-Liverpool match today in the Premier League

TAGS :

Next Story