Quantcast

'ഞാന്‍ ഫുട്ബോളിനു വേണ്ടി ജനിച്ചവനാണ്, ബിഥോവന്‍ സംഗീതത്തിനുവേണ്ടി ജനിച്ചതുപോലെ...'

ഉപജീവനത്തിനായി ഷൂ പോളിഷ് ചെയ്തിരുന്ന ബാലൻ കാലാന്തരത്തിൽ ലോക ഫുട്ബോളിൻറെ രാജാവായി...

MediaOne Logo

Web Desk

  • Updated:

    2022-12-30 00:58:31.0

Published:

30 Dec 2022 12:53 AM GMT

ഞാന്‍ ഫുട്ബോളിനു വേണ്ടി ജനിച്ചവനാണ്, ബിഥോവന്‍ സംഗീതത്തിനുവേണ്ടി ജനിച്ചതുപോലെ...
X

കാൽപന്തിന്‍റെ ചരിത്രത്തിൽ സ്വർണ ലിപികളിൽ എഴുതിച്ചേർത്ത പേരാണ് പെലെ. ഫുട്ബോൾ ജീവിതത്തിൽ എത്തിപ്പിടിക്കാത്ത ഉയരങ്ങളില്ല കാൽപന്ത് വൈഭവംകൊണ്ട് ലോകത്തിന്റെ പ്രിയപ്പെട്ടവനായ പെലെ. കളിക്കളത്തില്‍ മാത്രമല്ല ഇതിഹാസമായത്. വര്‍ണ വിവേചനം കൊടികുത്തിവാണ കാലത്ത് ആഫ്രിക്കയിലും അമേരിക്കയിലും വിമോചന നായകനായി മാറി. 'ഞാന്‍ ഫുട്ബോളിനു വേണ്ടി ജനിച്ചവനാണ്. ബീഥോവന്‍ സംഗീതത്തിനുവേണ്ടി ജനിച്ചതുപോലെ' എന്ന് അദ്ദേഹം പറയുകയുണ്ടായി. ഉപജീവനത്തിനായി ഷൂ പോളിഷ് ചെയ്തിരുന്ന ബാലന്‍ കാലാന്തരത്തില്‍ ലോക ഫുട്‌ബോളിന്‍റെ രാജാവായ കഥ ഇങ്ങനെ...

1950ലെ മാരക്കാന ദുരന്തം... ബ്രസീല്‍ കരഞ്ഞ ദിനം. സ്വന്തമായി ഒരു റേഡിയോ പോലുമില്ലാത്ത ഡോന്‍ഡിനോ. ബ്രസീല്‍ തോറ്റെന്ന് തെരുവില്‍ ആരോ പറഞ്ഞത് കേട്ട അയാള്‍ പൊട്ടിക്കരഞ്ഞു. അച്ഛന്റെ കരച്ചില്‍ കണ്ട് നെഞ്ച് പിടഞ്ഞ 9 വയസുകാരന്‍ ഒരു പ്രതിജ്ഞയെടുത്തു. ആ ലോകകിരീടം ഞാന്‍ ഈ മണ്ണിലെത്തിക്കും. വെറും വാക്കായിരുന്നില്ല അത്. ഒന്നല്ല മൂന്ന് തവണ ആ വിശ്വകിരീടം ബ്രസീലിലെത്തി. യൂൾറിമേ കപ്പ് അങ്ങനെ ബ്രസീലിന്‍റേത് മാത്രമായി. എഡ്സണ്‍ അരാന്റസ് ഡോ നാസിമെന്റോ പെലെയായി, ഫുട്ബോളിന്‍റെ പര്യായമായി.


അവഗണനയിൽ നിന്ന് ദേശീയ ഹീറോയായി മാറിയ കഥയാണ് പെലെയുടേത്. കറുപ്പിനെ അകറ്റി നിർത്തിയ ലോകം പെലെയെ കറുത്ത മുത്തെന്ന് വാഴ്ത്തി. തെരുവിൽ പന്ത് തട്ടിനടന്ന ബാലൻ പതിനഞ്ചാം വയസില്‍ സാന്റോസിൽ എത്തിയതോടെ കാൽപന്തുകളിയുടെ തലവര മാറി. പന്തിന് മേലുള്ള പ്രഹരശേഷി. അതിൻറെ കൃത്യത. സഹതാരങ്ങൾ എങ്ങനെ ചലിക്കുമെന്ന് അതിവേഗം അളക്കാനുള്ള കഴിവ്. പെലെയെന്ന ഒറ്റപ്പേരിൻറെ മികവിൽ സാൻറോസ് ക്ലബ് ലോകം ചുറ്റി.

