പോർച്ചുഗൽ സൂ... മൊറോക്കോ സെമിഫൈനലിൽ
42ാം മിനുട്ടിൽ യൂസുഫ് അന്നസീരിയാണ് ടീമിനായി ഗോളടിച്ചത്
പോർച്ചുഗല്ലിനെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് മൊറോക്കോ ഖത്തർ ലോകകപ്പിന്റെ സെമിഫൈനലിൽ. 42ാം മിനുട്ടിൽ യൂസുഫ് അന്നസീരിയാണ് ടീമിനായി ഗോളടിച്ചത്. ആദ്യമായാണ് ഒരു ആഫ്രിക്കൻ ടീം ലോകകപ്പിന്റെ സെമിഫൈനലിലെത്തുന്നത്. ഡിസംബർ 15 ന് നടക്കുന്ന സെമിഫൈനലിൽ ഫ്രാൻസ്-ഇംഗ്ലണ്ട് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ജയിക്കുന്നവരെയാണ് മൊറോക്കോ നേരിടുക.
അതിയുല്ലാഹ് ഉയർത്തി നൽകിയ പന്ത് ഉയർന്നു ചാടി ഹെഡ് ചെയ്ത് വലയിൽ കയറ്റുകയായിരുന്നു അന്നസീരി. രണ്ടാം പകുതിയിൽ 48ാം മിനുട്ടിൽ മൊറോക്കോക്ക് ലീഡുയർത്താൻ മറ്റൊരവസരം ലഭിച്ചു. എന്നാൽ സിയെച്ചെടുത്ത ഫ്രീകിക്ക് യാമിഖിന്റെ തലയിൽ തൊട്ടുരുമ്മി ഗോളിയുടെ ദേഹത്ത് തട്ടി പുറത്തുപോയി.
അതിനിടെ, ആദ്യ ഇലവനിലില്ലാതിരുന്നു ക്രിസ്റ്റിയാനോ റൊണാൾഡോയെ ഇറക്കി. അന്താരാഷ്ട്ര പുരുഷ ഫുടബോളിൽ റെക്കോഡുമായാണ് താരം കളത്തിലിറങ്ങിയത്. 196 മത്സരങ്ങളിൽ കളിച്ച കുവൈത്ത് താരം ബദർ അൽ മുതവ്വയുടെ റെക്കോഡിനൊപ്പമാണ് താരം ഇടംപിടിച്ചത്. 51ാം മിനുട്ടിൽ റൂബെൻ നെവസിന് പകരമാണ് സൂപ്പർ താരമിറങ്ങിയത്. മൊറോക്കോ ഗോളടിച്ച ശേഷം ഉണർന്നു കളിക്കുന്ന പോർച്ചുഗലിന് ലക്ഷ്യം കാണാനായിട്ടില്ല. 57ാം മിനുട്ടിൽ കഴിഞ്ഞ കളിയിലെ ഹീറോ ഗോൺസാലോ റാമോസിന് മൊറോക്കൻ വല കുലുക്കാൻ അവസരം ലഭിച്ചുവെങ്കിലും ഹെഡ്ഡർ ലക്ഷ്യത്തിലെത്തിയില്ല. 63ാം മിനുട്ടിൽ ബ്രൂണോ ഫെർണാണ്ടസടിച്ച ഷോട്ട് പോസ്റ്റിന് മുകളിലുടെയാണ് പോയത്. 68ാം മിനുട്ടിൽ ബ്രൂണോയുടെ പാസ് ഹെഡ് ചെയ്യാനുള്ള റൊണാൾഡോയുടെ ശ്രമം വിജയിച്ചില്ല. പന്ത് ബൗനോയുടെ കരങ്ങളിൽ വിശ്രമിച്ചു. 70ാം മിനുട്ടിലെ കോർണറും ഫലപ്രദമാക്കാനായില്ല.
74ാം മിനുറ്റിൽ മൊറോക്കോയ്ക്ക് കൗണ്ടർ അറ്റാക്കിലൂടെ മികച്ചൊരു അവസരം ലഭിച്ചെങ്കിലും ഗോൾവല കുലുക്കാൻ സാധിച്ചില്ല. 83ാം മിനുറ്റിൽ പോർച്ചുഗൽ മുന്നേറ്റതാരം ഫെലിക്‌സ് ഉതിർത്ത ഷോട്ട് ഗോളാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അത്യുഗ്രൻ സേവിലൂടെ മൊറോക്കൻ ഗോൾകീപ്പർ ബോനോ രക്ഷപ്പെടുത്തുകയായിരുന്നു.
