ആധികാരികം ലിവർപൂൾ ജയം; പ്രീമിയർ ലീഗിൽ തലയെടുപ്പോടെ തലപ്പത്ത്
കളിയുടെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച ചെമ്പട കൃത്യമായ ഇടവേളകളിൽ ഗോൾ നേടി ആതിഥേയർക്കുമേൽ ആധിപത്യം നേടി
ലണ്ടൻ: പ്രീമിയർ ലീഗിൽ ആധികാരിക ജയം സ്വന്തമാക്കി ലിവർപൂൾ. ബ്രെൻഡ്‌ഫോഡിനെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് തുരത്തിയത്. ഇതോടെ പോയന്റ് ടേബിളിൽ രണ്ടാമതുള്ള മാഞ്ചസ്റ്റർ സിറ്റിയുമായുള്ള വ്യത്യാസം അഞ്ചാക്കി ഉയർത്തി. ഡാർവിൻ ന്യൂനസ്(35), മാക് അലിസ്റ്റർ(55), മുഹമ്മദ് സലാഹ്(68), കോഡി ഗാപ്‌കോ(86) എന്നിവരാണ് വലകുലുക്കിയത്. ബ്രെൻഡ്‌ഫോഡിനായി ഇവാൻ ടോണി(75) ആശ്വാസ ഗോൾ നേടി.
പരിക്കിനോട് പടവെട്ടിയാണ് ചെമ്പട മികച്ച ജയം സ്വന്തമാക്കിയത്. 34ാം മിനിറ്റിൽ കർട്ടിസ് ജോൺസും 44ാം മിനിറ്റിൽ ഡിയേഗോ ജോട്ടയും പരിക്കേറ്റ് കളം വിട്ടു. നേരത്തെ പരിക്കിന്റെ പിടിയിലുള്ള അലക്‌സാണ്ടർ അർണോൾഡ്, സ്ലൊബാസ്ലായ്, ഗോൾകീപ്പർ അലിസൺ ബക്കർ എന്നിവർ ഇല്ലാതെയാണ് ഇറങ്ങിയത്. ഇതോടെ ഈമാസം 25ന് ചെൽസിയുമായി കരബാവോ കപ്പ് ഫൈനലിൽ പ്രധാന അഞ്ച് താരങ്ങളുടെ സേവനം ലിവർപൂളിന് നഷ്ടമായേക്കും. അതേസമയം, ആഫ്രിക്കൻ നേഷൻസ് കപ്പിനിടെ പരിക്കേറ്റ സൂപ്പർ താരം മുഹമ്മദ് സലാഹ് തിരിച്ചെത്തിയത് പ്രതീക്ഷ നൽകുന്നു. പകരക്കാരനായാണ് താരം ബ്രെൻഡ്‌ഫോഡിനെതിരായ എവേ മത്സരത്തിനിറങ്ങിയത്.
കളിയുടെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച ലിവർപൂൾ കൃത്യമായ ഇടവേളകളിൽ ഗോൾ നേടി ആതിഥേയർക്കുമേൽ ആധിപത്യം നേടി. ലിവർപൂൾ ആക്രമത്തെ അതേ നാണയത്തിൽ നേരിടാനുള്ള ബ്രെൻഡ്‌ഫോഡ് തന്ത്രം പാളുകയായിരുന്നു. കൗണ്ടർ അറ്റാക്കിലൂടെയാണ് യുർഗൻ ക്ലോപ് സംഘം ആദ്യ ലീഡ് നേടിയത്. 35ാം മിനിറ്റിൽ സ്വന്തം ബോക്‌സിൽ നിന്ന് ലഭിച്ച പന്തുമായി മുന്നേറിയ ഡിയേഗോ ജോട്ട ഡാർവിൻ ന്യൂനസിന് നൽകിയ പന്ത് ഗോൾ കീപ്പർക്ക് മുകളിലൂടെ ലക്ഷ്യത്തിലേക്ക് തട്ടിയിടുകയായിരുന്നു. ഒരു ഗോൾ ലീഡിൽ രണ്ടാം പകുതി അവസാനിപ്പിച്ച ലിവർപൂൾ അവസാന 45 മിനിറ്റിൽ വിശ്വരൂപം കാണിച്ചു.
55ാം മിനിറ്റിലായിരുന്നു എവേ ഗ്യാലറി കാത്തിരുന്ന മറ്റൊരു ഗോൾ നിമിഷം. ബോകിസിലേക്ക് സലാഹ് നൽകിയ പന്ത് സ്വീകരിച്ച് അർജന്റൈൻ താരം മാക് അലിസ്റ്റർ ബ്രെൻഡ്‌ഫോഡ് പ്രതിരോധ താരങ്ങളെ മറികടന്ന് ഗോളിലേക്ക് പ്ലെയ്‌സ് ചെയ്തു. എതിരാളികളുടെ പ്രതിരോധത്തിലെ പിഴവിലൂടെയാണ് മൂന്നാം ഗോൾ വന്നത്. കോഡി ഗാക്‌പോയുടെ പാസ് സ്വീകരിച്ച് അതിവേഗകുതിപ്പ് നടത്തിയ മുഹമ്മദ് സലാഹ് ക്ലിനിക്കൽ ഫിനിഷിലൂടെ മത്സരം സീൽ ചെയ്യുന്ന ഗോൾ നേടി. സ്‌ട്രൈക്കർ ഇവാൻ ടോണിയിലൂടെ 75ാം മിനിറ്റിൽ ബ്രെൻഡ്‌ഫോഡ് തിരിച്ചുവരവിന് ശ്രമം നടത്തിയെങ്കിലും വൈകിയിരുന്നു. 86ാം മിനിറ്റിൽ ലൂയിസ് ഡയസിന്റെ അസിസ്റ്റിൽ കോഡി ഗാക്‌പോയും വലകുലുക്കി പട്ടിക പൂർത്തിയാക്കി.
Adjust Story Font
16