കാത്തിരുന്ന്, കാത്തിരുന്ന്..;എന്ന് വരും ഇന്ത്യൻ ഫുട്ബോളിന് നല്ലകാലം?
ഇന്ത്യക്ക് ഒരൊറ്റ ഗോൾ പോലും നേടാനായില്ല എന്നതാണ് ഏറെ സങ്കടകരം. 2011ലെ ഏഷ്യാകപ്പില്‍ മൂന്ന് ഗോളുകളും 2019ൽ നാല് ഗോളുകളും ഇന്ത്യ നേടിയിടത്ത് നിന്നാണ് ഇങ്ങനെയൊരു തളർച്ച
എ.എഫ്.സി ഏഷ്യൻകപ്പ് തുടങ്ങാൻ പത്ത് ദിവസം ബാക്കിയിരിക്കെയാണ് ഇഗോർ സ്റ്റിമാക്കും സംഘവും ഖത്തറിലെത്തുന്നത്. ഇത്രയും ദിവസത്തെ പരിശീലനത്തിൽ ജയം പോയിട്ട് സമനിലയോ ഒരു ഗോളോ പോലും നേടാനായില്ലെങ്കിൽ ഇന്ത്യൻ ഫുട്‌ബോളിന് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ട്. സമീപകാല മികച്ച പ്രകടനങ്ങളിൽ പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും ഏഷ്യൻ കപ്പിൽ ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. മൂന്നും തോറ്റ്, തലകുനിച്ച് മടങ്ങിയതോടെയാണ് ഇന്ത്യൻ ഫുട്‌ബോളിനെക്കുറിച്ചുള്ള ചർച്ചകളും സജീവമായത്.
ഇന്ത്യൻസൂപ്പർലീഗും(ഐ.എസ്.എൽ) സമീപകാലത്തെ ഫോമിലുമൊക്കെയാണ് ആരാധകർ നോക്കിയിരുന്നത്. എന്നാൽ എല്ലാം വൃഥാവിലായി. ഇന്ത്യയിലെ ഫുട്‌ബോളിൽ സമൂലമാറ്റങ്ങൾക്ക് കാരണമാകുമെന്നും ലോകകപ്പ് ഫുട്‌ബോളിൽ ഇന്ത്യ പന്ത് തട്ടുമെന്നുമൊക്കെയാണ് 2014ൽ ഐ.എസ്.എല്‍ തുടങ്ങുമ്പോൾ കേട്ടിരുന്നത്. എന്നിട്ട് എന്തായി, സീസൺ പത്തിലെത്തിയെങ്കിലും പടവലങ്ങ പോലെ താഴോട്ടാണ് ഇന്ത്യന്‍ ഫുട്ബോളിന്റെ വളർച്ച.
റൊബോർട്ടോ കാർലോസ്, മാർക്കോ മറ്റാരാസി തുടങ്ങി ലോകഫുട്ബോളില്‍ പേരുംപെരുമയുമുളള ഒത്തിരി താരങ്ങളുടെ കൂടെയൊക്കെ കളിച്ചും പരിശീലിച്ചും ഇന്ത്യൻ താരങ്ങൾ മുന്നേറിയെങ്കിലും കാര്യമായ അടയാളപ്പെടുത്തലുകളുണ്ടായില്ല. ഐ.എസ്.എല്ലിലൂടെ വളർന്നുവന്ന യുവതാരങ്ങളിലൂടെ എന്തെങ്കിലുമൊക്കെ ലഭിച്ചിട്ടുണ്ടാകുമെന്ന കണക്ക് കൂട്ടലിലായിരുന്നു ആരാധകർ. ആരവങ്ങള്‍ മുഴക്കി ഖത്തറിലേക്ക് ഇന്ത്യൻ ആരാധകർ കൂട്ടത്തോടെ എത്തിയതും ഇക്കാര്യങ്ങളൊക്കെ മനസിൽ കണ്ടായിരുന്നു.
ഏഷ്യന്‍കപ്പില്‍ സംഭവിച്ചത്...
