Quantcast

സഹലിന്റെ കിണ്ണംകാച്ചി ഗോൾ; വാസക്വെസിന്റെ ഡബിൾ; ജയത്തോടെ മഞ്ഞപ്പട സെമിക്കരികിൽ

സഹലിന്റെ ഡാൻസിങ് ഗോളും വാസ്ക്വെസിന്റെ ഡബിളും മഞ്ഞപ്പടക്ക് അർഹിച്ച ജയമൊരുക്കി

MediaOne Logo

Sports Desk

  • Updated:

    2022-03-02 16:07:02.0

Published:

2 March 2022 3:09 PM GMT

സഹലിന്റെ കിണ്ണംകാച്ചി ഗോൾ; വാസക്വെസിന്റെ ഡബിൾ; ജയത്തോടെ മഞ്ഞപ്പട സെമിക്കരികിൽ
X

കരുത്തരായ മുംബൈ സിറ്റി എഫ്.സിയെ ഒന്നിനെതിരെ മൂന്നു ഗോളിന് തകർത്ത് കേരള ബ്ലാസ്‌റ്റേഴ്‌സ് ഐ.എസ്.എൽ സെമി ബർത്തിന് തൊട്ടരികിലെത്തി. മലയാളി താരം സഹൽ അബ്ദുസ്സമദ് മനോഹരമായ സോളോ ഗോളോടെ തുടക്കമിട്ട സ്‌കോറിങ് ഇരട്ട ഗോളുമായി അൽവാരോ വാസ്‌ക്വെസ് ഏറ്റെടുത്തപ്പോൾ ആധികാരികമായാണ് തിലക് മൈതാനിൽ മഞ്ഞപ്പട ജയിച്ചു കയറിയത്. എഫ്.സി ഗോവക്കെതിരായ അടുത്ത മത്സരത്തിൽ തോൽക്കാതിരുന്നാൽ ബ്ലാസ്‌റ്റേഴ്‌സിന് 2016-നു ശേഷം ആദ്യമായി സെമി കളിക്കാം.

സെമിഫൈനൽ പ്രവേശത്തിന് ജയം അനിവാര്യമായ മത്സരത്തിന്റെ ആദ്യപകുതിയിൽ ബ്ലാസ്‌റ്റേഴ്‌സ് കളി തങ്ങൾക്കനുകൂലമാക്കി മാറ്റിയിരുന്നു. മലയാളി താരം സഹൽ അബ്ദുസ്സമദ്, ഈ സീസണിലെ ഏറ്റവും മികച്ച ഗോളുകളിലൊന്നുമായി മഞ്ഞപ്പടയെ മുന്നിലെത്തിച്ചപ്പോൾ ഹാഫ് ടൈമിന് നിമിഷങ്ങൾ മാത്രം ശേഷിക്കെ അൽവാരോ വാസ്‌ക്വെസ് ആണ് ലീഡുയർത്തിയത്. സ്വയം സമ്പാദിച്ച പെനാൽട്ടി അൽവാരോ അനായാസം ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

നോക്കൗട്ടിനു മുമ്പ് രണ്ട് മത്സരം മാത്രം ശേഷിക്കെ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തായിരുന്ന ബ്ലാസ്‌റ്റേഴ്‌സ്, നാലാം സ്ഥാനക്കാരായിരുന്ന മുംബൈ സിറ്റിക്കെതിരെ മികച്ച മത്സരമാണ് ആദ്യപകുതിയിൽ കാഴ്ചവച്ചത്. ലോങ് ബോളുകളുമായി എതിർ ഗോൾമുഖം ആക്രമിച്ചു തുടങ്ങിയ മഞ്ഞപ്പട മൈതാന മധ്യത്തിന്റെ നിയന്ത്രണം ഏറെക്കുറെ ഏറ്റെടുത്തു. ഒരുതവണ പെനാൽട്ടി വഴങ്ങുന്നതിൽ നിന്ന് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടെങ്കിലും പൊതുവെ മത്സരം ബ്ലാസ്റ്റേഴ്‌സിന്റെ നിയന്ത്രണത്തിലായിരുന്നു.

