മെസ്സി ഹാട്രിക്കിൽ ആറാടി അർജന്റീന; നാലെണ്ണം അടിച്ച് ബ്രസീൽ
ബോണസ് ഐറിസ്: ലോകകപ്പ് യോഗ്യത മത്സരത്തിൽ തെക്കേ അമേരിക്കൻ കരുത്തരായ ബ്രസീലിനും അർജന്റീനക്കും തകർപ്പൻ വിജയം. പരിക്കിന് ശേഷം അർജന്റീന ടീമിലേക്ക് മടങ്ങിയെത്തിയ ലയണൽ മെസ്സി ഹാട്രിക്കുമായി നിറഞ്ഞാടിയ മത്സരത്തിൽ എതിരില്ലാത്ത ആറ് ഗോളിനാണ് അർജന്റീന ബൊളീവിയയെ തകർത്തത്. പെറുവിനെ എതിരില്ലാത്ത നാലുഗോളുകൾക്ക് തകർത്ത് ബ്രസീലും വിജയം തുടർന്നു.
ബോണസ് ഐറസിസിൽ നടന്ന മത്സരത്തിൽ സമഗ്രാധിപത്യം പുലർത്തിയാണ് അർജന്റീനയുടെ വിജയം. മത്സരത്തിന്റെ 73 ശതമാനവും പന്ത് അർജന്റീനയുടെ കാലുകളിലായിരുന്നു. 19ാം മിനിറ്റിൽ ലയണൽ മെസ്സിയാണ് ഗോൾ വേട്ട തുടങ്ങിയത്. 43ാം മിനിറ്റിൽ ലൗതാരോ മാർട്ടിനസും ആദ്യപകുതിക്ക് തൊട്ടുമുമ്പ് ഹൂലിയൻ അൽവാരസും അർജന്റീനയുടെ ലീഡുയർത്തി. 69ാം മിനുറ്റിൽ തിയാഗോ അൽമാഡയിലൂടെ ലീഡ് നാലായി ഉയർത്തിയ അർജന്റീനക്കായി 84,86 മിനുറ്റുകളിൽ നേടിയ ഗോളുകളിൽ മെസ്സി ഹാട്രിക്ക് പൂർത്തിയാക്കുകയായിരുന്നു.
പെറുവിനെ നിലം തൊടിക്കാതെയുള്ള പ്രകടനമാണ് ബ്രസീൽ പുറത്തെടുത്ത്. 38,54 മിനിറ്റുകളിൽ ലഭിച്ച പെനൽറ്റികൾ ഗോളാക്കി മാറ്റി റാഫീന്യയാണ് ബ്രസീലിനെ മുന്നിലെത്തിച്ചത്. 71ാം മിനിറ്റിൽ ആൻഡ്രേസ് പെരേരയും 74ാം മിനിറ്റിൽ ലൂയിസ് ഹെന്റിക്കും ബ്രസീലിന്റെ ഗോൾപട്ടിക പൂർത്തിയാക്കി. മത്സരത്തിന്റെ 69 ശതമാനവും പന്ത് കൈവശം വെച്ച ബ്രസീൽ 18 ഷോട്ടുകളും ഉതിർത്തു.
തെക്കേ അമേരിക്കൻ യോഗ്യത റൗണ്ടിൽ പത്തുമത്സരങ്ങൾ പൂർത്തിയായപ്പോൾ 22 പോയന്റുള്ള അർജന്റീനയാണ് ഒന്നാമത്. 19 പോയന്റുള്ള കൊളംബിയയാണ് രണ്ടാമതെത്തി. 16 പോയന്റുള്ള ഉറുഗ്വായ് മൂന്നാമതും അത്രതന്നെ പോയന്റുള്ള ബ്രസീൽ നാലാമതുമാണ്.
Adjust Story Font
16