Quantcast

വില്ലനായി തുടർ പരിക്കുകൾ; ജനുവരി ട്രാൻസ്ഫറിൽ കണ്ണുംനട്ട് റയലും സിറ്റിയും

റോഡ്രിയുടെ പകരക്കാരനെ സിറ്റി തേടുമ്പോൾ റയലിന് കാർവഹാലിന്റെ വിടവ് നികത്താൻ പുതിയ താരത്തെ ബെർണാബ്യൂവിൽ എത്തിക്കണം

MediaOne Logo

Sports Desk

  • Published:

    10 Oct 2024 4:49 PM GMT

Continued injuries as a villain; Real and City eyeing a January transfer
X

യൂറോപ്പിൽ ക്ലബ് ഫുട്‌ബോൾ പുരോഗമിക്കുകയാണ്. പ്രീമിയർ ലീഗിൽ ഏഴും ലാലീഗയിൽ ഒൻപതും ബുണ്ടെസ് ലീഗയിൽ ആറും റൗണ്ട് മത്സരങ്ങളാണ് ഇതുവരെ പൂർത്തിയായയത്. എൽ ക്ലാസികോയടക്കമുള്ള വമ്പൻ പോരാട്ടങ്ങൾ വരുന്നതേയുള്ളൂ. എന്നാൽ ലീഗ് മത്സരങ്ങൾ ചൂടുപിടിക്കവെ പ്രധാന ക്ലബുകളെ അലട്ടുന്ന വലിയ പ്രശ്‌നമായി പരിക്ക് മാറികഴിഞ്ഞു. ഓരോ മാച്ച് പൂർത്തിയാകുമ്പോഴും ഒരു കളിക്കാരനെങ്കിലും നിരാശയോടെ കളംവിടുന്ന അവസ്ഥ. സുപ്രധാന താരങ്ങളുടെ ഇഞ്ചുറി ക്ലബുകളുടെ പ്രകടനത്തേയും ബാധിച്ചുതുടങ്ങിയിരിക്കുന്നു. റയൽമാഡ്രിഡ്, ബാഴ്‌സലോണ, മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, ആർസനൽ, മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി, ടോട്ടനം തുടങ്ങി വമ്പൻ ക്ലബുകൾക്ക് മുന്നിലെല്ലാം പരിക്ക് വില്ലൻ വേഷത്തിലവതരിച്ചു. പല പ്രധാന താരങ്ങൾക്കും സീസൺ നഷ്ടമാവുന്ന അവസ്ഥ പോലുമുണ്ട്.



ഇഞ്ചുറിക്കളിയിൽ എട്ടിൻറെ പണികിട്ടിയ ക്ലബ് മാഞ്ചസ്റ്റർ സിറ്റിയാണ്. 2019 മുതൽ ഇംഗ്ലീഷ് ക്ലബിന്റെ സൈലന്റ് കില്ലറായിരുന്ന ഡിഫൻസീവ് മിഡ്ഫീൽഡർ റോഡ്രിയാണ് സീസൺ തുടക്കത്തിൽതന്നെ പരിക്കേറ്റ് പുറത്തായത്. സിറ്റിയുടെ പ്രീമിയർലീഗ് വിജയങ്ങളിലും ചാമ്പ്യൻസ് ലീഗ് കിരീടനേട്ടത്തിലുമെല്ലാം ഈ സ്പാനിഷ് താരത്തിൻറെ മാന്ത്രിക സ്പർശമുണ്ടായിരുന്നു. മധ്യനിരയിലെ ക്ലബിന്റെ ചാലകശക്തി. സമീപകാലത്ത് ഗാർഡിയോളയുടെ സംഘത്തിനായി കൂടുതൽ മത്സരങ്ങളിൽ കളത്തിലിറങ്ങിയതും റോഡ്രിയാണ്. ആർസനലിനെതിരായ മത്സരത്തിനിടെ കാൽമുട്ടിന് പരിക്കേറ്റ 28 കാരന് സീസൺ നഷ്ടമാകുമെന്നാണ് റിപ്പോർട്ട്. യുവേഫ നാഷൻസ് ലീഗിൽ സ്പാനിഷ് ടീമിലും റോഡ്രിയുടെ അഭാവം വലിയ നഷ്ടമാണ്.

