സൗദിയിലേക്ക് എംബാപ്പെയും? വല വിരിച്ച് അൽ ഹിലാൽ
വേനൽക്കാല സീസണിൽ താരത്തെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി സ്‌കൈ സ്‌പോർട്‌സ് അടക്കമുള്ള വിവിധ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു
കിലിയൻ എംബപ്പെ
റിയാദ്: പി.എസ്.ജിയുടെ ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയ്ക്കായി വല വിരിച്ച് സൗദി പ്രോ ലീഗ് ക്ലബ്ബായ അൽ ഹിലാൽ. വേനൽക്കാല സീസണിൽ താരത്തെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി സ്‌കൈ സ്‌പോർട്‌സ് അടക്കമുള്ള വിവിധ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.
അൽ ഹിലാൽ പ്രതിനിധികൾ പിഎസ്ജിയുമായി ചർച്ചയാരംഭിച്ചതായി സ്‌കൈ സ്‌പോർട്‌സ് ചീഫ് റിപ്പോർട്ടർ കാവെ സോൽഹെകോൽ ട്വീറ്റു ചെയ്തു. നേരത്തെ, ഇതിഹാസ താരം മെസ്സിയെ ടീമിലെത്തിക്കാൻ അൽ ഹിലാൽ ശ്രമം നടത്തിയിരുന്നുവെങ്കിലും വിജയിച്ചിരുന്നില്ല. ടോട്ടനത്തിനായി കളിക്കുന്ന ഇംഗ്ലണ്ട് ടീം നായകൻ ഹാരി കെയ്‌നുമായും ചർച്ച നടക്കുന്നുണ്ടെന്നും കാവെ കൂട്ടിച്ചേർത്തു.
അതിനിടെ, ജപ്പാനും ദക്ഷിണ കൊറിയയും സന്ദർശിക്കുന്ന പിഎസ്ജിയുടെ സീനിയർ ടീമിൽ ഇടംപിടിക്കാതിരുന്ന എംബാപ്പെ ഇന്നും ക്ലബ്ബിന്റെ ട്രെയിനിങ് ഗൗണ്ടിലെത്തി. അടുത്ത സീസണിൽ ക്ലബ്ബിന്റെ പദ്ധതിയിലില്ലാത്ത സംഘത്തിനൊപ്പം പരിശീലനത്തിലേർപ്പെടുകയും ചെയ്തു.
കരാർ അവസാനിക്കുന്ന അടുത്ത വേനൽക്കാല സീസൺ വരെ ബെഞ്ചിലിരിക്കാമെന്ന നിലപാടിലാണ് എംബാപ്പയെന്ന് കാവെ റിപ്പോർട്ട് ചെയ്യുന്നു. യൂറോ കപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ താരം ക്ലബ് വിടാൻ ഉദ്ദേശിക്കുന്നില്ല. അങ്ങനെയെങ്കില്‍ പിഎസ്ജിക്ക് അടുത്ത സീസൺ മുഴുവൻ താരത്തിന്റെ വേതനവും ബോണസും നൽകേണ്ടി വരും.
ഒരു ബില്യൺ യൂറോയുടെ പത്തു വർഷ കരാർ എന്ന വാഗ്ദാനം എംബാപ്പെയ്ക്ക് മുമ്പിൽ പിഎസ്ജി വച്ചിട്ടുണ്ട്. അങ്ങനെയെങ്കിൽ 34-ാം വയസു വരെ താരത്തിന് ക്ലബിൽ തുടരേണ്ടി വരും. എന്നാൽ താരം അതിന് സമ്മതം മൂളിയിട്ടില്ല. ഇതോടെ ഈ സീസണിൽ തന്നെ താരത്തെ വിറ്റൊഴിവാക്കാനാണ് ക്ലബിന്റെ ശ്രമം. അടുത്ത വർഷം വരെയാണ് ഫ്രഞ്ച് നായകന് പിഎസ്ജിയുമായി കരാറുള്ളത്. അടുത്ത സീസൺ കൂടി കഴിയുന്നതോടെ എംബാപ്പെ ഫ്രീ ഏജന്റാകും. താരത്തിന് ക്ലബ് വിട്ടുപോകാനും കഴിയും.
Adjust Story Font
16