'2030 ലോകകപ്പിന് മുൻപായി വംശീയത അവസാനിപ്പിക്കാനാകണം'; സ്‌പെയിന് മുന്നറിയിപ്പുമായി വിനീഷ്യസ്
നിരന്തരം വർണവെറി നേരിടുന്ന രാജ്യത്ത് പന്തുതട്ടുന്നത് സുഖകരമോ സുരക്ഷിതമോ ആയിരിക്കില്ലെന്ന് ബ്രസീലിയൻ പറഞ്ഞു

മാഡ്രിഡ്: 2030 ലോകകപ്പിന് വേദിയാകാനൊരുങ്ങുന്ന സ്‌പെയിന് മുന്നറിയിപ്പുമായി റയൽ മാഡ്രിഡ് ബ്രസീലിയൻ ഫോർവേഡ് വിനീഷ്യസ് ജൂനിയർ രംഗത്ത്. രാജ്യത്ത് തുടർന്നുവരുന്ന വംശീയ അധിക്ഷേപങ്ങൾ അവസാനിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ ലോകകപ്പ് വേദി മറ്റൊരിടത്തേക്ക് മാറ്റുന്നതാണ് അഭികാമ്യമെന്ന് താരം പറഞ്ഞു. നിരന്തരം വർണവെറി നേരിടുന്ന രാജ്യത്ത് പന്തുതട്ടുന്നത് സുഖകരമോ സുരക്ഷിതമോ ആയിരിക്കില്ലെന്നും 24 കാരൻ പറഞ്ഞു.
ലാലീഗ മത്സരങ്ങൾക്കിടെ തുടർച്ചയായി വംശീയാധിക്ഷേപങ്ങൾക്ക് ഇരയായ താരമാണ് വിനീഷ്യസ്. പലപ്പോഴും കാണികളിൽ നിന്നുള്ള മോശം പെരുമാറ്റത്തിൽ ഏറെ വൈകാരികമായാണ് താരം പ്രതികരിച്ചിരുന്നത്. സംഭവത്തിൽ സ്പാനിഷ് ഫുട്‌ബോൾ ഫെഡറേഷൻ കടുത്ത നടപടി സ്വീകരിക്കുന്നില്ലെന്ന വിമർശനമടക്കം താരം നേരത്തെ യുവ ഫോർവേഡ് പരസ്യമായി ഉന്നയിച്ചിരുന്നു. അതേസമയം, കഴിഞ്ഞ ജൂണിൽ വലൻസിയയിൽ നടന്ന സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. ഇത്തരം സംഭവങ്ങൾക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് ഫെഡറേഷൻ മുന്നറിയിപ്പ് നൽകുകയും ചെയ്തു.
സ്‌പെയിനിൽ കാര്യങ്ങൾ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. വംശീയതക്കെതിരെ ശക്തമായി പ്രതികരിക്കുന്നവർ ആ രാജ്യത്ത് തന്നെയുണ്ട്. രാജ്യത്തിന്റെ പ്രതിഛായയെ കളങ്കപ്പെടുത്തുന്ന ചെറിയൊരു വിഭാഗമാണുള്ളതെന്നും വിനീഷ്യസ് പറഞ്ഞു. റയൽമാഡ്രിഡിനായി കളിക്കാൻ എനിക്കേറെ ഇഷ്ടമാണ്. കുടുംബത്തോടൊപ്പം താമസിക്കാനുള്ള നല്ല സാഹചര്യം ഇവിടെയുണ്ട്-വിനീഷ്യസ് അഭിമുഖത്തിൽ പറഞ്ഞു
Adjust Story Font
16