Quantcast

ധൈര്യമായി ഖത്തറിലേക്ക് പറക്കാം; അഴിമതിക്കേസിൽ നെയ്മറിന് ക്ലീൻചിറ്റ്

ബ്രസീലിയൻ ക്ലബായ സാന്റോസിൽനിന്ന് ബാഴ്‌സലോണയിലേക്ക് കൂടുമാറിയതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി

MediaOne Logo

Web Desk

  • Updated:

    2022-10-29 08:20:09.0

Published:

29 Oct 2022 8:09 AM GMT

ധൈര്യമായി ഖത്തറിലേക്ക് പറക്കാം; അഴിമതിക്കേസിൽ നെയ്മറിന് ക്ലീൻചിറ്റ്
X

മാഡ്രിഡ്: സൂപ്പർ താരം നെയ്മറിനെതിരായ അഴിമതിക്കുറ്റങ്ങൾ പിൻവലിച്ച് സ്പാനിഷ് പ്രോസിക്യൂട്ടർമാർ. ബ്രസീലിയൻ ക്ലബായ സാന്റോസിൽനിന്ന് ബാഴ്‌സലോണയിലേക്ക് കൂടുമാറിയതുമായി ബന്ധപ്പെട്ട 2013ലെ കേസിലാണ് താരത്തിന് ക്ലീൻചിറ്റ്. അഴിമതി, വഞ്ചനാകുറ്റങ്ങളാണ് പിൻവലിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം കേസിൽ വിചാരണ നടക്കുമ്പോഴാണ് പ്രോസിക്യൂട്ടറുടെ അപ്രതീക്ഷിത പ്രഖ്യാപനം. നെയ്മറിനെതിരെ ചുമത്തിയിരുന്ന എല്ലാ കുറ്റങ്ങളും പിൻവലിക്കുകയാണെന്ന് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. താരത്തിനൊപ്പം കേസിലുൾപ്പെട്ടിരുന്ന മറ്റുള്ളവരെയും കുറ്റവിമുക്തരാക്കിയിട്ടുണ്ട്.

സാന്റോസിൽനിന്ന് ബാഴ്‌സലോണയിലേക്കുള്ള ട്രാൻസ്ഫറുമായി ബന്ധപ്പെട്ട കരാർ ചർച്ചയിൽ താൻ ഭാഗമായതായി ഓർക്കുന്നില്ലെന്ന് നെയ്മർ ഇന്ന് കോടതിയിൽ പറഞ്ഞു. അടുത്ത മാസം ലോകകപ്പിനായി ബ്രസീൽ ടീം ഖത്തറിലേക്ക് പറക്കാനിരിക്കെയാണ് ആശ്വാസകരമായ പ്രഖ്യാപനം വരുന്നത്.

ബ്രസീലിയൻ നിക്ഷേപക സ്ഥാപനമായ ഡി.ഐ.എസാണ് പരാതിക്കാർ. താരത്തിനൊപ്പം മാതാപിതാക്കൾ, രണ്ട് ക്ലബ് ഉടമകൾ, മുൻ ബാഴ്‌സലോണ പ്രസിഡന്റുമാരായ ജോസഫ് മരിയ ബാർത്യുമു, സാൻഡ്രോ റോസൽ, മുൻ സാന്റോസ് പ്രസിഡന്റ് ഒഡിലിയോ റോഡ്രിഗസ് എന്നിവരും കേസിൽ പ്രതികളാണ്. താരത്തിന് രണ്ടു വർഷം തടവുശിക്ഷ നൽകണമെന്നാണ് പരാതിക്കാർ കോടതിയോട് ആവശ്യപ്പെട്ടിരുന്നത്. 10 മില്യൻ യൂറോ(ഏകദേശം 82 കോടി രൂപ) പിഴ ചുമത്താനും ആവശ്യമുണ്ടായിരുന്നു.

2011ലാണ് നെയ്മർ സാന്റോസിൽനിന്ന് ബാഴ്‌സലോണയിലെത്തുന്നത്. ബാഴ്‌സയിലെ മികച്ച പ്രകടനത്തിനു പിന്നാലെ 2017ൽ 222 മില്യൻ യൂറോ(ഏകദേശം 1,800 കോടി രൂപ) എന്ന റെക്കോർഡ് തുകയ്ക്ക് താരത്തെ പി.എസ്.ജി സ്വന്തമാക്കുകയായിരുന്നു.

Summary: Prosecutors in Spain dropped corruption and fraud charges against football star Neymar over the Brazilian's 2013 move from Santos to Barcelona

TAGS :

Next Story