അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷന്റെ താൽക്കാലിക ഭരണസമിതി സുപ്രിംകോടതി പിരിച്ചുവിട്ടു
ഫെഡറേഷനിലേക്കുള്ള തെരഞ്ഞെടുപ്പ് ഒരാഴ്ച നീട്ടി
ന്യൂഡൽഹി: ആൾ ഇന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ(എ.ഐ.എഫ്.എഫ്) കേസിൽ സുപ്രിംകോടതിയുടെ നിർണായക ഉത്തരവ്. ഫെഡറേഷൻ ഭരണത്തിനായി രൂപീകരിച്ച സമിതി കോടതി പിരിച്ചുവിട്ടു. ഭരണചുമതല ആക്ടിങ് സെക്രട്ടറി ജനറലിനു നൽകി. ഫേഡറേഷനിലേക്കുള്ള തെരഞ്ഞെടുപ്പ് ഒരാഴ്ച നീട്ടുകയും ചെയ്തിട്ടുണ്ട്. ഫിഫാ നിരോധനം ഒഴിവാക്കാനുള്ള ആദ്യപടിയായാണ് നടപടിയെന്നാണ് അറിയുന്നത്.
അസോസിയേഷനിൽ പുറത്തുനിന്നുള്ള കൈകടത്തലുണ്ടായെന്ന് ചൂണ്ടിക്കാട്ടി ഫിഫയിൽനിന്ന് എ.ഐ.എഫ്.എഫിനെ ഈ മാസം 15ന് ഫിഫ സസ്‌പെൻഡ് ചെയ്തിരുന്നു. ഇതോടെ ഒക്ടോബറിൽ നടക്കേണ്ടിയിരുന്ന അണ്ടർ 17 വനിതാ ലോകകപ്പിന്റെ ആതിഥേയത്വവും ഇന്ത്യയ്ക്കു നഷ്ടപ്പെട്ടേക്കും. ഫിഫയുടെ നടപടിയിൽനിന്ന് രക്ഷപ്പെടാനുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് താൽക്കാലിക ഭരണസമിതിയെ പിരിച്ചുവിട്ടത്.
ആഗസ്റ്റ് മൂന്നിനാണ് അസോസിയേഷന്റെ ഭരണത്തിൽ ഇടപെട്ട് സുപ്രിംകോടതി നിർണായക ഉത്തരവിറക്കിയത്. ആഗസ്റ്റ് 28ന് പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിന് ഉത്തരവിട്ട കോടതി അതുവരെ ഭരണകാര്യങ്ങളുടെ മേൽനോട്ടം വഹിക്കാൻ ജസ്റ്റിസ് എ.ആർ ധാവെയുടെ നേതൃത്വത്തിൽ താൽക്കാലിക സമിതിയെ നിയോഗിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പിൽ 36 പ്രമുഖ താരങ്ങൾക്ക് വോട്ടവകാശവും നൽകിയിട്ടുണ്ട്.
ഇതിനു പിന്നാലെയാണ് ഫിഫ അസോസിയേഷനെ സസ്‌പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്. ഫുട്‌ബോൾ അസോസിയേഷൻ ഭരണകാര്യത്തിൽ മൂന്നാമതൊരു കക്ഷി ഇടപെടുന്നത് ഫിഫ തത്വങ്ങൾക്ക് എതിരാണ്. ഇത് ലംഘിക്കപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഫിഫയുടെ നടപടി.
Summary: The Supreme Court scrapped the Committee of Administrators(CoA) - the panel it appointed last year to run the All India Football Federation (AIFF)
Adjust Story Font
16