മാനെ വരും...; ലോകകപ്പിനുള്ള സെനഗല്‍ ടീമിനെ പ്രഖ്യാപിച്ചു
26 അംഗ ടീമിനെയാണ് സെനഗൽ പ്രഖ്യാപിച്ചത്
സെനഗലിന്‍റെ ബയേണ്‍ മ്യൂണിക് താരം സാദിയോ മാനെയ്ക്ക് ലോകകപ്പ് നഷ്ടമാകുമെന്ന വാർത്ത രണ്ട് ദിവസം മുമ്പാണ് പുറത്തു വന്നത്. ഏറെ സങ്കടത്തോടെയാണ് ഫുട്ബോൾ ആരാധകർ വാര്‍ത്ത കേട്ടത്. ബുണ്ടസ് ലിഗയിലെ ബയേൺ - വെർഡൻ ബ്രമൻ മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്.
ഖത്തറിൽ പന്തുരുളാൻ 9 ദിവസം ബാക്കി നിൽക്കെ ഇപ്പോഴിതാ ആരാധകര്‍ക്ക് ഒരു സന്തോഷ വാർത്തയെത്തിയിരിക്കുന്നു. പരിക്ക് ഭേദമായിട്ടില്ലെങ്കിലും മാനെയെയും ഒപ്പം കൂട്ടാനാണ് സെനഗലിന്‍റെ തീരുമാനം. മാനെയെ കൂടി ഉള്‍പ്പെടുത്തി സെനഗല്‍ ലോകകപ്പ് സ്ക്വാഡിനെ പ്രഖ്യാപിച്ചു. 26 അംഗ ടീമിനെയാണ് സെനഗൽ പ്രഖ്യാപിച്ചത്. ചെൽസിയുടെ കൗലിബലിയും മെൻഡിയുമെല്ലാം സ്ക്വാഡിൽ ഇടം നേടിയിട്ടുണ്ട്.
നെതർലൻഡ്സിനെതിരായ സെനഗലിന്‍റെ ആദ്യ മത്സരം മാനെയ്ക്ക് നഷ്ടമാകാൻ തന്നെയാണ് സാധ്യത. എങ്കിലും തുടർ മത്സരങ്ങളിൽ മാനെയിറങ്ങുമെന്ന് ഉറപ്പ്. സെനഗല്‍ ടീമിന്റെ നട്ടെല്ലാണ് മാനെ. താരത്തിന്റെ സാന്നിധ്യം പോലും സംഘത്തിന് വലിയ ഊർജമാകും. കളത്തിലെ നൃത്തച്ചുവടുകൾക്കപ്പുറം സെനഗലിന്‍റെ സൽപുത്രനാണ് മാനെ. നാടിനും നാട്ടുകാർക്കുമായി നടത്തുന്ന കാരുണ്യ പ്രവർത്തനങ്ങളിലൂടെയും ജനമനസുകളിൽ ഇടം നേടിയ താരം സെനഗലിലെ ജനങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ട മനുഷ്യനാണ്.
Adjust Story Font
16