എ.എഫ്.സി ഏഷ്യൻകപ്പിലെ കഴിഞ്ഞ മൂന്ന് എഡിഷനുകളുടെ പ്രകടനം എടുത്തുനോക്കിയാൽ നിലവിലേത് പരിതാപകരം എന്ന് തന്നെ വിശേഷിപ്പിക്കേണ്ടിവരും. ഒരൊറ്റ ഗോൾ പോലും നേടാനായില്ല എന്നതാണ് ഏറെ സങ്കടകരം. 2011ൽ മൂന്ന് ഗോളുകളും 2019ൽ നാല് ഗോളുകളും ഇന്ത്യ നേടിയിടത്ത് നിന്നാണ് ഇങ്ങനെയൊരു തളർച്ച. ഇതിൽ 2019ൽ ഇന്ത്യക്ക് ഒരു മത്സരം ജയിക്കാനായിരുന്നു.
ഇന്ത്യയടങ്ങുന്ന ഗ്രൂപ്പ് ബിയിൽ ആസ്‌ട്രേലിയ ഒഴികെ റാങ്കിങിൽ ഏറെ മുന്നിലുള്ളവരോ വമ്പന്‍ പേരുകാരുള്ള ടീമുകളോ ഒന്നുമല്ല ഉസ്ബെക്കിസ്ഥാനും സിറിയയും. ഒന്നു ആഞ്ഞുപിടിച്ചാൽ വീഴാൻ മാത്രമെ അവരൊള്ളൂ.
ആസ്‌ട്രേലിയിക്കെതിരായ ആദ്യ മത്സരത്തിലെ ആദ്യ പകുതി തന്നെയാണ് ഈ ടൂർണമെന്റിലെ ഇന്ത്യയുടെ ഹൈലൈറ്റ്. ഗോൾ വഴങ്ങാതെ പിടിച്ചുനിൽക്കുക എന്ന തന്ത്രം വിജയിക്കുകയും ചെയ്തു. എന്നാൽ നീക്കം മനസിലാക്കിയ ആസ്‌ട്രേലിയ കളി മുറുക്കിയതോടെ ഇന്ത്യയുടെ പ്രതിരോധത്തിൽ വിള്ളൽ വിണു, ഫലമോ എതിരില്ലാത്ത രണ്ട് ഗോളുകളുടെ തോൽവിയും.
ആദ്യ മത്സരത്തിലെ പോരായ്മകളിൽ നിന്ന് പാഠം ഉൾകൊണ്ടുള്ള മുന്നേറ്റങ്ങൾ ഉസ്ബെക്കിസ്ഥാനെതിരായ രണ്ടാം മത്സരത്തിൽ കണ്ടില്ല. നാലാം മിനുറ്റിൽ തന്നെ ഇന്ത്യ ഗോൾ വഴങ്ങി, ആദ്യമെ ഒരു ഗോൾ വീണാൽ പരിഭ്രമിക്കുന്ന നിലയിലേക്ക് ഇന്ത്യ എത്തി. പതിനാല് മിനിറ്റുകൾക്കപ്പുറം രണ്ടാം ഗോളും ഇന്ത്യൻ വലയിൽ എത്തി.
മൂന്നാം ഗോളോടെ ഒന്നാം പകുതി തീർന്നു. ആദ്യ പകുതിയിൽ തന്നെ ഇന്ത്യയുടെ കയ്യിൽ നിന്ന് കളി പോയി എന്ന് വേണം പറയാൻ. എന്നാൽ ആശ്വാസ ജയം തേടിയാണ് ഇന്ത്യ സിറിയക്കെതിരെ ഇറങ്ങിയത്, അവിടെയും പിഴച്ചു. രണ്ടാം പകുതിയിൽ നേടിയ ഒരൊറ്റ ഗോളിന്റെ മികവിൽ സിറിയ ജയിച്ചു.
