Quantcast

മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ, ടോട്ടനം; പ്രീമിയർ ലീഗില്‍ പണമിറക്കാൻ ഖത്തർ

ലോകകപ്പ് വിജയകരമായി നടത്തിയതിന് പിന്നാലെയാണ് ലോകത്തെ മുൻനിര ലീഗിൽ ഖത്തർ സ്‌പോർട്‌സ് ഇൻവസ്റ്റ്‌മെന്റ് നിക്ഷേപ സാധ്യത ആരായുന്നത്

MediaOne Logo

Web Desk

  • Published:

    10 Jan 2023 5:13 AM GMT

മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
X

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പന്മാരെ സ്വന്തമാക്കാൻ ഖത്തർ സ്‌പോർട്‌സ് ഇൻവസ്റ്റ്‌മെന്റ്‌സ് താത്പര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ, ടോട്ടനം ഹോട്‌സ്പർ ക്ലബ്ബുകളിൽ ഏതെങ്കിലുമൊന്നിനെയാണ് ഖത്തർ ഉന്നം വച്ചിട്ടുള്ളതെന്ന് അന്താരാഷ്ട്ര മാധ്യമമായ ബ്ലൂംബർഗ് റിപ്പോർട്ടു ചെയ്യുന്നു. നിക്ഷേപ സാധ്യത ആരാഞ്ഞ് ഖത്തർ സ്‌പോർട്‌സ് ഇൻവസ്റ്റ്‌മെന്റ് ചെയർമാൻ നാസർ അൽ ഖലീഫി ടോട്ടനം ചെയർമാൻ ഡാനിയൽ ലെവിയുമായി ഈയിടെ ചർച്ച നടത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, ക്ലബ്ബിന്റെ ഓഹരി വിൽപ്പനയുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നെന്ന റിപ്പോർട്ട് ടോട്ടനം നിഷേധിച്ചു. ഫ്രഞ്ച് ലീഗ് വണ്ണിലെ പാരിസ് സെന്റ് ജർമൻ (പിഎസ്ജി), പോർച്ചുഗലിലെ എസ്.സി ബ്രഗ ക്ലബുകളിൽ ഖത്തറിന് നിക്ഷേപമുണ്ട്.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഉടമകളായ ഗ്ലേസർ കുടുംബം നേരത്തെ ക്ലബ് വിൽക്കാൻ താത്പര്യം അറിയിച്ചിരുന്നു. ഭാഗികമായ വിൽപ്പനയോ പുതിയ നിക്ഷേപമോ ആണ് ഓൾ ട്രാഫോർഡ് ആസ്ഥാനമായ ക്ലബ് ആഗ്രഹിക്കുന്നത്. ക്ലബ് വിൽക്കാൻ ആഗ്രഹിക്കുന്നതായി കഴിഞ്ഞ നവംബറിൽ ലിവർപൂൾ ചെയർമാൻ ടോം വെർണറും വ്യക്തമാക്കിയിരുന്നു. ഫെൻവേ സ്‌പോർട്‌സ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് ലിവർപൂൾ.



ഫിഫ ലോകകപ്പ് വിജയകരമായി നടത്തിയതിന് പിന്നാലെയാണ് ലോകത്തെ മുൻനിര ലീഗിൽ ഖത്തർ നിക്ഷേപസാധ്യത ആരായുന്നത്. പ്രീമിയർ ലീഗിലെ മാഞ്ചസ്റ്റർ സിറ്റി, ന്യൂകാസിൽ ക്ലബ്ബുകളിൽ നിലവിൽ മധ്യേഷ്യയിൽനിന്നുള്ള നിക്ഷേപമുണ്ട്. അബൂദബി ആസ്ഥാനമായ സിറ്റി ഫുട്‌ബോൾ ഗ്രൂപ്പാണ് മാഞ്ചസ്റ്റർ സിറ്റിയിൽ പണമിറക്കിയിട്ടുള്ളത്. ന്യൂകാസിലിൽ നിക്ഷേപമിറക്കിയിട്ടുള്ളത് സൗദി വെൽത്ത് ഫണ്ടിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യമാണ്.

Summary: Manchester United, Liverpool FC or Tottenham Hotspur are among England's top Premier League clubs being targeted by Qatar Sports Investments.

TAGS :

Next Story