ആദ്യം പെലെയെ മറികടന്നു, ഇപ്പോള്‍ മെസ്സിക്കൊപ്പം; അഭിമാനം സുനില്‍ ഛേത്രി
അന്താരാഷ്ട്ര മത്സരങ്ങളില്‍ 80 ഗോളുകള്‍ നേടിയാണ് ഇന്ത്യന്‍ താരം മെസ്സിക്കൊപ്പം പട്ടികയില്‍ അഞ്ചാമതെത്തിയത്.
അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏറ്റവുമധികം ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ലയണല്‍ മെസ്സിയുടെ റെക്കോര്‍ഡിനൊപ്പമെത്തി ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി. സാഫ് കപ്പ് ഫുട്‌ബോളില്‍ ഫൈനലില്‍ നേപ്പാളിനെതിരെ ഗോള്‍ നേടിയതോടെയാണ് ഛേത്രി അപൂര്‍വ നേട്ടം സ്വന്തമാക്കിയത്.
അന്താരാഷ്ട്ര മത്സരങ്ങളില്‍ 80 ഗോളുകള്‍ നേടിയാണ് ഇന്ത്യന്‍ താരം മെസ്സിക്കൊപ്പം അഞ്ചാമതെത്തിയത്. ക്രിസ്റ്റിയാനോ റെണോള്‍ഡെയാണ് പട്ടികയില്‍ ഒന്നാമത്.155 മത്സരങ്ങളില്‍ നിന്നാണ് മെസ്സി 80 ഗോള്‍ നേടിയത്. ഇന്ത്യന്‍ നായകന്‍ ഈ റെക്കോര്‍ഡിനൊപ്പമെത്താന്‍ വേണ്ടിവന്നത് 124 മത്സരങ്ങള്‍ മാത്രം. സാഫ് കപ്പിന്റെ സെമി ഫൈനലില്‍ മാലിദ്വീപിനെതിരെ ഇരട്ട ഗോള്‍ നേടി ഛേത്രി ബ്രസീല്‍ ഇതിഹാസം പെലെയുടെ റെക്കോര്‍ഡ് മറികടന്നിരുന്നു.
ഒപ്പം മറ്റൊരു റെക്കോര്‍ഡും ഛേത്രിയുടെ പേരില്‍ എഴുതിച്ചേര്‍ത്തു. നിലവില്‍ ഫുട്‌ബോള്‍ രംഗത്ത് സജീവമായ ഏറ്റവുമധികം ഗോള്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ ഛേത്രി രണ്ടാം സ്ഥാനത്താണ്. റെണോള്‍ഡോ മാത്രമാണ് ഛേത്രിക്ക് മുന്നിലുള്ളത്. റെണോള്‍ഡോയുടെ അക്കൗണ്ടില്‍ 115 ഗോളുകളാണുള്ളത്.
അതേസമയം, സാഫ് കപ്പ് കലാശപ്പോരാട്ടത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് നേപ്പാളിനെ തകര്‍ത്ത് ഇന്ത്യ കിരീടം നേടി. നായകന്‍ സുനില്‍ ഛേത്രിയ്ക്കൊപ്പം മലയാളി താരം അബ്ദുല്‍ സഹല്‍ സമദും സുരേഷ് സിങ്ങും ഇന്ത്യയ്ക്കു വേണ്ടി ഗോളുകള്‍ കണ്ടെത്തി. കഴിഞ്ഞ തവണ നഷ്ടപ്പെട്ട കിരീടം ഇത്തവണ തകര്‍പ്പന്‍ പ്രകടനത്തോടെയാണ് ഇന്ത്യ തിരിച്ചുപിടിച്ചത് സാഫ് കപ്പിലെ ഇന്ത്യയുടെ എട്ടാം കിരീടമാണിത്.
Adjust Story Font
16