19-ാം മിനുട്ടിൽ മുംബൈ പ്രതിരോധം ക്ലിയർ ചെയ്ത പന്ത് പിടിച്ചെടുത്ത് ഗോൾമുഖത്ത് എതിരാളികളെ ഒന്നാകെ ഡ്രിബിൾ ചെയ്താണ് സഹൽ മുംബൈ കീപ്പറെ പൂർണമായും നിരായുധനാക്കി പന്ത് വലയിലേക്കെത്തിച്ചത്. എതിർബോക്‌സിനു പുറത്ത് പന്തിനുമേൽ ഏഴ് ടച്ചെടുത്ത സഹൽ കരുത്തുപയോഗിക്കാതെ പന്ത് ഗോളിലേക്ക് പ്ലേസ് ചെയ്യുകയായിരുന്നു.

ആദ്യപകുതിയുടെ അവസാന ഘട്ടത്തിൽ മുംബൈ സമനില ഗോളിനായി ആഞ്ഞുപിടിക്കുന്നതിനിടെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഗോൾവന്നത്. പ്രത്യാക്രമണത്തിൽ പന്തുമായി ബോക്‌സിലേക്കു കടന്ന വാസ്‌ക്വെസിനെ കാൽവെച്ചു വീഴ്ത്തുകയല്ലാതെ മുംബൈ പ്രതിരോധതാരം ഫാളിന് വഴിയുണ്ടായിരുന്നില്ല. തന്ത്രപൂർവം കിക്കെടുത്ത വാസ്‌ക്വെസ് കീപ്പറെ എതിർദിശയിലേക്ക് പായിച്ച് പന്ത് വലയിലാക്കുകയും ചെയ്തു.

രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്‌സ് സ്വന്തം ഹാഫ് ഭദ്രമാക്കുന്നതിൽ ശ്രദ്ധ പുലർത്തിയപ്പോൾ 60-ാം മിനുട്ടിൽ മത്സരഗതിക്കെതിരായി വാസ്‌ക്വേസിന്റെ രണ്ടാം ഗോൾ വന്നു. ബോക്‌സിൽ നിന്ന് പന്ത് ക്ലിയർ ചെയ്യുന്നതിൽ മുംബൈ കീപ്പർ മുഹമ്മദ് നവാസിന് പിഴച്ചപ്പോൾ ആളൊഴിഞ്ഞ പോസ്റ്റിലേക്ക് പന്തടിക്കേണ്ട ജോലിയേ വാസ്‌ക്വേസിനുണ്ടായിരുന്നുള്ളൂ. 71-ാം മിനുട്ടിൽ പെനാൽട്ടിയിലൂടെ ഒരു ഗോൾ മടക്കിയ മുംബൈ തിരിച്ചുവരവിന്റെ സൂചന കാണിച്ചെങ്കിലും ശക്തമായ പ്രതിരോധത്തിലൂടെ ബ്ലാസ്‌റ്റേഴ്‌സ് കൂടുതൽ നഷ്ടങ്ങളില്ലാതെ കാത്തു. 81-ാം മിനുട്ടിൽ ലൂണയുടെ ഫ്രീകിക്ക് മുംബൈ ബോക്‌സിൽ ആശങ്ക സൃഷ്ടിച്ചെങ്കിലും ഗോളാകാതിരുന്നത് മഞ്ഞപ്പടയുടെ ദൗർഭാഗ്യമായി.

19 പോയിന്റോടെ ടേബിളിൽ നാലാം സ്ഥാനത്തുള്ള ബ്ലാസ്‌റ്റേഴ്‌സിന് സെമിയിലെത്തണമെങ്കിൽ ഗോവക്കെതിരെ സമനില മാത്രം മതി. അവസാന കളിയിൽ മുംബൈ ജയിക്കാതിരിക്കുകയാണെങ്കിൽ ഗോവയോട് തോറ്റാലും മഞ്ഞപ്പടക്ക് അവസാന നാലിൽ ഫിനിഷ് ചെയ്യാനാകും.

Sahal's wonder solo goal and Vasquez's double; Kerala Blasters in verge of Semi Berth

TAGS :

Next Story