ആഫ്രിക്കൻ,ഏഷ്യൻ ചാമ്പ്യൻഷിപ്പ്: പ്രധാന താരങ്ങളെ വിട്ടുനൽകേണ്ടിവരുമോ, ആശങ്കയിൽ പ്രീമിയർ ലീഗ് ക്ലബുകൾ
നിർണായക ഘട്ടത്തിൽ പ്രധാന താരങ്ങളെ നഷ്ടമാകുന്നത് മുൻനിര ക്ലബുകൾക്ക് തിരിച്ചടിയാകും
ലണ്ടൻ: പുതുവർഷത്തിൽ ഫുട്‌ബോൾ ആവേശത്തിന് തിരകൊളുത്തി ആഫ്രിക്കൻ, ഏഷ്യൻ ചാമ്പ്യൻഷിപ്പുകൾക്ക് ജനുവരി ആദ്യം തുടക്കമാകും. ജനുവരി 13ന് ആഫ്രിക്കൻ നേഷൻസ് കപ്പും 12 മുതൽ എഎഫ്‌സി ഏഷ്യൻ ചാമ്പ്യൻഷിപ്പും നടക്കും. ഒരുമാസം നീണ്ടുനിൽക്കുന്ന മത്സരത്തിനായി താരങ്ങളെ വിട്ടുനൽകേണ്ടി വരുമോയെന്ന ആശങ്കയിലാണ് പ്രീമിയർലീഗിലെ പ്രധാനക്ലബുകൾ. നിർണായക ഘട്ടത്തിൽ പ്രധാന താരങ്ങളെ നഷ്ടമാകുന്നത് മുൻനിര ക്ലബുകൾക്ക് തിരിച്ചടിയാകും. ലിവർപൂളാണ് കൂടുതൽ പ്രതിസന്ധി നേരിടുന്ന ഇംഗ്ലീഷ് ക്ലബ്. ആഫ്രിക്കൻ നേഷൺസ് കപ്പിൽ ഈജിപ്ത് ടീമിൽ കളിക്കാനായി മുഹമ്മദ് സലയെ വിട്ടുനൽകേണ്ടിവരും.
നിലവിൽ ക്ലബിന്റെ ഗോൾവേട്ടക്കാരിൽ സലയാണ് മുന്നിൽ. 12 ഗോളുകളാണ് ഇതുവരെയായി പ്രീമിയർലീഗിൽ മാത്രമായി ഈജിപ്ഷ്യൻ താരം സ്വന്തമാക്കിയത്. പോയന്റ് ടേബിളിൽ ഒന്നാമതുള്ള ചെമ്പടക്ക് ടോട്ടനം, ചെൽസിയടക്കമുള്ള പ്രധാന ടീമുകളുമായെല്ലാം ജനുവരി,ഫെബ്രുവരിയിലായി മത്സരമുണ്ട്. ജപ്പാൻ നായകൻ വതാരു എൻഡോയും ലിവർപൂളിന്റെ താരമാണ്. ഏഷ്യൻ കപ്പിനായി താരവും മടങ്ങിയേക്കും. ആർസനൽ പ്രതിരോധ താരമായ തോമിയാസുവും ജപ്പാനുവേണ്ടി കളിക്കാനായി തിരിക്കും.ലിവർപൂൾ ആദ്യ ഇലവനിലെ സ്ഥിര സാന്നിധ്യമായ ഡിഫെൻസീവ് മിഡ്ഫീൽഡറുടെ അഭാവം മറികടക്കുക എർഗെൻ ക്ലോപിന് വലിയ വെല്ലുവിളിയാകും.ടോട്ടനത്തിന്റെ സൂപ്പർ താരമായ സൺ ഹ്യും മിൻ സൗത്ത് കൊറിയൻ ക്യാപ്റ്റനാണ്. ഏഷ്യൻകപ്പിൽ ടീമിന്റെ പ്രകടനം താരത്തെ ആശ്രയിച്ചായിരിക്കും. ഉജ്ജ്വല ഫോമിലുള്ള 31കാരനെ നഷ്ടപ്പെടുത്താൻ ടോട്ടനത്തിന് താൽപര്യമുണ്ടാകില്ല.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഗോൾകീപ്പറായ ആന്ദ്രെ ഒനാനെയാണ് മറ്റൊരു പ്രധാന താരം. വലിയതുക മുടക്കി യുണൈറ്റഡ് ടീമിലെത്തിച്ച കാമറൂൺ താരമാണ് ഈ സീസണിലെ ഗോൾവല കാക്കുന്നത്. നേഷണൽസ് കപ്പിനായി താരവും മടങ്ങിയേക്കും. സെനഗൽ ഇന്റർനാഷണൽ നിക്കോളാസ് ജാക്ക്‌സൺ പ്രീമിയർലീഗ് ചെൽസി താരമാണ്. ഐവറി കോസ്റ്റിലാണ് ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിന് വേദിയാകുക. ഖത്തറിലാണ് എഎഫ്‌സി ഏഷ്യൻ കപ്പ്.
അതേസമയം താരങ്ങളെ വിട്ടുനൽകുന്ന കാര്യത്തിൽ ക്ലബുകൾ അന്തിമ തീരുമാനമെടുത്തിട്ടില്ല. ആസ്റ്റൺവില്ല,ബോൺമൗത്ത്,ബ്രെൻഡ്‌ഫോർഡ്,ബ്രൈട്ടൻ തുടങ്ങി ടീമുകളിലും ഏഷ്യൻ-ആഫ്രിക്കൻ താരങ്ങൾ കളിക്കുന്നുണ്ട്. ചാമ്പ്യൻഷിപ്പിനിടെ പരിക്ക് സംഭവിക്കുമോയെന്ന ആശങ്കയും കളിക്കാരെ വിട്ടുനൽകുന്നതിൽ നിന്ന് ക്ലബുകളെ മാറിചിന്തിപ്പിക്കുന്നു.
Adjust Story Font
16