തന്ത്രങ്ങളെല്ലാം പരാജയപ്പെട്ട് ഇഗോർ സ്റ്റിമാക്ക്
2019 മുതൽ ഇന്ത്യയുടെ കോച്ചിങ് തലപ്പത്ത് സ്റ്റിമാക്ക് ഉണ്ട്. എന്നിട്ടും അദ്ദേഹത്തിന് കീഴിൽ ഏഷ്യയിലെ ഗ്ലാമർ ടൂർണമെന്റിൽ ഒരു ഗോൾ പോലും നേടാനായില്ല എന്നത് അമ്പരപ്പിക്കുന്നതാണ്. സ്റ്റിമാക്കിന്റെ തന്ത്രങ്ങളൊക്കെയും പരാജയപ്പെട്ടെന്ന വിലയിരുത്തലാണ് പൊതുവെ. പ്രതിരോധത്തിന് അമിത പ്രധാന്യം നൽകിയപ്പോൾ ഗോളടിക്കാൻ മറന്നു. ഇന്ത്യയുടെ മൂന്ന് മത്സരങ്ങളിൽ നിന്നായി ഷോട്ട് ഓൺ ടാർഗറ്റിലേക്ക് എത്തിയത് വിരലിലെണ്ണാവുന്ന ഷോട്ടുകളാണെന്ന് അറിയുമ്പോഴാണ് അത്ഭുതപ്പെടുക. കളിക്കാരെ യോജിച്ചതല്ലാത്ത പൊസിഷനുകളില്‍ നിര്‍ത്തി എന്നതും ഗുരുതര പിഴവാണ്.
ഇതോടെ പരിശീലകനെതിരെ രോഷം ഉയർന്നുകഴിഞ്ഞു. താരത്തെ പുറത്തക്കണമെന്ന തരത്തിൽ എക്‌സിൽ ഹാഷ്ടാഗ് സജീവമായി. എന്നാൽ ഇന്ത്യൻ ഫുട്‌ബോളിന്റെ ഉയർച്ചയ്ക്ക് ഇനിയും കഠിനാദ്ധ്വാനം ചെയ്യണമെന്നാണ് സ്റ്റിമാക് പറയുന്നത്. ശക്തമായ എതിരാളികളോട് മത്സരിച്ചാൽ മാത്രമെ ഇന്ത്യൻ ഫുട്‌ബോളിന് മുന്നോട്ട് പോകാൻ കഴിയൂവെന്നും താനാരു മാന്ത്രികനല്ലെന്നും തോൽവിയിൽ വിമർശിക്കുന്നവരോട് ക്ഷമയോടെ കാത്തിരിക്കാനെ പറയാൻ കഴിയൂവെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.
നായകൻ സുനിൽ ഛേത്രിയെ മുൻനിർത്തിയായിരുന്നു ഇന്ത്യ ആക്രമണങ്ങൾ മെനഞ്ഞിരുന്നത്. ഛേത്രിക്ക് തിളങ്ങാനായില്ല എന്ന് മത്രമല്ല താരത്തിലേക്ക് കാര്യമായി പന്ത് എത്തിയതുമില്ല. ചടുലമായ നീക്കങ്ങളൊന്നും മിഡ്ഫീൽഡർമാരിൽ നിന്ന് വന്നില്ല. ലാലിയൻസുവാല ചാങ്‌തെ, നരോം മഹേഷ് സിങ്, മൻവീർ സിങ്, അനിരുഥ് ഥാപ്പ, സുരേഷ് സിങ് വാങ്ജം എന്നിവരൊക്കെ അണിനിരന്നെങ്കിലും മുന്നേറ്റങ്ങൾക്ക് കാര്യമായ മൂർച്ച ഇല്ലാതെ പോയി. പരിക്കേറ്റ സഹൽ അബ്ദുൽ സമദിനാകട്ടെ അവസാന മത്സരത്തിൽ അതും പകരക്കാരനായി മാത്രമെ ഇറങ്ങാനായുള്ളൂ.
എന്നാൽ പ്രതിരോധത്തിൽ സന്തേഷ് ജിങ്കന്റെ നീക്കങ്ങൾ തളർച്ചയിലും ഇന്ത്യക്ക് ആശ്വാസമായി. തോറ്റമ്പിയതോടെ ഫിഫ റാങ്കിങിലും ഇന്ത്യക്ക് തിരിച്ചടിയായി. 117ലേക്ക് ഇന്ത്യ എത്തുമെന്നാണ് ഒടുവിലത്തെ വിവരം. ഈ ടൂർണമെന്റ് തുടങ്ങുന്നതിന് മുമ്പ് ഇന്ത്യ 102ലായിരുന്നു. ഇവിടെ നിന്നാണ് ഇന്ത്യ വീഴുന്നത്. 2026 ലോകകപ്പ് യോഗ്യതയിലേക്ക് പ്രതീക്ഷയോടെ പന്ത് തട്ടിക്കൊണ്ടിരിക്കുന്ന ഇന്ത്യയുടെ മൂർധാവിനേറ്റ അടിയായി ഏഷ്യാകപ്പിലേത്.
