Quantcast

സെമിയാവര്‍ത്തനം...! പിന്നില്‍ നിന്ന ശേഷം വീണ്ടും ജയം; സ്പെയിനിനെ തകർത്ത് ഫ്രാന്‍സിന് നേഷന്‍സ് ലീഗ് കിരീടം

018 ലോകകപ്പിന് ശേഷം ഒരു കിരീടം കൂടെ സ്വന്തം ഷെല്‍ഫിലെത്തിക്കാന്‍ ദെഷാംസിനും സംഘത്തിനുമായപ്പോള്‍ മറ്റൊരു റെക്കോര്‍ഡും ടീമിനെ തേടിയെത്തി. ലോകകപ്പും, യുറോ കപ്പും, നേഷൻസ് ലീഗും സ്വന്തമാക്കുന്ന ആദ്യ ടീമെന്ന നേട്ടം.

MediaOne Logo

Web Desk

  • Published:

    11 Oct 2021 2:04 AM GMT

സെമിയാവര്‍ത്തനം...! പിന്നില്‍ നിന്ന ശേഷം വീണ്ടും ജയം; സ്പെയിനിനെ തകർത്ത് ഫ്രാന്‍സിന് നേഷന്‍സ് ലീഗ് കിരീടം
X

നേഷൻസ് ലീഗ് ഫുട്ബോൾ ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ കിരീടമുയര്‍ത്തി ഫ്രാൻസ്. ഫൈനലിൽ സ്പെയിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകര്‍ത്താണ് നേഷന്‍സ് ലീഗില്‍ ഫ്രാന്‍സ് ആദ്യമായി മുത്തമിടുന്നത്. സെമിയിലെ പോലെ തന്നെ വമ്പൻ തിരിച്ചുവരവിലൂടെയാണ് ആവേശോജ്വലമായ മത്സരത്തിൽ ഫ്രാൻസ് ജയം പിടിച്ചെടുത്തത്. സെമിയില്‍ ആദ്യ പകുതിയിൽ രണ്ടു ഗോളിനു മുന്നിൽനിന്ന ബൽജിയത്തെ അവിശ്വസനീയ തിരിച്ചുവരവിലൂടെ രണ്ടാം പകുതിയിൽ മൂന്നു ഗോൾ തിരിച്ചടിച്ചു വീഴ്ത്തിയാണ് ഫ്രാൻസ് ഫൈനലിന് വണ്ടി കയറിയത്.

കരിം ബെൻസേമയും കിലിയൻ എംബാപ്പെയും ഫ്രാൻസിനായി ഗോൾ നേടിയപ്പോള്‍ ഒയർസബാൽ സ്പെയിനിനായി സ്കോര്‍ ചെയ്തു. ഗോളടിക്കാൻ മറന്ന ആദ്യ പകുതിയും അതിന്‍റെ ക്ഷീണം തീർത്ത രണ്ടാം പകുതിയെന്നും വേണം നേഷന്‍സ് ലീഗിലെ ഫൈനലിനെ വിശേഷിപ്പിക്കാന്‍. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് കളിയിലെ‌ മൂന്ന് ഗോളുകളും പിറന്നത്. എൻറീക്കെയുടെ ചെകുത്താന്മാരാണ് ആദ്യം ഗോൾ നേടിയത്. അറുപത്തി നാലാം മിനിറ്റിൽ സെർജിയോ ബുസ്കെറ്റ്സിൽ നിന്നും മധ്യവരയിൽ നിന്നു കിട്ടിയ ത്രൂ ബോൾ ഒയർസബാൽ വലയിലെത്തിക്കുകയായിരുന്നു.

സ്പാനിഷ് പടയുടെ ആഹ്ലാദത്തിന് പക്ഷേ രണ്ട് മിനുട്ടിന്‍റെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. മത്സരം സ്പെയിനിനോടൊപ്പം എന്ന് തോന്നിച്ചതിന് പിന്നാലെ കെരീം ബെൻസിമയുടെ ഗോളിൽ ഫ്രാൻസ് സമനില നേടി. ബെൻസിമയുടെ മഴവിൽ ഗോളിന് വഴിയൊരുക്കിയത് കൈലിയൻ എംബാപ്പെയായിരുന്നു. കളിയുടെ തുടക്കത്തിൽ താളം കണ്ടെത്താനായി വിഷമിച്ച എംബാപ്പെ പിന്നീട് കളിയുടെ ചുക്കാൻ പിടിക്കുന്ന കാഴ്ച്ചയ്ക്കാണ് ഗ്യാലറി സാക്ഷിയായത്.

എൺപതാം മിനിറ്റിൽ കിലിയൻ എംബാപ്പേയുടെ ഊഴമെത്തി. ഗോൾകീപ്പറെ കബളിപ്പിച്ച് എംബാപ്പേ സ്പെയിന്‍റെ വല കുലുക്കിയതോടെ ഫ്രഞ്ച് സംഘം കിരീടമുറപ്പിച്ചു. മറുപടി ഗോളിനായി അവസാന നിമിഷം വരെ സ്പെയിൻ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഗോൾ വലയ്ക്ക് കീഴിൽ ഹ്യൂഗോ ലോറിസ് വിലങ്ങുതടിയായി. 2018 ലോകകപ്പിന് ശേഷം ഒരു കിരീടം കൂടെ സ്വന്തം ഷെല്‍ഫിലെത്തിക്കാന്‍ ദെഷാംസിനും സംഘത്തിനുമായപ്പോള്‍ മറ്റൊരു റെക്കോര്‍ഡും ടീമിനെ തേടിയെത്തി. ലോകകപ്പും, യുറോ കപ്പും, നേഷൻസ് ലീഗും സ്വന്തമാക്കുന്ന ആദ്യ ടീമെന്ന നേട്ടം.

TAGS :

Next Story