Quantcast

എല്ലാ രാജ്യങ്ങളിലും പെലെ സ്റ്റേഡിയം; ഇതിഹാസത്തിന് ആദരമൊരുക്കാന്‍ ഫിഫ

സാന്‍റോസില്‍ പെലെയുടെ സംസ്‌കാര ചടങ്ങിൽ അന്തിമോപചാരം അർപ്പിക്കാനെത്തിയതായിരുന്നു ഫിഫ തലവൻ ജിയാന്നി ഇൻഫാന്റിനോ

MediaOne Logo

Web Desk

  • Published:

    3 Jan 2023 3:41 AM GMT

എല്ലാ രാജ്യങ്ങളിലും പെലെ സ്റ്റേഡിയം; ഇതിഹാസത്തിന് ആദരമൊരുക്കാന്‍ ഫിഫ
X

ബ്രസീലിയ: ലോകത്തെ മുഴുവൻ രാജ്യങ്ങളിലും ഒരു സ്‌റ്റേഡിയത്തിന് ഫുട്‌ബോൾ ഇതിഹാസം പെലെയുടെ നാമം നൽകാൻ ആവശ്യപ്പെടുമെന്ന് ഫിഫ. സാന്റോസിൽ പെലെയുടെ സംസ്‌കാര ചടങ്ങിൽ അന്തിമോപചാരമർപ്പിക്കാനെത്തിയ ഫിഫ തലവൻ ജിയാന്നി ഇൻഫാന്റിനോ മാധ്യമങ്ങളോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

പെലെ അനശ്വരനാണ്. ഫുട്‌ബോളിന്റെ ആഗോള പ്രതീകമാണ് അദ്ദേഹം. വലിയ ദുഃഖത്തോടെയാണ് നമ്മൾ ഇവിടെ നിൽക്കുന്നത്. ഒരുപാട് വികാരങ്ങളിലൂടെയും വേദനയിലൂടെയുമാണ് കടന്നുപോകുന്നത്. എന്നാൽ, നമുക്ക് ഒരുപാട് പുഞ്ചിരികൾ സമ്മാനിച്ചയാളാണ് അദ്ദേഹം. അതുകൊണ്ട് ആ പുഞ്ചിരി നമുക്കുണ്ട്. ഫിഫ രാജാവിന് ആദരമർപ്പിക്കുകയും ലോകത്തോടു മുഴുവൻ ഒരു നിമിഷം മൗനമാചരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു-ഇൻഫാന്റിനോ പറഞ്ഞു.

2022 ഡിസംബർ 29നാണ് ഫുട്‌ബോൾ ചരിത്രം കണ്ട എക്കാലത്തെയും വലിയ ഇതിഹാസം വിടപറയുന്നത്. 2021 മുതൽ അർബുദബാധിതനായി ചികിത്സയിലായിരുന്നു. അർബുദത്തിന് പുറമേ ഹൃദയ, വൃക്ക സംബന്ധമായ പ്രശ്‌നങ്ങളും താരം നേരിട്ടിരുന്നു.

ബ്രസീലിനായി 1958, 1962, 1970 വർഷങ്ങളിൽ ലോകകപ്പ് നേടിയ താരമാണ് പെലെ. ഫുട്‌ബോൾ ചരിത്രത്തിൽ മൂന്ന് ലോകകിരീടങ്ങൾ നേടിയ ഏക താരം കൂടിയാണ്. ഇൻറർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്ബോൾ ഹിസ്റ്ററി ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് നൂറ്റാണ്ടിലെ ലോക കളിക്കാരനായി പെലെയെ തെരഞ്ഞെടുത്തിരുന്നു.

കൂടാതെ ഫിഫ പ്ലെയർ ഓഫ് ദി സെഞ്ച്വറി നേടിയ രണ്ട് ജേതാക്കളിൽ ഒരാളെന്ന നേട്ടത്തിനും പെലെ അർഹനായി. സൗഹൃദ മത്സരങ്ങൾ ഉൾപ്പെടെ 1,363 കളികളിൽനിന്ന് 1,281 ഗോളുകൾ നേടിയതിന് ഗിന്നസ് വേൾഡ് റെക്കോർഡും പെലെയുടെ പേരിലുണ്ട്.

Summary: FIFA President Gianni Infantino to urge every countries to name a football stadium after the Brazilian legend Pele

TAGS :

Next Story