Quantcast

വഴിയിൽ കുടുങ്ങി; ആഘോഷത്തിനിടെ മെസ്സിയെയും സംഘത്തെയും രക്ഷപ്പെടുത്തിയത് ഹെലികോപ്ടറിൽ

നാല്‍പ്പത് ലക്ഷം പേരാണ് ടീമിനെ വരവേല്‍ക്കാനായി തടിച്ചുകൂടിയിരുന്നത്

MediaOne Logo

Web Desk

  • Updated:

    2022-12-21 06:43:06.0

Published:

21 Dec 2022 6:42 AM GMT

വഴിയിൽ കുടുങ്ങി; ആഘോഷത്തിനിടെ മെസ്സിയെയും സംഘത്തെയും രക്ഷപ്പെടുത്തിയത് ഹെലികോപ്ടറിൽ
X

ബ്യൂണസ് അയേഴ്‌സ്: തെരുവിൽ തിങ്ങിനിറഞ്ഞ ആരാധകരിൽനിന്ന് ലയണൽ മെസ്സിയെയും സംഘത്തെയും ഹെലികോപ്ടറിൽ രക്ഷിച്ച് അർജന്റീനൻ ഭരണകൂടം. തലസ്ഥാനമായ ബ്യൂണസ് അയേഴ്‌സിലെ ലോകകപ്പ് വിജയാഘോഷം അതിരുവിട്ടതോടെയാണ് കളിക്കാരെ തുറന്ന ബസ്സിൽനിന്ന് കോപ്ടറിലേക്ക് മാറ്റിയത്. 36 വർഷത്തെ ഇടവേളയ്ക്ക് ശേഷം അർജന്റീന നേടിയ കിരീടനേട്ടം ആഘോഷിക്കാൻ നാൽപ്പത് ലക്ഷം പേരാണ് നഗരത്തിൽ ഒത്തുകൂടിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

ചൊവ്വാഴ്ച പുലർച്ചെ മൂന്നു മണിക്കാണ് മെസ്സിയും സംഘവും ഖത്തറില്‍നിന്ന് ജന്മനാട്ടിലെത്തിയത്. വിമാനത്താവളത്തിൽ നിന്ന് തുറന്ന ബസ്സിലാണ് കളിക്കാര്‍ ആരാധകർക്കിടയിലേക്ക് നീങ്ങിയത്. ബസ് നീങ്ങുന്നതിനിടെ ചില ആരാധകർ പാലത്തിൽനിന്ന് തുറന്ന ബസ്സിലേക്ക് ചാടി. ചിലർ ബസ്സിലെത്താതെ താഴേക്കും വീണു. അതിനിടെ, ബസുമായുള്ള അധികൃതരുടെ നിയന്ത്രണം നഷ്ടമായി. ഇതോടെയാണ് ടീമിനെ ഹെലികോപ്ടറിലേക്ക് മാറ്റിയത്. പിന്നീട് കോപ്ടറില്‍ ടീം നഗരം വലംവച്ചു. കളിക്കാരുടെ യാത്ര ഇടയ്ക്കു വച്ച് മാറ്റേണ്ടി വന്നതില്‍ ആരാധകരോട് ക്ഷമ ചോദിക്കുന്നതായി അർജന്റീനൻ ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡണ്ട് ക്ലാഡിയോ താപിയ പറഞ്ഞു.



ജനങ്ങള്‍ക്കിടയിലെ 'ആഹ്ളാദ വിസ്‌ഫോടനം' കൊണ്ടാണ് ടീമിന്റെ യാത്ര തടസ്സപ്പെട്ടെന്നും അതുമൂലം താരങ്ങളെ കോപ്ടറിലേക്ക് മാറ്റേണ്ടി വരികയായിരുന്നു എന്നുമാണ് അര്‍ജന്‍റൈന്‍ പ്രസിഡണ്ടിന്റെ വക്താവ് ഗെബ്രിയേല സെറുറ്റി വിശദീകരിച്ചു. മിഡ്ഫീൽഡർ എൻസോ ഫെർണാണ്ടസ് കോപ്ടറിലിരിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു.

കിരീടനേട്ടം ആഘോഷിക്കുന്നതിനായി പ്രസിഡണ്ട് ആൽബർട്ടോ ഫെർണാണ്ടസ് ചൊവ്വാഴ്ച രാജ്യത്ത് ദേശീയ അവധി പ്രഖ്യാപിച്ചിരുന്നു. നഗരപ്രാന്തങ്ങളിലേത് അടക്കമുള്ള പൊതുവിടങ്ങളിലെല്ലാം വൻതോതിലുള്ള ജനക്കൂട്ടമാണ് ജഴ്‌സിയൂരിയും ദേശീയഗാനം ചൊല്ലിയും പ്രിയതാരങ്ങളെ വരവേൽക്കാനായി എത്തിയിരുന്നത്. ആസൂത്രണത്തിലെ പാളിച്ചയും സുരക്ഷാ പിഴവുമാണ് ടീമിനെ പെരുവഴിയിലാക്കിയത്.


പണപ്പെരുപ്പം, കറൻസി മൂല്യശോഷണം തുടങ്ങിയ സാമ്പത്തിക പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്ന രാജ്യത്ത് രാഷ്ട്രീയം പരമാവധി ഒഴിവാക്കിയാണ് ടീമിന്റെ ആഘോഷ പരിപാടി സംഘടിപ്പിച്ചിരുന്നത്. പ്രസിഡണ്ടിന്റെ കൊട്ടാരത്തിൽ വച്ച് കിരീടം പ്രദർശിപ്പിക്കാമെന്ന ഭരണകൂടത്തിന്റെ നിർദേശം ഫുട്‌ബോൾ അസോസിയേഷൻ തള്ളിയിരുന്നു. നേരത്തെ, ഡീഗോ മറഡോണയുടെ നേതൃത്വത്തിൽ അർജന്റീന ടീം ലോകകപ്പ് നേടിയപ്പോൾ കൊട്ടാരത്തിന്റെ ബാൽക്കണിയിൽ വച്ചായിരുന്നു ആരാധകർക്കായി കിരീടം പ്രദർശിപ്പിച്ചത്. ഇത്തവണയും അങ്ങനെ ചെയ്യാമെന്നായിരുന്നു സർക്കാർ നിർദേശം.

ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് അർജന്റീന ലോകകിരീടം സ്വന്തമാക്കിയത്. നിശ്ചിതസമയത്തും അധികസമയത്തും മൂന്നു ഗോൾ വീതം അടിച്ച് ഇരുടീമുകളും തുല്യത പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസിന്റെ ഉജ്ജ്വല സേവുകളാണ് ടീമിനെ രക്ഷിച്ചത്.

Summary: Four million people took to the streets of Buenos Aires Tuesday to celebrate Argentina's World Cup title, disrupting a parade route and forcing team to abandon an open-top bus to instead fly over the city in helicopters.

TAGS :

Next Story