ആനന്ദവും കണ്ണീരും ചാലിച്ച ഓർമകൾ; ഖത്തർ ലോകകപ്പ് അവശേഷിപ്പിച്ചത് എത്രയെത്ര മനോഹര നിമിഷങ്ങളാണ്
ഈ കാൽപന്തുകളി ലോകമെമ്പാടുമുള്ളവരുടെ ഹൃദയം കീഴടക്കുന്നത് ഇതുകൊണ്ടൊക്കെയാണ്
ദോഹ: എന്നും ഓർമയിൽ തങ്ങുന്ന ഒരുപിടി നല്ല മുഹൂർത്തങ്ങൾ സമ്മാനിച്ചാണ് ഖത്തർ ലോകകപ്പിന് തിരശ്ശീല വീണത്. മനോഹരമായ ആ നിമിഷങ്ങൾ ഒരുപക്ഷേ ഫുട്‌ബോളിന് മാത്രം സമ്മാനിക്കാൻ കഴിയുന്നതാണ്. കുഞ്ഞുയർത്തി പിടിച്ച സ്‌നേഹത്തിന്റെ ആ കയ്യുണ്ടല്ലോ ,ആ മാനവികതയായിരുന്നു ഖത്തർ ലോകകപ്പ് .
ബ്രസീൽ- ക്രൊയേഷ്യ മത്സരശേഷം കരഞ്ഞ് കൊണ്ട് മൈതാനം വിടുന്ന നെയ്മറിനടുത്തേക്ക് ഒരു കുഞ്ഞ് ഓടിയെത്തി. അത് മറ്റാരുമല്ലായിരുന്നു ക്രൊയേഷ്യയുടെ ഇവാൻ പെരിസിച്ചിൻറെ മകനായിരുന്നു അത്. അച്ഛന്റെ ടീമിന്റെ വിജയത്തിൽ ആഹ്ലാദിക്കുന്നതിനുമപ്പുറം നെയ്മറിനെ ആശ്വസിപ്പിക്കുകയാണ്. അവന് കൈകൊടുത്ത് നെഞ്ചിലേക്ക് ചേർത്ത് നിർത്തി നെയ്മറും..ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയ കാഴ്ചയായിരുന്നു അത്. മാനവികത കൂടി വിളിച്ചുപറയുന്ന മനോഹരമായിരുന്നു ആ കാഴ്ച ലോകം മറന്നുകാണില്ല.
ഗോളടിച്ചതിന് ശേഷം കാമറൂണിൻറെ വിൻസെൻറ് അബൂബക്കർ ജയ്‌സി ഊരി ആഹ്ലാദം പ്രകടിപ്പിച്ചപ്പോൾ ആ ചുവന്ന കാർഡുമായെത്തിയ റഫറി ഇസ്മയിൽ ഇൽഫാത്ത്. തലയിൽ തലോടി സ്‌നേഹം പങ്കുവെച്ച ആ ചുവപ്പിൻറെ ചന്തമൊന്ന് വേറെയായിരുന്നു.
ക്വാർട്ടർ ഉറപ്പിച്ചപ്പോൾ മൊറോക്കോയുടെ അഷ്‌റഫ് ഹക്കീമി ആരെയോ ലക്ഷ്യമാക്കി ഗാലറിയിലേക്ക് നടക്കുന്നതായിരുന്നു കണ്ടത്. അത് മറ്റൊന്നിനുമല്ലായിരുന്നു... തന്റെ സ്വപ്നത്തിലേക്ക് പാത തുറന്ന ഉമ്മയ്ക്ക് കെട്ടിപിടിച്ചൊരു മുത്തം നൽകാനായിരുന്നു. സെമി പ്രവേശനത്തിൻറെ സന്തോഷം മൈതാനത്ത് ഉമ്മയുമൊത്ത് നൃത്തചുവട് വെച്ച മൊറോക്കയുടെ ബൗഫൽ. മാതൃസ്‌നേഹത്തിന്റെ അളവറ്റാ സ്‌നേഹം തുളുമ്പിയ നിമിഷങ്ങൾ...
പെനാൽറ്റി ഷൂട്ടൗട്ടിൽ എമിലിയാനോ മാർട്ടിസിൻറെ കൈകളിൽ അർജന്റീനയുടെ ഗോൾ വല ഭദ്രമായപ്പോൾ അവന്റെ കൈക്കുള്ളിൽ നെഞ്ചിൻറെ ചൂടിലേക്ക് ആശ്വാസവും ആഹ്ലാദവും പകർന്ന ലയണൽ മെസിയെയും നാം കണ്ടു. മറ്റെല്ലാവരും ഗോൾ ആഘോഷിച്ചപ്പോൾ മെസി കാണിച്ച ആ കരുതലും ലോകം കൊണ്ടാടി.
ഏഞ്ചൽ ഡി മരിയയുടെ ഗോളെന്നുറപ്പിച്ച സീറോ ആംഗിൾ കിക്ക് തടുത്ത പോളണ്ട് ഗോൾ കീപ്പർ ഷെഹ്‌സ്‌നി, ആ ഷോട്ടിലെ മാന്ത്രികതയ്ക്ക് കൈവിരൽ കൊണ്ടൊരു സ്‌നേഹവിരുന്ന് നൽകി ഷെഹ്‌സ്‌നി
മത്സരമായാൽ തോൽവിയും ജയവുമുണ്ടാകും. പക്ഷേ അതിനൊന്നും സൗഹൃദത്തെ തകർക്കാനാവില്ലെന്നും ഈ ലോകകപ്പ് നമ്മെ കാണിച്ചു തന്നു. മത്സരശേഷം ജേഴ്‌സി പരസ്പരം കൈമാറി അപരരായി തീർന്ന എംബാപെയും ഹക്കീമിയും നമ്മളെ സന്തോഷിപ്പിക്കുകയും മനസ് നിറക്കുകയും ചെയ്തു.
മെസ്സി പെനാൽറ്റി എടുക്കുമ്പോൾ സ്വന്തം ഗോൾ പോസ്റ്റിലേക്ക് തിരിഞ്ഞിരിക്കുന്ന എമിലിയാനോ മാർട്ടിനസിനെയും നാം മറന്നില്ല.അങ്ങിനെ അങ്ങിനെ ഈ കാറ്റ് നിറഞ്ഞ ഒരു തുകൽ പന്ത് നമുക്ക് സമ്മാനിച്ചത് ഒരുപിടി നല്ല ഓർമകളാണ്..
ഇനിയും നിറയെ ഉണ്ടായിരുന്നു മൈതാനത്തുരുളുന്ന പന്തിനൊപ്പം നമ്മുടെ മനസ്സ് നിറച്ച നിമിഷങ്ങൾ. ഇതുകൊണ്ടൊക്കെയാണ് ഈ കാൽപന്തുകളി ലോകമെമ്പാടുമുള്ളവരുടെ ഹൃദയം കീഴടക്കുന്നത്.
Adjust Story Font
16