റൈറ്റ്ബാക്ക് ഡാനി കാർവഹാലിന്റെ പരിക്കാണ് റയൽമാഡ്രിഡിന് തലവേദനയായത്. വിയ്യാറയലിനെതിരായ ലാലീഗ മത്സരത്തിനിടെയാണ് 32 കാരന് കാൽമുട്ടിന് ഗുരുതര പരിക്കേറ്റത്. സർജറി അനിവാര്യമായ സ്പാനിഷ് താരത്തിന്റെ മടങ്ങിവരവിന് ഒൻപത് മാസമെടുക്കുമെന്നാണ് റിപ്പോർട്ട്. ചാമ്പ്യൻസ് ലീഗിലും ലാലീഗയിലും നിർണായക കളികൾ വരാനിരിക്കെ പരിചയസമ്പന്നനായ കാർവഹാലിൻറെ ഇഞ്ചുറി ക്ലബിനെ വേട്ടയാടുമെന്നുറപ്പ്. റയൽ താരം വിനീഷ്യസ് ജൂനിയർ, എഡർ മിലിറ്റാവോ, ലിവർപൂൾ ഗോൾകീപ്പർ അലിസൻ ബെക്കർ, മധ്യനിര താരം മാക് അലിസ്റ്റർ, ഹാവി എലിയട്ട്, സിറ്റി മിഡ്ഫീൽഡർ കെവിൻ ഡിബ്രുയിനെ, ഡിഫൻഡർ നഥാൻ ആകെ, ബാഴ്‌സലോണ ഗോൾകീപ്പർ മാർക്ക് ടെര്‍‌സ്റ്റേഗൻ, ആർസനൽ മിഡ്ഫീൽഡർ മാർട്ടിൻ ഒഡേഗാർഡ്, കായ് ഹാവെർട്‌സ്, ചെൽസി ക്യാപ്റ്റൻ റീസ് ജെയിസ്, മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതിരോധ താരങ്ങളായ ലെനി യോറ, ഹാരി മഗ്വയർ, ടോട്ടനം സ്‌ട്രൈക്കർ റിച്ചാലിസൻ, ഉഡോഗിയ.. ഈ ഇഞ്ചുറി ലിസ്റ്റ് ഇങ്ങനെ നീണ്ടുപോകുകയാണ്.




എന്താണ് കളിക്കാരുടെ നിരന്തര പരിക്കിന് കാരണം? തിരക്കേറിയ ഫുട്‌ബോൾ കലണ്ടറാണ് ഇതിന് കാരണമായി പ്രധാനമായും താരങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. തങ്ങൾ റോബോട്ടുകളല്ല എന്നാണ് കഴിഞ്ഞ ദിവസം ചെൽസിയുടെ സ്പാനിഷ് താരം മാർക് കുക്കുറെയ്യ പ്രതികരിച്ചത്. പുതുക്കിയ ചാമ്പ്യൻസ് ലീഗ് മത്സരക്രമവും രാജ്യാന്തര മത്സര ഷെഡ്യൂളുമായി കളിക്കാർക്ക് ഗ്രൗണ്ടിൽ നിന്ന് കയറാനാവാത്ത സ്ഥിതിയാണ്. ക്ലബ് ഫുട്‌ബോൾ ഇടവേളയിൽ യുവേഫ നാഷൺസ് ലീഗ്, ഫിഫ ക്ലബ് ലോകകപ്പ്, അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾ, ലോകകപ്പ് യോഗ്യതാ മാച്ചുകൾ. ഒന്നൊഴിഞ്ഞാൽ മറ്റൊന്ന് കൃത്യമായി ഷെഡ്യൂൾ ചെയ്യപ്പെടുന്നു. പ്രധാന താരങ്ങളെ മാറ്റി നിർത്തിയൊരു പരീക്ഷണത്തിന് ദേശീയ പരിശീലകർ തയാറാകുകയുമില്ല. ഇതോടെ വിശ്രമമില്ലാതെ ദീർഘനേരം കളിക്കളത്തിൽ തുടരുന്നത് കളിക്കാരെ ശാരീരികമായി മാത്രമല്ല, മാനസികമായും തളർത്തുന്നു.