വിവാദങ്ങളും തളർത്തിയോ?
എഎഫ്‍സി ഏഷ്യൻ കപ്പ് യോഗ്യത മത്സരത്തിനുള്ള ഇന്ത്യൻ ഫുട്ബോൾ ടീമിനെ തിരഞ്ഞെടുക്കാൻ പരിശീലകൻ ഇഗോർ സ്റ്റിമാക് ജ്യോതിഷിയുടെ സഹായം തേടിയത് വിവാദമായിരുന്നു. 2022 ജൂണിൽ അഫ്ഗാനിസ്ഥാനെതിരായ നിർണായക മത്സരത്തിൽ ജ്യോതിഷിയുടെ ഉപദേശപ്രകാരം രണ്ട് പ്രധാന താരങ്ങളെ ടീമിന് പുറത്തിരുത്തിയതായും വാര്‍ത്തകള്‍ വന്നു.
കഴിവും ഫിറ്റ്‌നസും മാനദണ്ഡമാക്കപ്പെടേണ്ട കായിക മേഖലയിൽ ജ്യോതിഷിയുടെ ഉപേദേശം തേടിയത് അമ്പരപ്പോടെയാണ് ഫുട്‌ബോൾ പ്രേമികൾ കണ്ടത്. അന്ന് മുതലെ പരിശീലകനെതിരെ തിരിഞ്ഞതാണ് കായികപ്രേമികൾ. ഇത്തരത്തിലുള്ള കുതന്ത്രങ്ങളിലാണോ കോച്ചിന്റെ ശ്രദ്ധ എന്നായിരുന്നു അന്ന് ഉയര്‍ന്നിരുന്ന ചോദ്യം.
വലിയ വേദികളിൽ കൊണ്ടുംകൊടുത്തും കളിക്കാൻ ഇനിയും ഇന്ത്യൻ ടീം പഠിക്കേണ്ടിയിരിക്കുന്നു. അതിന് സ്റ്റിമാക്കിനെ മാറ്റിയത് കൊണ്ട് മാത്രം പരിഹാരമാകില്ല. അധികൃതരും എഴുന്നേറ്റെ പറ്റൂ. ഇന്ത്യൻ വേരുകളുള്ള താരങ്ങളെ ഇവിടെ കൊണ്ടുവന്ന് കളിപ്പിക്കേണ്ടതിന്റെ സാധ്യതകൾ ഇനിയും വൈകിക്കരുത്. സിറിയൻ ടീമിൽ വരെ വിദേശപൗരത്വം ഉള്ളവർ കളിക്കുന്നുണ്ട്. അവരുടെ പ്രതിരോധ നിരയിലെ കരുത്തൻ അയ്ഹാം ഔസു സ്വീഡിഷ് പൗരനാണ്. ഇങ്ങനെയുള്ള അവസരങ്ങൾ എന്ത് കൊണ്ട് നമുക്ക് ഉപയോഗിച്ച് കൂടാ?
പ്രതിഭകളെ ചെറുപ്പത്തിലെ കണ്ടെത്തി പ്രാപ്തരാക്കാനും മെനക്കെടണം. ഇതിന് മികച്ച അക്കാഡമികളും പരിശീലകരും അടിസ്ഥാന സൗകര്യങ്ങളും വേണം. പല രാജ്യങ്ങളും ഇത്തരത്തിൽ കുട്ടികളെ വളർത്തി വലുതാക്കി നേട്ടം കൊയ്തിട്ടുണ്ട്. ആ വഴിക്കുള്ള സാധ്യതകളും പരിശോധിക്കേണ്ടിയിരിക്കുന്നു.
Adjust Story Font
16