ലോകകപ്പ് ചരിത്രത്തിൽ മൊറോക്കയുടെ ഏറ്റവും വലിയ ഗോൾവേട്ടക്കാരനാണ് അന്നസീരി. മൂന്നു ഗോളുകളാണ് താരത്തിന്റെ പേരിലുള്ളത്.
ടീമുകളുടെ ലൈനപ്പ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇരുടീമുകളും 4-3-3 ഫോർമാറ്റിലാണ് കളിക്കുന്നത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയാണ് വീണ്ടും പോർച്ചുഗൽ ആദ്യ ഇലവനെ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ ഇറക്കിയ ലൈനപ്പിൽ മാറ്റം വരുത്താതെയാണ് ഇന്നും അണിനിരക്കുന്നത്. ഏക്കാലത്തുമായി ആദ്യ ഇലവനിലിറങ്ങുന്ന ഏറ്റവും യുവനിരയാണ് പോർച്ചുഗലിനായി കളിക്കുന്നത്. 26 വർഷവും 332 ദിവസവുമാണ് ശരാശരി പ്രായം.
പോർച്ചുഗൽ ഇലവൻ
കോസ്റ്റ, ഡാലോട്ട്, പെപ്പെ, റൂബൻ ഡിയാസ്, റാഫേൽ, റൂബൻ നവാസ്, ഒട്ടാവിയോ, ബ്രൂണോ ഫെർണാണ്ട്, ബർണാഡോ സിൽവ, ജാവോ ഫെലിക്‌സ്, ഗോൺസാലോ റാമോസ്
മൊറോക്കോ ഇലവൻ
യാസിൻ ബൗനോ, അഷ്‌റഫ് ഹക്കീമി, സുഫിയാൻ അമ്രബാത്, റൊമൈൻ സെസ്സ്(ക്യാപ്റ്റൻ), ജാവേദ് അൽ യാമിഖ്, യഹ്‌യാ അതിയത്തുല്ലാഹ്, അസ്സെദ്ദീൻ ഔനാഹി, സലേം അമെല്ലാഹ്, ഹകീം സിയെച്ച്, സൊഫിയാനെ ബൗഫൽ, യൂസ്സെഫ് എൻ നെസൈരി.
കോച്ച്: വലീദ് റെഗ്രാഗി.
സ്വിറ്റ്‌സർലൻഡിനെതിരായ കഴിഞ്ഞ പ്രീ ക്വാർട്ടർ മത്സരത്തിൽ ഗോൺസാലോ റാമോസിനെയാണ് റൊണാൾഡോക്ക് പകരം ഇറക്കിയത്. അന്ന് ഹാട്രിക്കുമായാണ് റോമോസ് തിരിച്ചുകയറിയത്. 2008ന് ശേഷം റൊണാൾഡോ ഇല്ലാതെ ആദ്യമായാണ് കഴിഞ്ഞ മത്സരത്തിൽ പോർച്ചുഗൽ സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിക്കുന്നത്. പിന്നീട് മത്സരത്തിൻറെ അവസാന മിനുട്ടുകളിലാണ് റോണോയെ കോച്ച് ഫെർണാണ്ടോ സാൻറോസ് ഇറക്കിയത്.
എന്നാൽ കിട്ടിയ അവസരം മുതലെടുത്ത റാമോസ് ഒരൊറ്റ മത്സരത്തോടെ ടീമിൻറെ ഒഴിച്ചുകൂടാനാകാത്ത ഘടകമായി. പെലേക്ക് ശേഷം നോക്കൗട്ട് ഘട്ടത്തിൽ ഹാട്രിക് നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരമായി ആണ് റാമോസ് അന്ന് റെക്കോർഡ് ബുക്കിൽകയറിപ്പറ്റിയത്. കൂടാതെ ഖത്തർ ലോകകപ്പിലെ ആദ്യ ഹാട്രികും റാമോസിന്റെ പേരിലാണ് അടയാളപ്പെടുത്തപ്പെട്ടത്.
Adjust Story Font
16