പതിനേഴാം വയസിൽ അർജന്റീനക്കെതിരെ ഗോളടിച്ച് അന്താരാഷ്ട്ര അരങ്ങേറ്റം. ലോകകപ്പ് കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന വിശേഷണവുമായി 1958ൽ സ്വീഡനിലെത്തുമ്പോള്‍ പ്രായം 18 തികഞ്ഞിട്ടില്ല. അന്ന് കിരീടം നേടിയതിന് പിന്നാലെ പെലെയെ ദേശീയ നിധിയായി ബ്രസീൽ സർക്കാർ പ്രഖ്യാപിച്ചു. യൂറോപ്പുകാർ റാഞ്ചാതിരിക്കാനുള്ള പ്രതിരോധം കൂടിയായിരുന്നു അത്.


62ല്‍ ഒറ്റ മത്സരം മാത്രം കളിച്ച പെലെ- അത്തവണയും ലോകകിരീടം കാനറികൾക്ക്. 66ൽ കടുത്ത ടാക്ലിംഗുകളിൽ കുടുങ്ങി പെലെയും ബ്രസീലും ആദ്യ റൗണ്ടിൽ മടങ്ങി. ആ ക്ഷീണം അടുത്ത ലോകകപ്പ് നേടിയാണ് പെലെ തീർത്തത്. ബ്രസീലിനായി 92 മത്സരങ്ങള്‍, 77 ഗോളുകള്‍, പെലെയും ഗാരിഞ്ചയും ഒരുമിച്ച് പന്ത് തട്ടിയ ഒരു മത്സരം പോലും ബ്രസീല്‍ തോറ്റിട്ടില്ല. 1971ല്‍ യൂഗോസ്ലാവിയക്കെതിരായ മത്സരത്തോടെ പെലെ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് ബൂട്ടഴിച്ചു. ബ്രസീലിയന്‍ ക്ലബ് സാന്റോസിലാണ് തന്റെ നല്ല കാലം മുഴുവന്‍ പെലെ ചെലവിട്ടത്, അവസാന രണ്ട് വര്‍ഷം ന്യൂയോര്‍ക്ക് കോസ്മോസിലും കളിച്ചു. ഇരു ക്ലബുകള്‍ക്കുമായി 650 ഗോളുകളാണ് അടിച്ചുകൂട്ടിയത്. ആകെ 1363 മത്സരങ്ങളില്‍ നിന്നായി 1281 ഗോളുകള്‍.

പെലെയെ തേടിയെത്താത്ത പുരസ്കാരങ്ങളോ ബഹുമതികളോ ഇല്ല. നൂറ്റാണ്ടിന്റെ താരം. കാൽപന്ത് കളത്തിൽ ആ നേട്ടങ്ങൾക്ക് പകരംവെക്കാനില്ല. കൊടിപിടിക്കാതെ, സമരാഹ്വാനങ്ങളില്ലാതെ, വിപ്ലവത്തിനിറങ്ങാതെ വിമോചന നായകനായി പെലെ. ആഫ്രിക്കയില്‍, അമേരിക്കയില്‍ അടിമകളെ പോലെ ജീവിക്കേണ്ടിവന്ന കറുത്ത വര്‍ഗക്കാരന്‍റെ ദൈവമായി. ഓരോ നേട്ടങ്ങളും അയാള്‍ പോലുമറിയാതെ വിപ്ലവങ്ങളും നവോത്ഥാന പോരാട്ടങ്ങളുമായി. കറുത്തവനെ വെറുപ്പോടെ കണ്ട വെള്ളക്കാരന്‍ ആ കറുത്ത മുത്തിനെ ഒന്നുമ്മ വെയ്ക്കാന്‍ മത്സരിച്ചു. പെലെ ഫുട്ബോള്‍ ഹൃദയത്തോട് ചേര്‍ത്തുവച്ചപ്പോള്‍ ലോകം അയാള്‍ക്ക് ഹൃദയത്തിലൊരു ഇടം നല്‍കി..

Summary- Iconic Brazilian footballer Pele, widely regarded as one of the greatest players of all time and the only player to have won the FIFA World Cup thrice, has died at the age of 82

TAGS :

Next Story