പാലസ് കോട്ട തകർത്ത് ഗണ്ണേഴ്‌സ്; അഞ്ച് ഗോൾ ജയവുമായി തിരിച്ചുവരവ്
അവസാനം കളിച്ച മൂന്ന് മത്സരങ്ങളിലും തോൽവി നേരിട്ട ഗണ്ണേഴ്‌സിന്റെ മികച്ച തിരിച്ചു വരവായി ക്രിസ്റ്റൽ പാലസിനെതിരായ മത്സരം.
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർ തോൽവികൾക്ക് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തി ആഴ്‌സനൽ. ക്രിസ്റ്റൽ പാലസിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് കീഴടക്കിയത്. ബ്രസീലിയൻ താരം ഗബ്രിയേൽ മാർട്ടിനെലി ഇരട്ട ഗോളുമായി തിളങ്ങി. സ്വന്തം തട്ടകമായ എമിറേറ്റ്‌സ് സ്‌റ്റേഡിയത്തിൽ തുടക്കം മുതൽ ആധിപത്യം പുലർത്തിയ ഗണ്ണേഴ്‌സ് ആദ്യ പകുതിയിൽ തന്നെ രണ്ട് ഗോളിന്റെ ലീഡ് നേടി.
മത്സരത്തിന്റെ 11-ാം മിനിറ്റിലായിരുന്നു ഗണ്ണേഴ്സ് പാലസ് വല ചലിപ്പിച്ചത്. പ്രതിരോധ താരം ഗബ്രിയേൽ മഗൽഹെസിലൂടെയാണ് ലക്ഷ്യം കണ്ടത്. 37-ാം മിനിറ്റിൽ ഡീൻ ഹെൻഡേഴ്സൺ വഴങ്ങിയ സെൽഫ് ഗോൾ ആഴ്സണലിന്റെ ലീഡ് രണ്ടാക്കി. ലീഡ് നൽകിയ ആത്മവിശ്വാസവുമായി രണ്ടാം പകുതിയിൽ ഇറങ്ങിയ ആതിഥേയർ എതിർ ബോക്‌സിലേക്ക് നിരന്തരം അക്രമിച്ചു. മറുവശത്ത് ഫിനിഷിങിലെ പോരായ്മകളും താരങ്ങൾ തമ്മിലുള്ള കോർഡിനേഷനില്ലാത്തതും ക്രിസ്റ്റൽ പാലസിന് തിരിച്ചടിയായി. പ്രകടനം മോശമായതോടെ എവേ ഗ്യാലറിയിൽ സ്വന്തം ടീമിനെതിരെ ആരാധകർ ബാനർ ഉയർത്തുകയും ചെയ്തു.
59-ാം മിനിറ്റിൽ ബെൽജിയം വിങർ ലിയാൻഡ്രോ ട്രൊസാർഡ് ആഴ്സണലിന്റെ മൂന്നാം ഗോൾ നേടി. ഇഞ്ചുറി സമയത്താണ് കൗണ്ടർ അറ്റാക്കിലൂടെ മാർട്ടിനലി രണ്ട് ഗോൾ നേടിയത്. 90+4 മിനിറ്റിൽ കെയ്റ്റിയ നൽകിയ പാസുമായി മുന്നേറിയ ബ്രസീലിയൻ താരം പാലസ് ഗോൾകീപ്പറെ കാഴ്ചക്കാരനാക്കി പോസ്റ്റിന്റെ വലത്മൂലയിലേക്ക് തട്ടിയിട്ടു. ജോർജീന്യോയുടെ അസിസ്റ്റിൽ കളിതീരാൻ സെക്കന്റുകൾ ബാക്കിനിൽക്കെ മറ്റൊരു മികച്ച ഫിനിഷിങിലൂടെ അഞ്ചാം ഗോളും നേടി പട്ടിക പൂർത്തിയാക്കി.
അവസാനം കളിച്ച മൂന്ന് മത്സരങ്ങളിലും തോൽവി നേരിട്ട ഗണ്ണേഴ്‌സിന്റെ മികച്ച തിരിച്ചു വരവായി ക്രിസ്റ്റൽ പാലസിനെതിരായ മത്സരം. ഇതോടെ കിരീട പോരാട്ടത്തിൽ ലിവർപൂളിനും മാഞ്ചസ്റ്റർ സിറ്റിക്കും ഭീഷണി സൃഷ്ടിക്കാനുമായി. നിലവിൽ 23 കളിയിൽ 43 പോയന്റുമായി മൂന്നാമതാണ്. ഒരു മത്സരം കുറവ് കളിച്ച ലിവർപൂൾ 45 പോയന്റുമായി ഒന്നാമതാണ്.
Adjust Story Font
16