Quantcast

ആരാധകരെ ഞെട്ടിച്ച് സൂപ്പർ കോച്ച് ഐ.എസ്.എൽ വിട്ടു

"ഇനി ഇന്ത്യയിലേക്ക് മടങ്ങുകയാണെങ്കിൽ എന്റെ ആദ്യ പരിഗണന ഈ ക്ലബ്ബ് തന്നെയായിരിക്കും"

MediaOne Logo

Web Desk

  • Published:

    22 March 2022 8:20 AM GMT

ആരാധകരെ ഞെട്ടിച്ച് സൂപ്പർ കോച്ച് ഐ.എസ്.എൽ വിട്ടു
X

2021-22 സീസൺ ഐ.എസ്.എല്ലിലെ ഏറ്റവും മികച്ച കോച്ചുമാരിലൊരാളായ ഓവൻ കോയിൽ ജംഷഡ്പൂർ എഫ്.സി വിട്ടു. ടീമിനെ ഐ.എസ്.എൽ ഷീൽഡ് ജേതാക്കളാക്കിയ കോയിൽ, രണ്ടു വർഷത്തെ സേവനത്തിനു ശേഷമാണ് ടാറ്റ സ്റ്റീൽസിന്റെ ഉടമസ്ഥതയിലുള്ള ക്ലബ്ബിൽ നിന്നു രാജിവെച്ചത്. കുടുംബപരമായ കാരണങ്ങളാൽ നാട്ടിലേക്ക് മടങ്ങേണ്ടതുള്ളതിനാലാണ് സ്ഥാനമൊഴിയുന്നതെന്നും തീരുമാനത്തിൽ ദുഃഖമുണ്ടെന്നും സ്‌കോട്ട്‌ലാന്റ് സ്വദേശിയായ 55-കാരൻ പറഞ്ഞു.

ചെന്നൈയിൻ എഫ്.സിയെ ഐ.എസ്.എൽ ഫൈനലിലെത്തിച്ചതിനു ശേഷം 2020-ലാണ് കോയിൽ ജംഷഡ്പൂരിനൊപ്പം ചേരുന്നത്. കന്നി സീസണിൽ അവരെ ആറാം സ്ഥാനത്തെത്തിച്ച അദ്ദേഹം ഇക്കഴിഞ്ഞ സീസണിൽ ലീഗ് ഘട്ടത്തിൽ ഒന്നാം സ്ഥാനത്തെത്തിക്കുകയും ഷീൽഡ് നേടിക്കൊടുക്കുകയും ചെയ്തു. ഐ.എസ്.എൽ സെമിയിൽ കേരള ബ്ലാസ്റ്റേഴ്‌സിനോട് തോറ്റ് പുറത്തായ ടീമിന് ജംഷഡ്പൂരിൽ നൽകിയ സ്വീകരണം രഹസ്യ ചടങ്ങിലായതിൽ ആരാധകർ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

'രണ്ട് മനോഹര വർഷങ്ങളാണ് ജംഷഡ്പൂരിനൊപ്പം ചെലവഴിച്ചത്. കണ്ടുമുട്ടിയ ആളുകളും ക്ലബ്ബിലുണ്ടാക്കിയ ബന്ധങ്ങളും എന്റെ ഫുട്‌ബോൾ ജീവിതത്തിലെ ഏറ്റവും മികച്ചതായിരുന്നു. രണ്ടു സീസണിൽ ആരാധകർക്ക് സ്‌റ്റേഡിയത്തിലെത്താൻ കഴിഞ്ഞില്ലെങ്കിലും അവർ തന്ന പിന്തുണ പ്രധാനമായിരുന്നു. അവർക്ക് അഭിമാനിക്കാവുന്ന നേട്ടങ്ങൾ നൽകാൻ ഞങ്ങൾ അധ്വാനിച്ചു. കുടുംബപരമായ കാരണങ്ങളാൽ നാട്ടിലേക്ക് മടങ്ങേണ്ടി വന്നിരിക്കുന്നുവെന്ന് ദുഃഖം നിറഞ്ഞ ഹൃദയത്തോടെ എനിക്ക് പറയേണ്ടി വന്നിരിക്കുകയാണ്. ഇന്ത്യയിലേക്ക് ഇനി മടങ്ങുകയാണെങ്കിൽ, അവർക്ക് ആ ഘട്ടത്തിൽ എന്റെ സേവനം ആവശ്യമുണ്ടെങ്കിൽ. എന്റെ ആദ്യ ചോയ്‌സ് ജംഷഡ്പൂർ തന്നെ ആയിരിക്കും. അടുത്ത സീസണിൽ ജംഷഡ്പൂരിന്റെ മത്സരം കാണാൻ എത്താമെന്ന് പ്രതീക്ഷിക്കുന്നു.' - ആരാധകർക്കെഴുതിയ വിടവാങ്ങൽ കുറിപ്പിൽ കോയിൽ പറഞ്ഞു.

ഈ സീസണിൽ 22 മത്സരങ്ങളിൽ നിന്ന് 13 ജയവും അഞ്ച് സമനിലയും ഓവൻ കോയിലിന്റെ കീഴിൽ ജംഷഡ്പൂർ നേടി.

സ്‌കോട്ട്‌ലാന്റിലെ പെയസ്ലിയിൽ ജനിച്ച ഓവൻ കോയിൽ ഇംഗ്ലണ്ടിലും സ്‌കോട്ട്‌ലാന്റിലുമായി നിരവധി ക്ലബ്ബുകൾക്കു വേണ്ടി കളിച്ചിട്ടുണ്ട്. പ്രീമിയർ ലീഗിൽ ബോൾട്ടൻ വാണ്ടറേഴ്‌സിനു വേണ്ടി 1993-95 കാലഘട്ടത്തിൽ കളിച്ച അദ്ദേഹം 54 മത്സരങ്ങളിൽ നിന്ന് 12 ഗോൽ നേടി. ബോൾട്ടൻ, വിഗാൻ അത്‌ലറ്റിക്, ബ്ലാക്ക്‌ബേൺ റോവേഴ്‌സ് തുടങ്ങിയ ക്ലബ്ബുകളെ പരിശീലിപ്പിച്ച ശേഷമാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്.

TAGS :

Next Story