സൗദിയിൽ ഉഗ്രഫോമിൽ റൊണാൾഡോ: അൽനസറിന് തകർപ്പൻ ജയം
റൊണാൾഡോക്ക് പുറമെ ബ്രസീൽ താരം ആൻഡേഴ്‌സൺ ടാലിസ്‌കയും ഇരട്ടഗോളുകൾ നേടി. അയ്മൻ യഹ്യുടെ വകയായിരുന്നു അഞ്ചാം ഗോൾ.
ഗോള്‍ നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആഹ്ലാദം
റിയാദ്: ഇരട്ടഗോളുകളുമായി സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളംനിറഞ്ഞ മത്സരത്തിൽ അൽ അദാലക്കെതിരെ തകർപ്പൻ ജയം സ്വന്തമാക്കി അൽനസർ. എതിരില്ലാത്ത അഞ്ച് ഗോളുകൾക്കായിരുന്നു അൽനസറിന്റെ ജയം. റൊണാൾഡോക്ക് പുറമെ ബ്രസീൽ താരം ആൻഡേഴ്‌സൺ ടാലിസ്‌കയും ഇരട്ടഗോളുകൾ നേടി. അയ്മൻ യഹ്‌യയുടെ വകയായിരുന്നു അഞ്ചാം ഗോൾ.
പോര്‍ച്ചുഗല്‍ ജേഴ്സിയിലെ ഗോളടിക്ക് ശേഷം സൗദി ലീഗിലെത്തിയ റൊണാള്‍ഡോ തകര്‍പ്പന്‍ ഫോം തുടരുകയാണ്. പെനൽറ്റിയിലൂടെയാണ് ഗോളിന് തുടക്കമിട്ടത്. ഒന്നാം പകുതി അവസാനിക്കുന്നതിന്റെ അഞ്ച് മിനുറ്റ് മുമ്പ് കിട്ടിയ പെനൽറ്റിയാണ് റൊണാൾഡോ ലക്ഷ്യത്തിലെത്തിച്ചത്. റൊണാൾഡോ അടിച്ച ദിശയിലേക്ക് തന്നെ ഗോൾകീപ്പർ ഡൈവ് ചെയ്‌തെങ്കിലും പോസ്റ്റിന്റൈ അരികിലൂടെ പന്ത് വലക്കുള്ളിലെത്തി. 66ാം മിനുറ്റിലായിരുന്നു റൊണാൾഡോയുടെ രണ്ടാം ഗോൾ. പെനാൽറ്റി ബോക്‌സിന് പുറത്തുവെച്ച് ലഭിച്ച പന്തുമായി കുതിച്ച റൊണാൾഡോ ഇടംകാൽ ഷോട്ടിലൂടെ പന്ത് വലയിൽ എത്തിക്കുകയായിരുന്നു.
രണ്ട് ഗോളുകളോടെ അൽനസറിനായി അരങ്ങറ്റ സീസണിൽ തന്നെ പതിനൊന്ന് ഗോളുകൾ നേടാൻ പോർച്ചുഗീസ് സൂപ്പർതാരത്തിനായി. അതിനിടെ 55ാം മിനുറ്റിൽ ടാലിസ്‌ക അൽനസറിന്റെ ലീഡ് വർധിപ്പിച്ചിരുന്നു. 78ാം മിനുറ്റിലായിരുന്നു ടാലിസ്‌കയുടെ രണ്ടാം ഗോൾ. രണ്ടാം പകുതിയുടെ ഇഞ്ച്വറി ടൈമിൽ ലഭിച്ച അവസരം അയ്മൻ യ്ഹയ മുതലെടുത്തതോടെ അൽനസറിന്റെ ഗോൾ നേട്ടം അഞ്ചായി. ഗോൾ മടക്കാൻ അദാലക്കും അനവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിക്കാനായില്ല. ജയത്തോടെ ലീഗിൽ രണ്ടാം സ്ഥാനത്താണ് അൽനസർ. 53 പോയിന്റുമായി അൽ ഇത്തിഹാദാണ് ഒന്നാം സ്ഥാനത്ത്. അൽനസറിന് 52 പോയിന്റാണ് ഉള്ളത്.
Adjust Story Font
16