Quantcast

വല വിരിച്ച് വമ്പന്മാർ; സഹൽ ബ്ലാസ്റ്റേഴ്‌സ് വിടുമെന്ന് സൂചന

2025 വരെ ബ്ലാസ്റ്റേഴ്‌സുമായി കരാറുള്ള താരമാണ് സഹൽ

MediaOne Logo

Web Desk

  • Published:

    21 April 2023 6:49 AM GMT

Sahal Abdul Samad
X

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി മിഡ്ഫീൽഡർ സഹൽ അബ്ദുൽ സമദ് ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾ ശക്തം. സഹൽ ബ്ലാസ്റ്റേഴ്‌സ് വിടുന്നതിന്റെ വക്കിലാണുള്ളതെന്ന് കായിക മാധ്യമമായ ഖേൽ നൗവിലെ മാധ്യമപ്രവർത്തകൻ സത്യിക് സർക്കാർ ട്വീറ്റു ചെയ്തു. വിവിധ ക്ലബുകളിൽ നിന്ന് സഹലിന് വാഗ്ദാനങ്ങൾ ഉള്ളതായും അദ്ദേഹം പറയുന്നു. കോച്ചിങ് സ്റ്റാഫുമായി ചില പ്രശ്‌നങ്ങളുള്ള യുക്രൈൻ താരം ഇവാൻ കൽയൂഷ്‌നി അടുത്ത സീസണിൽ തിരിച്ചുവരില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. 2025 വരെ ബ്ലാസ്റ്റേഴ്‌സുമായി കരാറുള്ള താരമാണ് സഹൽ.



എന്നാൽ അടുത്ത സീസണിലും സഹൽ ബ്ലാസ്റ്റേഴ്‌സിലുണ്ടാകുമെന്ന് കരുതുന്നതായി പ്രമുഖ ട്രാന്‍ഫര്‍ ജേണലിസ്റ്റ് മാർക്കസ് മെൽഗുൽഹോ പറഞ്ഞു. സഹലിനെ ബ്ലാസ്റ്റേഴ്‌സിന് വിൽക്കാൻ പദ്ധതിയുണ്ടെന്ന് കേൾക്കുന്നത് ശരിയാണോ എന്ന ചോദ്യത്തിനാണ് മാർക്കസ് വിഷയത്തിൽ പ്രതികരിച്ചത്. 'അത് ശരിയാണ് എന്നു ഞാൻ കരുതുന്നില്ല. ശരിയായ വില കിട്ടിയാൽ സഹലിനെയല്ല, ഏതു താരത്തെയും ബ്ലാസ്റ്റേഴ്‌സ് വിൽക്കാൻ തയ്യാറാകും. സഹലിനെ സംബന്ധിച്ച് പ്രത്യേകിച്ചും എന്തെങ്കിലും ചർച്ച നടക്കുന്നില്ല. സഹൽ കേരള ബ്ലാസ്റ്റേഴ്‌സിൽ അടുത്ത സീസണിലുമുണ്ടാകും എന്നാണ് ഞാൻ കരുതുന്നത്' - എന്നായിരുന്നു മാർക്കസിന്റെ മറുപടി.



രാജ്യത്തെ ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളായി അറിയപ്പെടുന്ന സഹലിന് വേണ്ടി ഈസ്റ്റ് ബംഗാൾ ആണ് മുമ്പന്തിയിലുള്ളത്. 12 കോടി രൂപയാണ് സഹലിന്റെ റിലീസ് ക്ലോസ് എന്നാണ് റിപ്പോർട്ട്. അതു കൊണ്ടു തന്നെ ഇത്രയും വലിയ തുക മുടക്കുന്നവർക്കു മാത്രമേ താരത്തെ സ്വന്തമാക്കാനാവൂ. ബ്ലാസ്‌റ്റേഴ്‌സ് വിൽക്കാൻ തീരുമാനിക്കുകയാണെങ്കിൽ മറ്റു ക്ലബുകൾക്ക് വിലപേശല്‍ നടത്തി താരത്തെ സ്വന്തമാക്കാനാകും.

2017ലെ സന്തോഷ് ട്രോഫി ടൂർണമെന്റിൽ നടത്തിയ മികച്ച പ്രകടനമാണ് സഹലിന് ബ്ലാസ്റ്റേഴ്‌സിലേക്കുള്ള വഴി തുറന്നത്. 2017-18 സീസണിൽ സീനിയർ ടീമിലെത്തി. 2018-19 സീസണിൽ ഐഎസ്എൽ എമർജിങ് പ്ലേയറായി തെരഞ്ഞെടുക്കപ്പെട്ടത് വഴിത്തിരിവായി. അടുത്ത വർഷത്തോടെ ക്ലബിന്റെ പോസ്റ്റർ ബോയ് ആയി മാറുകയും ചെയ്തു. 2021 വേനൽക്കാല സീസണിൽ സഹലിനായി മൂന്ന് സീനിയർ താരങ്ങളെ കൈമാറ്റം ചെയ്യാമെന്ന് എടികെ മോഹൻ ബഗാൻ വാഗ്ദാനം ചെയ്‌തെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് നിരസിച്ചു. ഐസ്‌ലാൻഡ് ടോപ് ടയർ ലീഗ് ക്ലബ്ബായ ബെസ്റ്റ് ഡീൽഡ് കർല സഹലിനെ ഇടക്കാല വായ്പാടിസ്ഥാനത്തിൽ ക്ലബ്ബിലെത്തിക്കാൻ ശ്രമിച്ചെങ്കിലും വിസാ പ്രശ്‌നങ്ങൾ മൂലം നടന്നില്ല.




TAGS :

Next Story