'നെയ്മറിനൊപ്പമുള്ള നല്ല നിമിഷങ്ങൾ ഓർക്കാനാണ് ഇഷ്ടം'; മെസ്സിയോട് അസൂയയെന്ന വിവാദത്തിൽ എംബാപെ
പിഎസ്ജിയിൽ ഒരുമിച്ച് കളിച്ചസമയത്തുള്ള കാര്യങ്ങളാണ് നെയ്മർ വെളിപ്പെടുത്തിയത്.

മാഡ്രിഡ്: പി.എസ്.ജിയിൽ കളിച്ചിരുന്ന സമയത്ത് കിലിയൻ എംബാപ്പെക്ക് ലയണൽ മെസ്സിയോട് അസൂയയായിരുന്നെന്ന നെയ്മറിന്റെ പ്രതികരണത്തിൽ മറുപടിയുമായി ഫ്രഞ്ച് താരം കിലിയൻ എംബാപെ. നെയ്മറിനോട് ബഹുമാനമുണ്ടെന്ന് പറഞ്ഞ ഫ്രഞ്ച് താരം പി.എസ്.ജിയിൽ ബ്രസീലിയൻ താരത്തിനൊപ്പമുള്ള നല്ല നിമിഷങ്ങൾ ഓർക്കാനാണ് ഇഷ്ടപ്പെടുന്നതെന്നും വ്യക്തമാക്കി.
'ഇക്കാര്യത്തിൽ എനിക്ക് ഒന്നും പറയാനില്ല. റയൽ മാഡ്രിഡിൽ ശ്രദ്ധകേന്ദ്രീകരിക്കുകയാണിപ്പോൾ. എനിക്ക് നെയ്മറിനോട് ബഹുമാനമുണ്ട്. പാരീസിൽ അയാൾക്കൊപ്പമുള്ള നല്ല നിമിഷങ്ങൾ ഓർക്കാനാണ് ഇഷ്ടം. നെയ്മറിനെ കുറിച്ച് എനിക്ക് വേണമെങ്കിൽ പലതവണ സംസാരിക്കാമായിരുന്നു. ഫുട്‌ബോളിലെ അതുല്യ പ്രതിഭയായ നെയ്മറുമായുള്ള നല്ലകാര്യങ്ങൾ മാത്രം ഓർക്കാനാണ് ആഗ്രഹിക്കുന്നത്. നെയ്മറിനും കുടുംബത്തിനും സുഹൃത്തുക്കൾക്കും ആശംസകൾ -ചാനൽ അഭിമുഖത്തിൽ എംബാപെ പറഞ്ഞു.
ഞങ്ങൾ തമ്മിൽ നല്ല സൗഹൃദത്തിലായിരുന്നുവെന്നും മെസ്സി വന്നതിന് ശേഷം കാര്യങ്ങൾ മാറിമറിയുകയായിരുന്നുവെന്നുമാണ് കഴിഞ്ഞദിവസം അഭിമുഖത്തിനിടെ നെയ്മർ വ്യക്തമാക്കിയത്. 'എംബാപെക്ക് മെസ്സിയോട് അസൂയയായിരുന്നു. താൻ സൗഹൃദം പങ്കിടുന്നത് ഇഷ്ടമായില്ലെന്നും ഇതുമായി ബന്ധപ്പെട്ട് പലപ്പോഴും വഴക്കിടേണ്ടിവന്നതായും' നെയ്മർ പറഞ്ഞു. 2017ലാണ് എംബാപെ മൊണോക്കോയിൽ നിന്ന് പിഎസ്ജിയിലെത്തിയത്. പിന്നാലെ അതേ സീസണിൽ ബാഴ്‌സലോണയിൽ നിന്ന് റെക്കോർഡ് തുകക്ക് നെയ്മറുമെത്തി. 2021ലാണ് ലയണൽ മെസ്സി ഫ്രഞ്ച് ക്ലബിലേക്ക് ചേക്കേറുന്നത്.
Adjust Story Font
16