സഹൽ പോയതിനു പിന്നാലെ വിദേശതാരത്തെ ഇറക്കി ബ്ലാസ്റ്റേഴ്‌സ്
സൂപ്പർതാരം സഹൽ അബ്ദുൽ സമദ് ക്ലബ് വിട്ട വിവരം ഇന്നാണ് ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്
ജസ്റ്റിന്‍ ഒജോക്ക ഇമ്മാനുവല്‍
കൊച്ചി: സൂപ്പർതാരം സഹൽ അബ്ദുൽ സമദ് ക്ലബ് വിട്ടതിനു പിന്നാലെ വിദേശതാരത്തെ ഇറക്കി കേരള ബ്ലാസ്റ്റേഴ്‌സ്. നൈജീരിയൻ മുന്നേറ്റനിര താരമായ ജസ്റ്റിൻ ഒജോക്ക ഇമ്മാനുവൽ ആണ് ടീമിന്റെ പ്രീസീസൺ ക്യാംപിനൊപ്പം ചേർന്നിരിക്കുന്നത്. ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ കേരള ബ്ലാസ്‌റ്റേഴ്‌സ് തന്നെയാണ് വിവരം പുറത്തുവിട്ടത്.
ട്രയൽ അടിസ്ഥാനത്തിലാണ് ജസ്റ്റിൻ ഇമ്മാനുവൽ ബ്ലാസ്‌റ്റേഴ്‌സ് ക്യാംപിൽ ചേരുന്നത്. പ്രീസീസണിലുടനീളം താരം ടീമിനൊപ്പമുണ്ടാകും. ക്യാംപിലെ പ്രകടനം വിലയിരുത്തി താരത്തെ സ്‌ക്വാഡിൽ ഉൾപ്പെടുത്താനാകും ടീം ലക്ഷ്യമിടുന്നതെന്നാണ് സൂചന. നൈജീരിയ ദേശീയ ടീമിന്റെ അണ്ടർ-20 ടീമിൽ അംഗമാണ് ഇമ്മാനുവൽ ജസ്റ്റിൻ. സ്‌ട്രൈക്കറായും വിങ്ങറായും മുന്നേറ്റ നിരയിലാണ് താരം കളിക്കുന്നത്.
സഹൽ അബ്ദുൽ സമദ് ക്ലബ് വിട്ട വിവരം ഇന്നാണ് ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഹൃദയഭാരത്തോടെയാണ് സഹലിനോട് വിടപറയുന്നതെന്ന് ക്ലബ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു. മോഹൻബഗാൻ സൂപ്പർ ജയന്റ്‌സിലേക്കാണ് സഹൽ കൂടുമാറുന്നത്.
വെളിപ്പെടുത്താനാകാത്ത തുകയ്ക്കാണ് കൈമാറ്റമെന്ന് ക്ലബ് വാർത്താകുറിപ്പിൽ പറഞ്ഞു. സഹലിനായി ഒരു കളിക്കാരനെയും കൈമാറും. ട്രാൻസ്ഫർ തുകയായി ഒന്നരക്കോടി രൂപയും സഹലിന് പ്രതിഫലമായി രണ്ടരക്കോടി രൂപയുമാണ് ബഗാൻ വാഗ്ദാനം ചെയ്തിരിക്കുന്നതെന്നാണ് റിപ്പോർട്ട്. സഹലിന് പകരം മോഹൻ ബഗാൻ ക്യാപ്റ്റൻ പ്രീതം കോട്ടാൽ ബ്ലാസ്റ്റേഴ്സിലേക്ക് വരും. 2025 മെയ് വരെയാണ് സഹലിന് ബ്ലാസ്റ്റേഴ്സുമായി കരാറുണ്ടായിരുന്നത്. സഹലുമായി മൂന്നു വർഷത്തെ കരാറാണ് ബഗാൻ ഒപ്പുവയ്ക്കുന്നത്. പരസ്പര ധാരണയിൽ രണ്ടു വർഷം കൂടി നീട്ടാനാകും.
Summary: Nigerian forward Justine Ojoka Emmanuel has joined the Kerala Blasters pre-season camp on a trial
Adjust Story Font
16