റയലും സിറ്റിയുമടക്കമുള്ള പ്രധാന ക്ലബുകൾക്ക് ഈ സീസണിൽ 80 മത്സരത്തോളം കളത്തിലിറങ്ങേണ്ടി വരുമെന്നാണ് റിപ്പോർട്ട്. യുവേഫയുടേയും ഫിഫയുടേയും ഈ ടൈറ്റ് ഷെഡ്യൂളിനെതിരെ പ്രമുഖ താരങ്ങളടക്കം ഇതിനകം രംഗത്തെത്തി കഴിഞ്ഞു. സമരത്തിലേക്കാണ് തങ്ങൾ എന്ന മുന്നറിയിപ്പും നൽകി. എന്നിട്ടും അധികാരികൾ കണ്ണുതുറന്നില്ല. താരങ്ങളുടെ ക്ഷേമത്തിനേക്കാൾ അധികൃതർക്ക് ലാഭം വർധിപ്പിക്കുന്നതിലാണ് ശ്രദ്ധയെന്ന് മാഞ്ചസ്റ്റർ സിറ്റി- ബെൽജിയം മിഡ് ഫീൽഡർ കെവിൻ ഡിബ്രുയിനെ ഉൾപ്പെടെയുള്ള പ്രധാന കളിക്കാർ അടുത്തിടെ പരസ്യ പ്രതികരണം നടത്തിയിരുന്നു. ചാമ്പ്യൻസ് ലീഗിലടക്കം പരിഷ്‌കരണം നടപ്പിലാക്കുമ്പോൾ കളിക്കാരുമായി ചർച്ച നടത്താൻ പോലും തയാറായില്ലെന്ന് ലിവർപൂർ , ബ്രസീൽ ഗോൾ കീപ്പർ അലിസെൻ ബെക്കറും പറഞ്ഞു. താരങ്ങളെ പിന്തുണച്ച് കൂടുതൽ പേരിപ്പോൾ രംഗത്തെത്തുന്നുണ്ട്. കളിക്കാരുടെ ഈ ആശങ്കകൾ ശരിവെക്കുന്നതാണ് തുടരെയുണ്ടാകുന്ന പരിക്കുകളും


തുടർ ഇഞ്ചുറികൾ ക്ലബുകൾ എങ്ങനെ മറികടക്കും? കിരീട പോരാട്ടത്തിൽ പരിക്ക് ടീമിന് പ്രശ്നമാണെങ്കിലും അതൊരു എസ്‌ക്യൂസല്ലെന്ന് ടീം പരിശീലകർക്ക് നന്നായറിയാം. പരിക്കിനോട് പടവെട്ടി വെന്നി കൊടി പാറിച്ച മാനേജർമാരുടെ കഥകളാണ് പ്രീമിയർ ലീഗിനും ലാലിഗക്കുമെല്ലാം പറയാനുള്ളത്. പകരക്കാരെ കണ്ടെത്തി പ്ലാനിന്റെ ഭാഗമാക്കുക. അതുമൊരു ടാക്റ്റിക്കൽ മൂവാണ്. ഇഞ്ചുറിയെ വെട്ടാൻ പല ക്ലബുകളും തങ്ങളുടെ ട്രാൻസ്ഫർ പോളിസി പോലും മാറ്റാൻ നിർബന്ധിതമായിരിക്കുകയാണ്. ആഘാതം മറികടക്കാൻ ക്ലബുകൾക്ക് പുതിയ ആയുധങ്ങൾ വേണം. കളം വിട്ടവരോട് കിടപിടിക്കുന്ന വജ്രായുധങ്ങൾ.



