Quantcast

യൂ​​റോപ്പിൽ ത്രില്ലർ പോരാട്ടങ്ങളുടെ ദിനം; പോർച്ചുഗൽ, ജർമനി, ഫ്രാൻസ്, സ്​പെയിൻ സെമിയിൽ

MediaOne Logo

Sports Desk

  • Updated:

    24 March 2025 8:36 AM

Published:

24 March 2025 4:44 AM

cr7 goal
X

പാരിസ്: യുവേഫ നേഷൻസ് ലീഗിൽ കഴിഞ്ഞത് ത്രില്ലർ പോരാട്ടങ്ങളുടെ ദിനം. കരുത്തരായ സ്​പെയിൻ,ഫ്രാൻസ്, പോർച്ചുഗൽ, ജർമനി ടീമുകൾ വിജയത്തോടെ സെമിയിലേക്ക് മുന്നേറി.

നെതർലാൻഡ്സ് ഉയർത്തിയ വെല്ലുവിളി ഷൂട്ടൗട്ടിൽ മറികടന്നാണ് സ്​പെയിൻ സെമി ടിക്കറ്റ് ഉറപ്പിച്ചത്. ആദ്യ പാദ മത്സരം 2-2ന്പിരിഞ്ഞതിനാൽ ഇരുവരും ജയം ലക്ഷ്യമിട്ടാണ് കളിച്ചത്. അടിയും തിരിച്ചടിയും കണ്ട മത്സരത്തിൽ മെംഫിസ് ഡിപോയ്, ഇയാൻ മാറ്റ്സൺ, സാവി സിമ്മൺസ് എന്നിവർ ഡച്ചുപടക്കായി ഗോൾനേടിയപ്പോൾ മികേൽ ഒയർസ്പാൽ സ്​പെയിനിനായി ഇരട്ടഗോൾ നേടി. സൂപ്പർതാരം ലമീൻ യമാലും സ്പാനിഷ് പടക്കായി സ്കോർ ചെയ്തു. ഒടുവിൽ ഷൗട്ടൗട്ടിൽ 5-4ന് സ്​പെയിൻ വിജയിക്കുകയായിരുന്നു.


ഇറ്റലി ഉയർത്തിയ ശക്തമായ വെല്ലുവിളി മറകടന്നാണ് ജർമനിയുടെ വരവ്. ആദ്യപാദത്തിലെ 2-1ന്റെ വിജയമാണ് ജർമനിക്ക് തുണയായത്. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ജോഷ്വ കിമ്മിച്ച്, ജമാൽ മുസിയാല, ടിം ​െക്ലയ്ഡിയനസ്റ്റ് എന്നിവരുടെ ഗോളിൽ ജർമനി ആദ്യ പകുതിയിലേ മുന്നിലെത്തി. എന്നാൽ രണ്ടാം പകുതിയിൽ മൂന്നുഗോൾ തിരിച്ചടിച്ച് ഇറ്റലി ജർമനിയെ വിറപ്പിച്ചു. ഒടുവിൽ ആദ്യ പാദത്തിലെ ലീഡിന്റെ ബലത്തിൽ ജർമനി സെമിയിലേക്ക് ടിക്കറ്റുറപ്പിക്കുകയായിരുന്നു.

ആദ്യപാദത്തിൽ ഡെന്മാർക്കിനോടേറ്റ ഒരു ഗോൾ തോൽവിക്ക് രണ്ടാം പാദത്തിൽ പോർച്ചുഗൽ പകരം വീട്ടി. രണ്ടിനെതിരെ അഞ്ചുഗോളുകൾക്കാണ് പോർച്ചുഗലിന്റെ വിജയം. മത്സരത്തിന്റെ ആദ്യത്തിൽ പെനൽറ്റി കിക്ക് പാഴാക്കിയ റൊണാൾഡോ മറ്റൊരു ഗോൾ കുറിച്ച് പ്രായശ്ചിത്തം ചെയ്തു.

ആദ്യ പാദത്തിൽ ക്രൊയേഷ്യയോട് എതിരില്ലാത്ത രണ്ട് ഗോൾ തോൽവി ഏറ്റുവാങ്ങിയ ഫ്രാൻസ് രണ്ടാം പാദത്തിൽ രണ്ടെണ്ണം തിരിച്ചടിച്ചു. മൈക്കൽ ഒലിസും ഒസ്മാനെ ഡെംബലെയുമാണ് ഫ്രാൻസിനായി ഗോൾ കുറിച്ചത്. ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ 5-4ന് ​ഫ്രാൻസ് ജയിച്ചുകയറി.

TAGS :

Next Story