കൂടെയോടാൻ വിളിച്ച് ബോൾട്ട്; സമ്മതമെന്ന് എംബാപ്പേ
ട്രാക്കിലെ ചീറ്റപ്പുലിയായ ഉസൈൻ ബോൾട്ടും ഫുട്ബാൾ മൈതാനത്തെ കൊടുങ്കാറ്റായ കിലിയൻ എംബാപ്പേയും ഒരു റൈസിങ്ങിൽ പങ്കെടുത്താൻ എങ്ങനെയുണ്ടാകും? ലോകമെമ്പാടുമുള്ള കായിക പ്രേമികളുടെ ആകാംക്ഷയേറ്റിക്കൊണ്ട് അത്തരമൊരു മത്സരത്തിന് സാധ്യതയേറുകയാണ്.
സംഭവങ്ങളുടെ തുടക്കമിങ്ങനെ: മാർച്ചിൽ നടന്ന പി.എസ്.ജി റിയൽ സോസിഡാഡ് മത്സരം. കിലിയൻ എംബാപ്പേ തകർത്താടിയ മത്സരത്തിന് പിന്നാലെയാണ് എംബാപ്പേയുടെ സ്പീഡിനെക്കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചത്. മത്സരത്തിൽ 100 മീറ്റർ വെറും 10.9 സെക്കൻഡ് കൊണ്ടാണ് എംബാപ്പേ ഓടിത്തീർത്തത്. ഇതിനുപിന്നാലെ എംബാപ്പേയുടെ സ്പീഡ് ലോകമെമ്പാടും വാർത്തയായി. ഉസൈൻ ബോൾട്ടിന്റെ ലോക റെക്കോർഡിനേക്കാൾ വെറും 1 സെക്കൻഡ് കുറവ് മാത്രമാണ് ഇതെന്ന രീതിയിലാണ് വാർത്തകൾ പ്രചരിച്ചത്.
എന്നാൽ ഇതിനെതിരെ അത്‍ലറ്റിക്സ് രംഗത്തുള്ളവർ പരിഹാസവുമായെത്തി. 100 മീറ്ററിൽ ഒരു സെക്കൻഡ് കൂടുതൽ എന്നാൽ അത് ചെറിയ വ്യത്യാസമല്ല എന്നാണ് അത്‍ലറ്റിക്സ് ആരാധകർ ഓർമിപ്പിച്ചത്.
തൊട്ടുപിന്നാലെ ഇതിനെക്കുറിച്ച് ബോൾട്ടിന്റെ മറുപടിയുമെത്തി. ആ വാർത്ത കണ്ട് ചിരിവന്നുവെന്നും പെൺകുട്ടികൾ അതിനേക്കാൾ സ്പീഡിൽ ഓടുമെന്നുമാണ് ബോൾട്ട് ഒരു മാധ്യമത്തോട് പ്രതികരിച്ചത്. കൂടൊതെ എംബാപ്പേയോട് ബഹുമാനമുണ്ടെന്നും ഒരു ചാരിറ്റി റെയ്സിൽ ഒരുമിച്ച് മത്സരിക്കാൻ ആഗ്രഹമുണ്ടെന്നും ബോൾട്ട് പറഞ്ഞു.
ഇപ്പോൾ ഫ്രാൻസിൽ വെച്ചുനടന്ന ഒരു ചടങ്ങിനിടെബോൾട്ടിന്റെ ആഗ്രഹത്തോട് പോസിറ്റീവായി പ്രതികരിച്ചിരിക്കുകയാണ് എംബാപ്പേ. താരത്തിന്റെ പ്രതികരണമിങ്ങനെ: ബോൾട്ട് എല്ലാവരെയും പ്രചോദിപ്പിച്ച താരമാണ്. അദ്ദേഹം ഓടുന്നത് കാണാൻ രാത്രി എണീറ്റവരാണ് എല്ലാവരും. അദ്ദേഹത്തെ ഞാൻ ആദരിക്കുന്നു. അദ്ദേഹത്തോടൊപ്പം ഒാടുന്നത് രസകരമാകും. രണ്ടുപേർക്കും സമയമുള്ളപ്പോൾ അത് നോക്കാം. മത്സരത്തെ ഫലത്തെക്കുറിച്ച് എനിക്ക് വലിയ പ്രതീക്ഷയൊന്നുമില്ല.
ഉസൈൻ ബോൾട്ടിന്റെ വേഗതയുമായി ഫുട്ബോളമാരെ ഉരച്ചുനോക്കുന്നത് പുതിയ സംഭവമൊന്നുമല്ല. റയൽ മാഡ്രിഡിന്റെ ഗാരെത് ബെയിൽ, ടോട്ടൻ ഹാമിന്റെ മിക്കി വാൻ ഡെ വെൻ, മാഞ്ചസ്റ്റർ സിറ്റിയുടെ കൈൽ വാക്കർ എന്നിവരുടെയെല്ലാം വേഗത ബോൾട്ടുമായി താരതമ്യപ്പെടുത്തിയിട്ടുണ്ട്. എന്തിന് ഒരിക്കൽ മഹേന്ദ്ര സിങ് ധോണി വിക്കറ്റിനിടയിലുള്ള ഓട്ടത്തിനിടെ 20 മീറ്റർ വെറും 2.7 സെക്കൻഡുകൊണ്ട് താണ്ടിയത് വലിയ വാർത്തയായിരുന്നു. ഉസൈൻ ബോൾട്ടും ധോണിയും ഒരു പാഡണിഞ്ഞ് ഒരു മത്സരം നടത്തിയാൽ ധോണി വിജയിക്കുമെന്നാണ് ക്രിക്കറ്റ് കമേന്ററ്റർ അലൻ വിൽകിൻസ് ഒരിക്കൽ പറഞ്ഞത്. അടുത്തിടെ അമേരിക്കൻ ഫുട്ബാൾ താരം സാവിയർ വോർത്തിയ 36.5 മീറ്റർ 4.21 മീറ്ററിൽ പിന്നിട്ടതിന് പിന്നാലെയും സമാനവാർത്തകൾ പ്രചരിച്ചിരുന്നു.
എന്നാൽ കളിക്കളത്തിലെ മിന്നലാട്ടങ്ങൾകൊണ്ട് തള്ളിക്കളയാവുന്ന വേഗതയല്ല ഉസൈൻ ബോൾട്ടിന്റേത്. 2009 ബെർലിനിൽ വെച്ച് ബോൾട്ട് കുറിച്ച 9.58 സെക്കൻഡ് വർഷങ്ങൾ ഒരുപാട് പിന്നിട്ടിട്ടും കൂടുതൽ തിളക്കത്തോടെ തുടരുന്നു. പിന്നീടൊരിക്കലും ബോൾട്ടിന് പോലും തിരുത്താൻ സാധിക്കാത്ത അത്രയും മഹത്തായ ഉയരങ്ങളിലാണ് ആ വേഗം ഇരിക്കുന്നത്.
Adjust Story Font
16