ഇതോടെ ജനുവരി ട്രാൻസ്ഫർ വിൻഡോ മുൻപില്ലാത്തവിധം ശ്രദ്ധേയമാകുമെന്നുറപ്പ്. സമീപകാലത്തൊന്നും ജനുവരിയിലെ ട്രാൻസ്ഫർ വിൻഡോ മൈൻഡ് ചെയ്യാതിരുന്ന റയൽമാഡ്രിഡ് ഇത്തവണ കോടികളെറിയുമെന്നാണ് റിപ്പോർട്ട്. ലീഗ് മത്സരങ്ങളുടെ വിധി നിർണയിക്കുന്ന രണ്ടാം പകുതി ആരംഭിക്കുന്നതും ചാമ്പ്യൻസ് ലീഗ് നോക്കൗണ്ട് റൗണ്ടിലേക്ക് പ്രവേശിക്കുന്നതുമെല്ലാം ജനുവരിക്ക് ശേഷമാകും. റോഡ്രിക്ക് പകരക്കാരനായി സിറ്റി റയൽ സോസിഡാഡ് താരം മാർട്ടിൻ സുബിമെൻഡിയെ ടാർഗെറ്റ് ചെയ്യുന്നതായി പ്രമുഖ ഫുട്ബോൾ വെബ്‌സൈറ്റായ ഗോൾ റിപ്പോർട്ട് ചെയ്യുന്നു. ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിൽ ലിവർപൂൾ 25 കാരന് മുന്നിൽ ഓഫർ വച്ചിരുന്നെങ്കിലും സ്പാനിഷ് താരം നിരസിക്കുകയായിരുന്നു. എന്നാൽ സുബിമെൻഡിക്കായി 50 മില്യണിലധികം ചെലവിടാൻ മാഞ്ചസ്റ്റർ സിറ്റി തയാറായേക്കുമെന്നാണ് റിപ്പോർട്ട്.

ഡാനി കാർവഹാലിന്റെ പകരക്കാരനെയാണ് റയൽ ജനുവരി വിൻഡോയിൽ ലക്ഷ്യമിടുന്നത്. ഈ സീസണിൽ ലിവർപൂളുമായി കരാർ അവസാനിക്കുന്ന ഇംഗ്ലീഷ് റൈറ്റ്ബാക്ക് ട്രെൻഡ് അലക്‌സാണ്ടർ അർണോൾഡാണ് പ്രഥമ പരിഗണയിലുള്ളത്. ലിവർപൂൾ താരത്തിന്റെ കരാർ പുതുക്കാത്തത് നേരത്തെ ചർച്ചയായിരുന്നു. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ലിവർപൂൾ മാനേജർ ആർനെ സ്ലോട്ടും തയാറായിട്ടില്ല. ഇതോടെ താരം പുറത്തേക്കെന്ന സൂചനയും ശക്തമായി. മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗിനും ജനുവരി വിൻഡോ വരെയുള്ള ദിനങ്ങൾ നിർണായകമാണ്. ടീം വിജയവഴിയിൽ എത്തിയില്ലെങ്കിൽ ടെൻഹാഗിന് പുറത്തേക്കുള്ള വഴിതെളിയും. മുൻ ചെൽസി-ബയേൺ മ്യൂണിക് പരിശീലകൻ ടോമസ് തുഹേലിനെ യുണൈറ്റഡ് പരിഗണിക്കുന്നതായി ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

TAGS :

Next Story